വര്‍ഷങ്ങളായുള്ള ആവശ്യത്തിനും കാത്തിരിപ്പിനുമൊടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്പെക്ട് ഗാമാ ക്യാമറ സ്ഥാപിക്കുന്നു. അഞ്ചരക്കോടി മുതല്‍ മുടക്കിയാണ് തൈറോയ്ഡ് കാന്‍സര്‍ നിര്‍ണയത്തിനും ചികിത്സയ്ക്കുമായി ആധുനിക സംവിധാനത്തോടെയുള്ള സ്പെക്ട് ഗാമാ ക്യാമറ സ്ഥാപിക്കുന്നത്. വിപ്രോജിഇ കമ്പനിയ്ക്കാണ് ഉപകരണം സ്ഥാപിക്കാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവൃത്തിയും കമ്പനിയുടെ മേല്‍നോട്ടത്തില്‍ നടക്കും.എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ മേല്‍നോട്ടത്തിലാണ് കരാര്‍ നടപടികള്‍ സ്വീകരിച്ചത്. മെഡിക്കല്‍ കോളജ് ആസ്ഥാനമായി കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനായി എം.കെ. രാഘവന് എംപിയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച പദ്ധതിക്ക് അനുവദിച്ച 44.5 കോടി രൂപയില്‍ ഉള്‍പ്പെടുത്തിയാണ് ഗാമ ക്യാമറയും സ്ഥാപിക്കുന്നത്.
ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ സ്പെക്ട് ഗാമാ ക്യാമറ സ്ഥാപിച്ച മെഡിക്കല്‍ കോളജ് എന്ന നേട്ടം കോഴിക്കോട് മെഡിക്കല്‍ കോളജിന് സ്വന്തമാകും.
തൈറോയ്ഡ് കാന്‍സര്‍ നിര്‍ണയത്തിനും ചികിത്സയ്ക്കുമായി പ്രതിമാസം ഇരുനൂറോളം പേര് മെഡിക്കല്‍ കോളജിലെത്തുന്നുണ്ട്. സ്പെക്ട് ഗാമ ക്യാമറയുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി രണ്ടു സ്വകാര്യ സ്ഥാപനങ്ങളെയാണ് രോഗികള്‍ ആശ്രയിക്കുന്നത്. ഫീസിനത്തില്‍ 5000 രൂപ മുതല്‍ 25,000 രൂപവരെയാണ് വിവിധ ചികിത്സയ്ക്ക് സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത്. മെഡിക്കല്‍ കോളജില്‍ സ്പെക്ട് ഗാമ ക്യാമറ വരുന്നതോടെ ചികിത്സാ ചെലവ് ഗണ്യമായി കുറയും. അതോടൊപ്പം രോഗികള്‍ക്ക് ഒരിടത്തു തന്നെ പരിശോധനയും ചികിത്സയും നടത്താനുമാവും.
സ്പെക്ട് ഗാമാ ക്യാമറ സ്ഥാപിക്കുന്നതുമായുള്ള പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതിനാവശ്യമായ വൈദ്യുതി നല്‍കുന്നതിനെ കുറിച്ചുള്ള വ്യക്തമായ നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല. മരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗമാണ് പാനല്‍ സ്ഥാപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാര്‍ നല്കി തുടര്‍ പ്രവര്‍ത്തനം നടന്നുവരികയാണെന്ന് ഇലക്ട്രിക്കല്‍ വിഭാഗം അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഗാമ ക്യാമറയ്ക്ക് വൈദ്യുതി കണക്ഷനുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് കെഎസ്ഇബി കോവൂര്‍ സെക്ഷന്‍ അധികൃതരുടെ വിശദീകരണം.