കേരളത്തിന്റെ തനതു ആയോധനകലയായ കളരി അതിന്റെ മാഹാത്മ്യം വിളിച്ചുണര്‍ത്തുന്നത് കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവുമാണ്. കളരിയുടെ ചരിത്രം വ്യത്യസ്ത ഐതിഹ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കളരിപ്പയറ്റിന് വേദങ്ങളോളം പഴക്കമുണ്ടെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം.
ദക്ഷിണേന്ത്യയില്‍, നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ കേരളം, കര്‍ണ്ണാടകം, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെല്ലാം ഏറെക്കുറെ സമാന സ്വഭാവമുള്ളതും പരസ്പരം ബന്ധമുള്ളതുമായ ആയോധന പരിശീലങ്ങളും ചികിത്സയും മറ്റും നടന്നതായി പറയപ്പെടുന്നു. തമിഴ്നാടുമായി ബന്ധപ്പെട്ട് പ്രദേശങ്ങളില്‍ അഗസ്ത്യമുനി വഴിയായി തുടര്‍ന്നു വരുന്ന ചികിത്സാരീതികളാണ് പ്രചാരത്തിലുള്ളത്. മര്‍മ്മചികിത്സ എന്ന പേരില്‍ നടക്കുന്ന ചികിത്സകള്‍ കളരിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്.
വ്യത്യസ്തങ്ങളായ പേരിലാണ് കളരി ഇന്നും അറിയപ്പെട്ടുകൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ രീതിയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. വിദ്യഭ്യാസത്തോടൊപ്പം തന്നെ കായികാഭ്യാസത്തിലുള്ള പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടത് ആവശ്യമാണെന്നതുകൊണ്ടു തന്നെ ഈ ആയോധനകല ഒരുപരിധിവരെ ഇപ്പോഴും നിലനിന്നു പോകുന്നുണ്ട്.
കളരിയുടെ പ്രാധാന്യം ഏറ്റവും കൂടുതല്‍ പ്രചാരത്തിലെത്തിച്ച പ്രദേശമാണ് കടത്തനാട്. ഇവിടെ മാത്രം നിലനിന്നിരുന്ന നീതിന്യായവ്യവസ്ഥ കളരികളുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമായി. അന്തിമവിധിക്കായി അങ്കംവെട്ട് നടത്തുകയും അതില്‍ വിജയിച്ച ചേകവന്റെ പക്ഷത്തിനനുകൂലമായി വിധിയുണ്ടാവുകയും ചെയ്യുന്ന വിചിത്രമായ ഒരു രീതിയായിരുന്നു ഇവിടെ.
അങ്കംവെട്ട് ചേകവന്റെ സുനിശ്ചിതതമായ അന്ത്യത്തിലേക്കു നയിച്ചു എന്നതിനാൽ പോരാട്ടങ്ങളെ ഏറ്റവും മൂര്ച്ചയുള്ളതുമായി എന്നും നിലനിര്ത്തേണ്ടിവരിക എന്നത് അങ്കച്ചേകവന്റെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. ഇതിനായി കളരികളെ നൂതനനമായി വിദ്യാവിനിമയ കേന്ദ്രങ്ങളാക്കി സംരക്ഷിച്ചുപോന്നിരുന്നു. ഫലത്തില്‍ കളരിവിദ്യ അതിന്റെ ഉന്നതിയില്‍ നിലനിൽക്കുകയും ചെയ്തു.
രണ്ടു സമ്പദായങ്ങളിലാണ് കളരിവിദ്യ ഇന്ന് പ്രധാനമായും അഭ്യസിച്ചുവരുന്നത്. അടിതട, ചുവടുകള്‍, മര്‍മ്മ അടങ്കൽ തുടങ്ങിയവക്ക് പ്രാധാന്യം നല്കുന്ന തെക്കന്‍ സമ്പ്രദായവും, അടവുകള്‍, വടിവ്, ആയുധ പയറ്റ്, മര്‍മ്മ ചികിത്സ എന്നിവക്ക് ഊന്നല്‍ നല്കുന്ന വടക്കന്‍ സമ്പ്രദായവുമാണവ. തെക്കൻ ശൈലിക്ക് സംഘകാലത്തോളം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.
കാലങ്ങളോളമായി പരിശീലിച്ചുവന്നിരുന്ന കളരിക്ക് കേരള സംസ്കാരത്തിന്റെ വലിയൊരു പാരമ്പര്യമുണ്ട്. എന്നാല്‍ ആധുനിക ആയോധനമുറകള്‍ ഏറെ പ്രസിദ്ധി നേടിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ കളരി പോലുള്ള കലകള്‍ അന്യംനിന്ന് പോകാൻ സാധ്യതയേറെയാണ്.