മലയാളത്തിലെ ജനപ്രിയ നായകനും പ്രേമത്തിലൂടെ ജനപ്രിയയായ മഡോണയും ഒന്നിക്കുന്ന ചിത്രം, ജനപ്രിയ ഇരട്ട സംവിധാകര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം. റാംജി റാവു സ്പീക്കിംഗിനെ മനസില്‍ ഓര്‍ത്താണ് ചിത്രത്തിന് ടിക്കറ്റെടുത്തത്. തട്ടുവളിപ്പന്, ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള കോമഡിയും മുഖത്ത് വരുത്തുന്ന പ്രത്യേക തരം ഗോഷ്ഠികളും മലയാളികള്‍ക്ക് മടുത്തു തുടങ്ങിയെന്ന് അടുത്തകാലത്ത് ദിലീപ് തിരിച്ചറിഞ്ഞു തുടങ്ങി എന്ന തെറ്റായ ധാരണയും പ്രേമത്തിലൂടെ യുവാക്കളുടെ മനസ് കീഴടക്കിയ മഡോണ സെബാസ്റ്റിയന് നായികയായി മുഴുനീള കഥാപാത്രമാകുന്നുവെന്നതും കൂടിയായപ്പോള്‍ രാവിലെ തന്നെ തിയറ്ററിലേക്ക് പോകാനുള്ള തീരുമാനം തീവ്രമാക്കി. കിംഗ് ലയര്‍ അഥവാ രാജ നുണയന് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ സത്യ നാരായണന് എന്ന നരനെ അവതരിപ്പിക്കുന്നത് സാക്ഷാല്‍ ദിലീപാണ്. ജനപ്രിയ നായകന്റെ പ്രകടനം സഹിച്ചിരിക്കാമെങ്കിലും പ്രതീക്ഷയ്ക്കൊത്തുയരാന്‍ സമീപകാല ദിലീപ് ചിത്രങ്ങളിലേത് പോലെ ദിലീപിന് സാധിക്കുന്നില്ല. നുണകള്‍ മാത്രം പറഞ്ഞ് ശീലിച്ച പെരും നുണയന്റെ വീര സാഹസിക തട്ടിപ്പുകളുടെ കഥ. തൊഴില്‍ എന്തായാലും ദിലീപ് കഥാപാത്രങ്ങളുടെ ആത്യന്തികമായ ജോലി വേര്‍പിരിഞ്ഞവരെ ഒന്നിപ്പിക്കല്‍ ആയതിനാല്‍ കിംഗ് ലയറിലും പതിവ് തെറ്റിയില്ല. കൂട്ടത്തില്‍ സ്വന്തം പ്രേമവും വിജയിപ്പിച്ച് നായകനും നായികയും സസുഖം ജീവിക്കുന്നു. നുണകള്‍കൊണ്ട് സാമ്രാജ്യങ്ങള്‍ കെട്ടിപടുത്ത് അതില്‍ നിന്നും ലാഭം കൊയ്ത് ജീവിക്കുന്ന പതിവ് ദിലീപ് കഥാപാത്രം.
രണ്ട് മണിക്കൂര്‍ 38 മിനിറ്റ് ദൈര്‍ഘ്യമുള്ള കിംഗ് ലയറില്‍ കേന്ദ്ര കഥാപാത്രം വിദ്യാഭ്യാസം കുറഞ്ഞ സത്യനാരായണന് അതിബുദ്ധിമാനും വാക്സാമര്ത്ഥ്യമുള്ളവനുമാണ്. എത്ര കള്ളം പറഞ്ഞിട്ടാണെങ്കിലും വിചാരിച്ച കാര്യം നേടിയെടുക്കുന്ന ബഹു മിടുക്കന്. അല്ലറ ചില്ലറ തട്ടിപ്പിലൂടെ മുന്നോട്ട് പോകുന്ന സത്യനാരായണന് തന്റെ പ്രേമഭാജനത്തെ കണ്ടെത്തുന്നതോടെ വഴിത്തിരിവാകുന്നു. പിന്നീട് സത്യനാരായണന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളും എത്തിപ്പെടുന്ന കഥാപാത്രങ്ങളും ചേര്‍ന്നതാണ് ചിത്രം. അഞ്ജലി എന്ന നായിക കഥാപാത്രത്തെ മഡോണ അവതരിപ്പിച്ചിരിക്കുന്നു. സദാ മണ്ടത്തരങ്ങളും തമാശകളും മാത്രം പറഞ്ഞ് നായകന് കൈത്തരിപ്പ് തീര്‍ക്കാനുള്ള ആന്റപ്പന് എന്ന കഥാപാത്രത്തെ ബാലു അവതരിപ്പിക്കുന്നു. ചിത്രത്തിലുടനീളം പ്രേക്ഷകരുടെ ഇഷ്ടം നേടാനും വെറുപ്പിക്കാതിരിക്കാനും ബാലുവിന് സാധിച്ചിട്ടുണ്ട്. വിഡി ഡിസൈന്‍സ് എന്ന കമ്പനിയുടെ ഉടമകളിലൊരാളായ ആനന്ദ് വര്‍മ്മയായി ലാലും ദേവിക വര്‍മ്മയായി ആശാശരത്തും മികച്ച പ്രകടനം കാഴ്ചവച്ചു.
നായകനു പ്രേമിക്കാനുള്ള പുട്ടി ഇട്ട നായിക, നായകനു ഇടയ്ക്കും തലയ്ക്കും കരണം അടിച്ചുപൊട്ടിക്കാനുള്ള സന്തത സഹചാരി, കോമഡിയ്ക്ക് വേണ്ടി മാത്രം ഇടയ്ക്കിടെ കയറിവരുന്ന ചില കഥാപാത്രങ്ങള്‍ ഇവരെല്ലാം ചെസ്റ്റ് നമ്പര്‍ വിളിക്കുമ്പോള്‍ എന്ന കണക്കിന് പറഞ്ഞിട്ട് പോകുന്ന കോമഡികള്‍(ചിരിക്കണോ കരയണോ എന്ന് പ്രേക്ഷകര്‍ക്ക് തീരുമാനിക്കാം)അങ്ങനെ ഒരു ശരാശരി സമീപകാല ദിലീപ് ചിത്രം മാത്രമായിപോയി കിംഗ് ലയര്‍. സമീപകാലത്ത് തിയറ്ററുകളെ ഇളക്കി മറിച്ച ഹരീഷ് പെരുമണ്ണയുടെ കഥാപാത്രമാണ് ഏറ്റവും നിരാശ്ശയാണ് സമ്മാനിച്ചത്.
നായകന് കുറെ നുണകള്‍ പറയുന്നു. അതെല്ലാം കേട്ടുനില്ക്കുന്ന മറ്റ് കഥാപാത്രങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങുന്നു. അതിലൂടെ കഥ മുന്നേറുന്നു. ഇതെല്ലാം കണ്ട് വാ പൊളിച്ച് തിയറ്റര്‍വിടുന്ന പ്രേക്ഷകര്‍ വിഡ്ഢികളുമാകുന്നു. ഏപ്രില്‍ രണ്ടിന് പകരം ഒന്നിന് ചിത്രം റിലീസ് ചെയ്തിരുന്നെങ്കില്‍ ഈ വിഡ്ഢിയാക്കപ്പെടലിന് ഒരു ഔചിത്യം കൂടിയുണ്ടായേനെ.