പരസ്യങ്ങള്‍ മേല്ക്കും മേല്‍ ഒട്ടിച്ച് വൃത്തികേടാക്കിയ അരയിടത്തു പാലം മേല്‍പ്പാലത്തിന്റെ തൂണുകള്‍ക്ക് ഇനി വഴിയാത്രക്കാരോട് ചില കഥകള്‍ പറയാനുണ്ട്. വര്‍ണങ്ങള്‍ ചാലിച്ച മനോഹരമായ കഥകളായിരിക്കും അതുവഴി കടന്നു പോകുന്ന ഓരോ യാത്രക്കാരനും വായിച്ചെടുക്കാനാവുക. കാരണം പരസ്യങ്ങള്‍ ഒട്ടിച്ച് വൃത്തികേടായ തൂണുകളല്ല ഇപ്പോള്‍ അരയിടത്ത് പാലത്തിന്റേത്. പരസ്യങ്ങള്‍ നീക്കി കഴുകി വൃത്തിയാക്കി മനോഹരമായ ചിത്രങ്ങള്‍ നിറഞ്ഞ ക്യാന്‍വാസാക്കി തൂണുകളെ മാറ്റിയിരിക്കുന്നു.
കംപാഷനേറ്റ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം സന്നദ്ധപ്രവര്‍ത്തകരാണ് തൂണുകള്‍ക്ക് പുതിയ മുഖം നല്‍കിയത്. സിനിമയുടെയും മറ്റു പരിപാടികളുടെയുമെല്ലാം നോട്ടീസ് ഒട്ടിച്ചു വൃത്തികേടാക്കിയ ഈ പാലത്തിന്റ തൂണുകളിലെ കടലാസുകള്‍ ചുരണ്ടിയെടുത്ത്, കഴുകി വൃത്തിയാക്കിയതിനു ശേഷം പെയിന്റടിച്ചു. ഇതിനായി നഗരത്തിന്റെ വിവിധ കോളജുകളില്‍ നിന്നും മറ്റു സംഘടനകളില്‍ നിന്നും ഒട്ടേറെപ്പേര്‍ എത്തി. രണ്ട് ഘട്ടമായി വൃത്തിയാക്കിയ തൂണുകള്‍ ഇനി വൃത്തികേടാക്കരുതെന്ന അഭ്യര്ഥനയാണ് നഗരവാസികളോട് പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്.