ബേപ്പൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് വര്‍ഗ്ഗീയ പ്രചരണത്തിന് ശ്രമിക്കുന്നു എന്നാരോപിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നു. നിലവില്‍ ഒരു മുസ്ലീം മേയര്‍ ജില്ലക്കുണ്ടെന്നും ഇനി ഒരു മുസ്ലീം എംഎല്‍എ കൂടെ വേണമെന്നും ഒരു സമുദായ നേതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന കെസി അബുവിന്റെ പ്രസംഗത്തിനെതിരെയാണ് ബിജെപി സ്ഥാനാര്‍ത്ഥികൂടിയായ അഡ്വ. കെ പി പ്രകാശ് ബാബു തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്. ഫറോക്കില്‍ വെച്ച് നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വെച്ചായിരുന്നു കെ സി അബുവിന്റെ ഈ പരാമര്‍ശം.
ആദം മുല്‍സി ജയിച്ചാല്‍ മുസ്ലീം മേയറെ നഷ്ടപ്പെടില്ലെന്ന് സമുദായ നേതാവ് തന്നോട് പറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അബുവിന്റെ പ്രസംഗം. ഡിസിസി പ്രസിഡന്റ് കെസി അബു രണ്ടാം ജിന്നയാവാന് ശ്രമിക്കുകയാണെന്ന് പ്രകാശ് ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വര്‍ഗ്ഗീയ പ്രചരണത്തിനെതിരെ യുവമോര്‍ച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീനെ സമീപിക്കും. ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കണമെന്നും അറിയിച്ചു.
