Home » നമ്മുടെ കോഴിക്കോട് » ബാബു ഭരദ്വാജ് അന്തരിച്ചു

ബാബു ഭരദ്വാജ് അന്തരിച്ചു

പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് അന്തരിച്ചു. . 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ വെച്ച് രാത്രി 9.30 നായിരുന്നു അന്ത്യം. വൃക്ക, ഹൃദയ സംബന്ധമായ രോഗങ്ങളാല്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കരള്‍ സംബന്ധമായ അസുഖം കൂടി പിടിപെട്ടതോടെ ആരോഗ്യനില കൂടുതല്‍ വിഷളാവുകയായിരുന്നു.
ഡൂള്‍ ന്യൂസിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
1948 ജനുവരി 15 ന് തൃശൂര്‍ മതിലകത്ത് ഡോ. എം.ആര്‍. വിജയരാഘവന്റേയും കെ.പി ഭവാനിയുടെയും മകനായാണ് ജനനം. കോഴിക്കോടിനടുത്ത് ചേമഞ്ചേരിയിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. മലാപ്പറമ്പിലെ ‘ഭൂമിക’യിലായിരുന്നു താമസം. പൊയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങിലായിരുന്നു വിദ്യാഭ്യാസം.

എസ്.എഫ്.ഐയുടെ പ്രഥമ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം. സംസ്ഥാന ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. ചിന്ത വീക്കിലി എഡിറ്റര്‍, കൈരളി ടീവിയുടെ ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, മീഡിയ വണ്‍ പ്രോഗ്രാം ചീഫ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2009 മുതല്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഏറെകാലം പ്രവാസി ജീവിതവും നയിച്ചിട്ടുണ്ട്.
രവീന്ദ്രന്‍ സംവിധാനം ചെയ്ത ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍’ എന്ന സിനിമയുടെ നിര്‍മ്മാതാവാണ്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത അന്യര്‍ എന്ന സിനിമയിലെ ‘മുണ്ടകപ്പാടത്തെ നാടന്‍ കുഞ്ഞേ…’ എന്ന ഗാനം രചിച്ചത് ബാബു ഭരദ്വാജ് ആണ്.
‘കലാപങ്ങള്‍ക്കൊരു ഗൃഹപാഠം’ എന്ന കൃതിക്ക് മികച്ച നോവലിനുള്ള 2006ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ‘പ്രവാസികളുടെ കുറിപ്പുകള്‍’ക്ക് അബുദാബി ശക്തി അവാര്‍ഡ് നേടിയിട്ടുണ്ട്.

പ്രവാസിയുടെ കുറിപ്പുകള്‍, പ്രവാസിയുടെ വഴിയമ്പലങ്ങള്‍, അദൃശ്യ നഗരങ്ങള്‍, പ്രവാസത്തിന്റെ മുറിവുകള്‍ (സ്മരണകള്‍), ശവഘോഷയാത്ര (ലഘു നോവല്‍), പപ്പറ്റ് തീയേറ്റര്‍ (ചെറുകഥാ സമാഹാരം), കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, കബനീനദി ചുവന്നത് (നോവല്‍), കണ്ണുകെട്ടിക്കളിയുടെ നിയമങ്ങള്‍, പഞ്ചകല്യാണി, മീന്‍ തീറ്റയുടെ പ്രത്യയശാസ്ത്ര വിവക്ഷകള്‍, ആന മയില്‍ ഒട്ടകം, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, ഗണപതി ചെട്ട്യാരുടെ മരണം, വഴിപോക്കന്റെ വാക്കുകള്‍, ബട്ടര്‍ കപ്പ് (കുട്ടികളുടെ നോവല്‍) അടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.

പി.കെ പ്രഭയാണ് ഭാര്യ. രേഷ്മ, ഗ്രീഷ്മ, താഷി എന്നിവരാണ് മക്കള്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജ് അധ്യാപകന്‍ ദിലീപ് രാജ്, അജയ് ജേക്കബ്( യു.എസ്.എ), അമിത് മരോളി എന്നിവര്‍ മരുമക്കളാണ്.

Leave a Reply