ഇന്ത്യ ആദ്യ ലോകക്കപ്പ് ക്രിക്കറ്റ് വിജയം ആഘോഷിച്ച 1983ല്‍ ഹരം കയറി ക്രിക്കറ്റ് കളിക്കാരനാകാന്‍ കൊയ്ത്തൊഴിഞ്ഞ വയലേലകളിലേക്കിറങ്ങിയ രമേശനാണ് എബ്രിഡ് ഷൈന്റെ നായകനെങ്കില്‍ ഇവിടെ കോഴിക്കോട് എടക്കാട് സ്വദേശി സി സന്തോഷ് കുമാറാണ് യഥാര്‍ത്ഥ നായകന്. ക്രിക്കറ്ററാകാന്‍ മോഹിച്ച 1983-ലെ നായകന് മകനെ ജില്ലാ ടീമിലെത്തിച്ചാണ് സായൂജ്യമടയുന്നതെങ്കില് ഇവിടെ സന്തോഷ് കുമാര്‍ 100ലധികം വരുന്ന കുട്ടികളെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കളിക്കാന്‍ പ്രാപ്തരാക്കിയ സന്തോഷത്തോടെ ഇപ്പോഴും മൈതാനത്ത് ക്രിക്കറ്റ് ബാറ്റും ബോളുമായി കര്‍മ്മ നിരതനാണ്. മീഞ്ചന്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എത്തിയപ്പോഴാണ് ജില്ലാ ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്ന സന്തോഷ് കുമാറിന്റെ മനസ്സില്‍ ക്രിക്കറ്റിടം പിടിക്കുന്നത്. 1983 ല്‍ തുടങ്ങിയ സന്തോഷിന്റെ ക്രിക്കറ്റ് എന്ന ലഹരി 53-ാം വയസ്സിലും കൂടുന്നു എന്നല്ലാതെ കുറയുന്നില്ലെന്ന് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ രാവിലെയും വൈകുന്നേരവും നടക്കുന്ന സസ്സക്സ് ക്രിക്കറ്റ് അക്കാദമിയുടെ ക്യാമ്പ് നേരിട്ടു കണ്ടാല്‍ ബോധ്യമാവും. ഒരു അക്കാദമിയിലും പോകാതെ ക്രിക്കറ്റ് പരിശീലിപ്പിക്കുവാനാവശ്യമായതെല്ലാം താല്പര്യം കൊണ്ട് മാത്രമാണ് പഠിച്ചെടുക്കാനായതെന്ന് സന്തോഷ് പറയുന്നു.
ജില്ല, സോണല്‍, സംസ്ഥാന തലങ്ങളില്‍ ക്രിക്കറ്റിന്റെ അഞ്ച് വ്യത്യസ്ത വിഭാഗത്തില്‍ അര്‍ഹത നേടുന്ന കുട്ടികളില്‍ സന്തോഷിന്റെ മിടുക്കന്മാരുണ്ടെന്നുറപ്പ്. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയോ, സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെയോ സഹായമില്ലാതെയാണ് സന്തോഷിന്റെ ഈ ഒറ്റയാള്‍പോരാട്ടം. 33 വര്‍ഷത്തിനിടെ എന്തു ലാഭം എന്ന് ചോദിച്ചാല്‍ സന്തോഷ് ചിരിച്ചു കൊണ്ട് പറയും 35 ലക്ഷത്തോളം രൂപയുടെ നഷ്ടം. പക്ഷേ അതിനുമപ്പുറം വിവിധതലങ്ങളിലായി ക്രിക്കറ്റില്‍ ഒരു കൂട്ടം പ്രതിഭകളെ സംഭാവന ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷം അത് പറഞ്ഞറിയിക്കാനാവാത്തതാണ്.
മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മാനേജ്മെന്റും യൂണിയനും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഹരിദാസുമെല്ലാം സഹായിക്കുന്നതിനാല്‍ 7 വര്‍ഷമായി ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ട് തന്നെയാണ് പരിശീലന കേന്ദ്രം. കോണ്‍ക്രീറ്റ്, ടര്‍ഫ്, ക്ലേ തുടങ്ങി വിവിധ പിച്ചുകളിലെല്ലാം പരിശീലിക്കാനുള്ള നെറ്റ് സൗകര്യമുണ്ട്. നിരവധി ടൂര്‍ണ്ണമെന്റില്‍ സസ്സക്സിന്റെ താരങ്ങള്‍ ഇതിനകം തന്നെ ജേതാക്കളായി കഴിഞ്ഞു. മാസം 400 രൂപ മാത്രമാണ് പരിശീലനത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്നത്. 9 വയസ്സു മുതല്‍ 14 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ യൂണിവേഴ്സിറ്റി താരങ്ങള്‍ വരെ സന്തോഷിന്റെ ക്യാമ്പിലുണ്ട്. പാവപ്പെട്ട മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് കളിക്കാനാവശ്യമായതെല്ലാം നല്‍കുന്നുണ്ട്. ക്രിക്കറ്റില്‍ ശോഭിക്കാനാകും എന്ന് ബോധ്യപ്പെടുന്ന ഘട്ടം വരെ അക്കാദമി തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് കളിക്കാനാവശ്യമായതെല്ലാം നല്‍കും. അതിന് ശേഷം കുട്ടികള്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രം ക്രിക്കറ്റ് കിറ്റ് വാങ്ങിയാല്‍ മതി. കെട്ടിട നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന സന്തോഷിന്റെ ക്രിക്കറ്റ് കമ്പത്തിന് പിന്തുണയുമായി ഒരു പറ്റം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സദാസമയവുമുണ്ട്. സന്തോഷ് കുമാറിന്റെ പരിശീലന മികവ് കേട്ടറിഞ്ഞ് മലപ്പുറം, വയനാട് തൊടുപുഴ എന്നിവിടങ്ങളില്‍ നിന്നെല്ലാം കുട്ടികള്‍ ക്യാമ്പിലെത്തുന്നു്. സമ്മര്‍ കോച്ചിങ്ങ് ക്യാമ്പില്‍ ഇതിനകം 100ഓളം വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. 30 ദിവസത്തെ ക്യാമ്പിന് 1500 രൂപയാണ് ഈടാക്കുന്നത്. തന്റെ ജീവിതത്തിലെ പ്രധാന സമയം മുഴുവന്‍ ക്രിക്കറ്റിനു വേണ്ടി മാറ്റി വെക്കുന്ന കോഴിക്കോടിന്റെ സ്വന്തം ഗുരു പറയുന്നത് കേള്‍ക്കുക. നിങ്ങളില്‍ ക്രിക്കറ്ററുടെ എന്തെങ്കിലും ഒരു കഴിവുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങളെ ഒരു നല്ല ക്രിക്കറ്റ് താരമാക്കി മാറ്റിതരാം… 33 വര്‍ഷത്തെ അനുഭവത്തില്‍ നിന്നും സന്തോഷ് പറയുമ്പോള്‍ വിശ്വസിച്ചല്ലേ പറ്റൂ