നാടിനുവേണ്ടി പോരാടിയ ധീരദേശാഭിമാനികളായ ഒരുപാട് പേരുടെ പോരാട്ട ചരിത്രം ഓര്‍മ്മപ്പെടുത്തുന്നതാണ് നമ്മുടെ കേരളമണ്ണ് പ്രത്യേകിച്ച് മലബാറിന്റെത്. കോട്ടക്കല്‍ കുഞ്ഞാലിമരക്കാറിന്റെ സംഭാവന അതില്‍ പ്രധാനമാണ്. അല്പം ചില കടലാസുകളില്‍ മാത്രം ചരിത്രം ഒതുങ്ങിനില്ക്കുന്നു എന്ന സാഹചര്യത്തില്‍ ചരിത്രത്തെ അറിയേണ്ടതും പഠിക്കേണ്ടതും ഇന്ന് കാലഘട്ടത്തിന്റെ അനിവാര്യതയായി തീര്‍ന്നിരിക്കുകയാണ്. അത്തരത്തില്‍ ചരിത്രത്തെ വിസ്മരിക്കുകയാണ് കുഞ്ഞാലിമരക്കാറിന്റെ കോട്ടക്കല്‍ ഭവനത്തിലൂടെ.
നാനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് കൊതുമ്പുവള്ളങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് രാജ്യത്താദ്യമായി കരുത്തുറ്റ നാവികസേനയെ വാര്‍ത്തെടുത്തതാണ് മരയ്ക്കാരുടെ ദേശം. പീരങ്കിയും, വെടിക്കോപ്പുമായി പത്തേമാരികളില്‍ എത്തിയ പോര്‍ച്ചുഗീസ് അധിനിവേശത്തെ ചെറുത്തുനിന്നതും ഈ മണ്ണിലെ ധീരന്മാര് തന്നെ.
കോട്ടക്കല്‍ ഭവനം
ഇന്ത്യന്‍ നാവികസേനയുടെ പൂര്‍വികരെന്ന് ആലേഖനം ചെയ്ത മരയ്ക്കാര്‍ സ്മാരകം ഇന്ത്യന്‍ നാവികസേനയാണ് നിര്‍മ്മിച്ചത്. ഇരുപതോളം പീരങ്കി ഉണ്ടകളും അഞ്ച് വാളുകളും അടങ്ങുന്ന ഒരു മ്യൂസിയവും 2004 ല്‍ കോട്ടക്കലിനായി സമര്‍പ്പിച്ചു. ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന കോട്ടക്കലിന്റെ പാരമ്പര്യത്തെ കുറിച്ച് ആളുകള്‍ അത്രബോധവാന്മാരല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മരയ്ക്കാന്മാരുടെ സങ്കേതമായിരുന്ന കോട്ടക്കല്‍ ദേശം ഇന്ന് അതേ കെട്ടിടങ്ങളോടുകൂടി കാണാന്‍ സാധിക്കില്ല എല്ലാം മണ്ണടിഞ്ഞുപോയിരിക്കുന്നു. എങ്കിലും കുറച്ച് മിനുക്കപ്പണികളോടുകൂടി ഭവനം ഇന്നും നിലനില്‍ക്കുന്നുണ്ട്. ഒപ്പം ഇരിങ്ങല്പാറയും വെള്ളിയാങ്കല്ലും അതേ തിളക്കത്തോടെ ചരിത്രത്തിന് സാക്ഷിയായുണ്ട്.
1531 ലാണ് കുഞ്ഞാലി സാമൂതിരിയുടെ സര്‍വ സൈന്യാധിപനായതെന്ന് ചരിത്രം ഓര്‍മ്മപ്പെടുത്തുമ്പോള്‍ ഇന്ത്യ കണ്ടതില്‍വെച്ച് ഏറ്റവും സമര്‍ത്ഥനായ അഡ്മിറല്മാരില് കുഞ്ഞാലിയെക്കാള് മറ്റൊരാളില്ലെന്നാണ് സര്‍ദാര്‍ കെ എം പണിക്കര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കേരളതീരം സംരക്ഷിക്കാനായി 1498 മുതല്‍ 1630 വരെ കുഞ്ഞാലിമരക്കാര്‍ നടത്തിയ പോരാട്ടങ്ങളുടെ ഫലമായി പോര്‍ച്ചുഗീസുകാര്‍ ഗോവയിലേക്കൊതുങ്ങുകയാണുണ്ടായത്.
ചരിത്രം
മരയ്ക്കാന്മാരുടെ ജന്മദേശം അറേബ്യയാണെന്നാണ് ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുള്ളത്. വ്യാപാരത്തിനുവേണ്ടി ക്രിസ്തുവര്‍ഷം ഏഴാം നൂറ്റാണ്ടില്‍ കേരളത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് കുടിയേറിപാര്‍ക്കുകയും കോഴിക്കോട് കപ്പലിറങ്ങിയ വ്യാപാരികളോട് നിങ്ങള്‍ എവിടെ നിന്ന് വരുന്നുവെന്ന് നാട്ടുകാര്‍ ചോദിക്കുകയും ചെയ്തു. ചോദ്യം മനസ്സിലാകാതെ അറബികള്‍ മര്‍ക്കബ എന്ന് പറഞ്ഞ് തോണി ചൂണ്ടിക്കാട്ടി. തോണി എന്നര്‍ത്ഥം വരുന്ന അറബിപദമാണ് മര്‍ക്കബ. ആ വാക്ക് പിന്നീട് മരയ്ക്കാര്‍ എന്നായി തീര്‍ന്നുവെന്നാണ് ഒരുപക്ഷം ചരിത്രകാരന്മാര് പറയുന്നത്.
എന്നാല്‍ മറിച്ച് സാമൂതിരി നല്കിയ സ്ഥാനപ്പേരാണ് മരയ്ക്കാര്‍ എന്നും ഒരുവിഭാഗം ചരിത്ര പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നുണ്ട്. സ്വഭാവത്തിലും ജീവിതചര്യയിലും മരയ്ക്കാന്മാര്ക്ക് അറബികളോടാണ് സാമ്യം. പുറമെ സിലോണിലും തമിഴ്നാട്, സേലം, തഞ്ചാവൂര്‍ ജില്ലകളിലും മരയ്ക്കാര്‍മാര്‍ കുടിയേറിയിരുന്നു.
മരയ്ക്കാര്‍ കുടുംബത്തിന്റെ അധിപന് സാമൂതിരി നല്കിയ സ്ഥാനപ്പേര് കുഞ്ഞാലി എന്നാണ്. രണ്ടാം സ്ഥാനത്തുള്ളവര്‍ക്ക് കുട്ടി ഹസ്സനെന്നും ചിഹ്നം എന്ന നിലയില്‍ കസവില്‍ തലക്കെട്ടും സമ്മാനിച്ചു.
മതേതരത്വത്തില്‍ വിശ്വസിച്ചുകൊണ്ടു ജീവിതം പുലര്‍ത്തിയ ആളാണ് കുഞ്ഞാലി. കടത്തനാട്ടില്‍ മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ കുഞ്ഞാലി നാലാമന് നടത്തിയ സേവനത്തിന്റെ സ്മാരകമാണ് മരയ്ക്കാര്‍ സ്മരണകള്‍ ഇരമ്പുന്ന ഇരിങ്ങല്‍ കോട്ടക്കല്‍ മുസ്ലീംപള്ളി. അങ്കത്തിനുപയോഗിച്ച വാളുകളും മറ്റും ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
അയിത്തവും തൊട്ടുകൂടായ്മയും കൊടികുത്തിവാണിരുന്ന കാലഘട്ടത്തില്‍ നാനാജാതി മതസ്ഥര്‍ക്കും കുഞ്ഞാലി തുല്യ പരിഗണനയായിരുന്നു നല്‍കിയിരുന്നത്. തൊട്ടുകൂടായ്മ നിലനില്‍ക്കുന്നതിനാല്‍ നാട്ടുരാജാക്കന്മാരുടെ പടയാളികള്‍ നായന്മാര് മാത്രമായിരുന്നു. എന്നാല്‍ കുഞ്ഞാലിമരയ്ക്കാന്മാരുടെ കപ്പല്‍പ്പടയില്‍ കൈകോര്‍ത്തത് നായന്മാരും ഈഴവരുമുള്പ്പെടെ നാനാജാതി മതസ്ഥരായിരുന്നു.