Home » ഇലക്ഷന്‍ » ബേപ്പൂര്‍ എന്ന ഇടത് കോട്ട തകരുമോ?

ബേപ്പൂര്‍ എന്ന ഇടത് കോട്ട തകരുമോ?

കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ അഞ്ച് സീറ്റ് നേടി ബിജെപി കരുത്ത് കാട്ടിയപ്പോള്‍ മുതല്‍ ഇടത് കേന്ദ്രങ്ങളില്‍ പോലും ഉള്ള ആശങ്കയാണിത്. കേന്ദ്രഭരണത്തിന്റെ തണലില്‍ സംഘപരിവാര്‍ കേരളത്തില്‍ നിലമെച്ചപ്പെടുത്താന്‍ ഒരുങ്ങുമ്പോള്‍ അതില്‍ പ്രധാനമായും ലക്ഷ്യംവെക്കുന്ന ഒന്നാണ് മാറാട് ഉള്‍പ്പെടുന്ന ബേപ്പൂര്‍ നിയമസഭാ മണ്ഡലം. ആര്‍ എസ്സ് എസ്സിന്റെ രാഷ്ട്രീയ മൂശ്ശയില്‍ വാര്‍ത്തെടുത്ത തിരക്കഥയുടെ വിജയമാണ് മാറാട്, ബേപ്പൂര്‍ പോര്‍ട്ട്, ബേപ്പൂര്‍ എന്നീ ഡിവിഷനുകളിലെ നേട്ടമെന്ന് കാണാം. ബിജെപി ജയിച്ച 5 ല്‍ 3 ഉം തീരദേശ മേഖലയടങ്ങുന്ന ഡിവിഷനുകളാണ്.

ബേപ്പൂര്‍ എന്ന ഇടത് കോട്ട തകര്‍ക്കാന്‍ 1987 ല്‍ കോലീബി സ്ഥാനാര്‍ത്ഥിയായി ഡോ. മാധവന്‍കുട്ടിയെ രംഗത്തിറക്കിയ പരീക്ഷണം പാളിയെങ്കിലും സംഘപരിവാര്‍ ശ്രമം ഉപേക്ഷിച്ചിരുന്നില്ല. കോലീബി സഖ്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പാര്‍ട്ടിക്ക് പുറത്തായ മുകുന്ദന്‍ പുനപ്രവേശനവും പ്രതീക്ഷിച്ചിരിക്കുന്ന പുതിയ രാഷ്ട്രീയ കാലാവസ്ഥയിലും ആര്‍ എസ്എസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മാറാട് കലാപപരമ്പരയുടെ വിളവെടുപ്പിന്റെ യഥാര്‍ത്ഥ സമയമായെന്ന് കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പോടെ ആര്‍ എസ് എസിന് ബോധ്യമായിട്ടുണ്ട്. ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ പുതുതായി രണ്ട് നഗരസഭകളാണുള്ളത്. ഫറോക്കും രാമനാട്ടുകരയും. ശേഷിക്കുന്നത് കടലുണ്ടി പഞ്ചായത്തും കോര്‍പ്പറേഷനിലെ 40 മുതല്‍ 53 വരെയുള്ള വാര്‍ഡുകളുമാണ്.
രാമനാട്ടുകര, കടലുണ്ടി പഞ്ചായത്തുകള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് ആണ് ഭരിക്കുന്നത്. എന്നാല്‍ ഫറോക്ക് രണ്ട് വിമതരുടെ പിന്തുണയോടെ യുഡിഎഫ് ഭരിക്കുന്നു.
ഫറോക്ക് നഗരസഭയില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായി എന്നതും ശ്രദ്ധേയമാണ്. കോര്‍പ്പറേഷനിലെ 3 സീറ്റും ഫറോക്കിലെ ഒരു സീറ്റുമടക്കം നാല് സീറ്റുകളാണ് ബേപ്പൂര്‍ നിയമസഭാമണ്ഡലത്തില്‍ ബിജെപിക്കുള്ളത്.
1965ല്‍ രൂപം കൊണ്ട ബേപ്പൂര്‍ ഒറ്റത്തവണ മാത്രമാണ് ഇടതുപക്ഷത്തെ കൈവിട്ടത്. 1977ല്‍ കോണ്‍ഗ്രസ്സിലെ എന്‍ പി മൊയ്തീനാണ് ജയിച്ചത്. അതേ മൊയ്തീന്‍ തന്നെ 1980 ല്‍ ഇടത് സ്ഥാനാര്‍ത്ഥിയായി ജയിച്ചു.
എന്നാല്‍ സമീപകാലത്തുണ്ടായ വോട്ടുനിലയിലെ കുറവാണ് ഇടത് ക്യാമ്പിനെ ആശങ്കയിലാക്കുന്നത്.2006-ല്‍ 19,618 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച എളമരം കരീമിന്റെ ഭൂരിപക്ഷം 2011 ല്‍ 5316 ആയി കുറഞ്ഞു. 2014 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തിന്റെ ഭാഗമായ ബേപ്പൂര്‍ പതിവ് പോലെ ഇടതിനൊപ്പം നിന്നെങ്കിലും 2009നെയും 2011 നെയും അപേക്ഷിച്ച് നില പരിതാപകരമാണ്. ഇടത് വലത് വോട്ടില്‍ 4000ത്തിന് മേല്‍ വ്യത്യാസമുണ്ടായിരുന്നത് 2014ല്‍ 1768 വോട്ടായി കുറഞ്ഞു. ബിജെപിയുടെ വോട്ടുകള്‍ ക്രമാനുഗതമയി കൂടി വരുന്നതും മണ്ഡലത്തിന്റെ പ്രത്യേകതയാണ്. അതുവരെ 13000ത്തില്‍ താഴെ വോട്ടുണ്ടായിരുന്നത് 18,031 ആയി കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കെപി ശ്രീശന് 11,040 വോട്ടാണ് നേടിയിരുന്നതെങ്കില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 26000ത്തിലധികം വോട്ടുകള്‍ ബിജെപിക്കുണ്ടെന്നാണ് പാര്‍ട്ടിയുടെ കണക്ക്.

എളമരം കരീമിന് പകരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തിരിക്കുന്ന ജനകീയനായ വികെസി മമ്മദ് കോയയെ തന്നെ രംഗത്തിറക്കി ഇടത് ക്യാമ്പ് പോരാടുമ്പോള്‍ കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥിയായി ആദംമുല്‍സി തന്നെയാണ് യുഡിഎഫിന്റെ സാരഥി. നിരവധി സമരമുഖങ്ങളില്‍ നഗരത്തിന് പരിചിതനായ യുവമോര്‍ച്ച നേതാവ് അഡ്വ. കെപി പ്രകാശ് ബാബുവിനെ തന്നെ രംഗത്തിറക്കി ബിജെപിയും മണ്ഡലത്തില്‍ സജീവമായിക്കഴിഞ്ഞു. ചെങ്കോട്ട പിടിക്കാന്‍ വലതുപക്ഷവും പുതിയ സഖ്യപ്രതീക്ഷയില്‍ ബിജെപിയും അവസാന തന്ത്രവും പയറ്റാനിറങ്ങുമ്പോള്‍ തീരദേശ മേഖലയില്‍ ഇടതിന് അടിപതറുമോ എന്നാണ് അറിയാനുള്ളത്.

Leave a Reply