പുതുതായി വൈദ്യുതീകരിച്ച ഷൊറണൂര്‍ മംഗലാപുരം പാതയില്‍ വൈദ്യുത തീവണ്ടികളോടിക്കാന് നിര്‍ദ്ദേശം വന്ന സാഹചര്യത്തില്‍ സബ്സ്റ്റേഷനുകള്‍
പൂര്‍ത്തിയാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. വൈദ്യുതീകരിച്ച ഷൊറണൂര്മംഗലാപുരം പാതയില്‍ ഏഴ് യാത്രാ തീവണ്ടികള്‍ വൈദ്യുത എന്‍ജിനില്‍ ഓടിക്കാനാണ് നിര്‍ദേശം.
ഷൊറണൂരിലും കണ്ണൂര്‍ സൗത്തിലും മാത്രമേ ഇപ്പോള്‍ വൈദ്യുതിയെടുക്കാന്‍ സബ്സ്റ്റേഷനുകള്‍ പൂര്‍ത്തിയായിട്ടുള്ളൂ. ഈ സംവിധാനം വെച്ച് ഇത്രയും തീവണ്ടികള്‍
വൈദ്യുതി എന്‍ജിനില്‍ എങ്ങനെ ഓടിക്കുമെന്ന കാര്യം വ്യക്തമല്ല. ഷൊറണൂരിനും കണ്ണൂരിനും ഇടയില്‍ എലത്തൂരും തിരൂരുമാണ് സബ്സ്റ്റേഷനുകള്‍ പൂര്‍ത്തിയാവാനുള്ളത്. ഷൊറണൂര്കല്ലായി റൂട്ടില്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ ചരക്കുതീവണ്ടികള്‍ വൈദ്യുതി എന്‍ജിനില്‍ ഓടിച്ചിരുന്നു.
ഷൊറണൂരില്‍ നിന്ന് അധിക വൈദ്യുതിയെടുത്തായിരുന്നു ഇത്.
കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരംകോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സുകള്‍ ഞായറാഴ്ചമുതല്‍ വൈദ്യുതി എന്‍ജിനില്‍ ഓടിത്തുടങ്ങിയിരുന്നു. എറണാകുളം-കണ്ണൂര്‍, കണ്ണൂര്‍-എറണാകുളം, ആലപ്പുഴ-കണ്ണൂര്‍, കണ്ണൂര്‍-ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസുകള്‍, എറണാകുളം-കണ്ണൂര്‍, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസുകള്‍, കോയമ്പത്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ എന്നീ തീവണ്ടികള്‍ വൈദ്യുതി എന്‍ജിനില്‍ ഓടിക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്.
വൈദ്യുതീകരണജോലികള്‍ പൂര്‍ത്തിയായിട്ടും പാതയില്‍ വൈദ്യുതത്തീവണ്ടി ഓടിക്കാത്തത് ചര്‍ച്ചയായിരുന്നു. ഇതേത്തുടര്‍ന്നാണ് അടിയന്തരമായി ഏഴ് തീവണ്ടികളെങ്കിലും ഓടിക്കണമെന്ന് നിര്‍ദേശമെത്തിയത്.