കേരളത്തിന്റെ പഴയകാല കാര്‍ഷിക പാരമ്പര്യത്തിലേക്ക് മലയാളികള്‍ തിരിച്ചുപോകുന്നു എന്നതിന് ഉദാഹരണമാണ് കോഴിക്കോട് ജില്ലയുടെ റെക്കോഡ് പച്ചക്കറി വിളവെടുപ്പ് തെളിയിക്കുന്നത്. ജില്ലയില്‍ ഇത്തവണ വലിയ തോതിലുള്ള ഉത്പാദന വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കൃഷിവകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2643 ഹെക്ടര്‍ സ്ഥലത്താണ് ജില്ലയില്‍ പച്ചക്കറി കൃഷി നടത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ 2398 ഹെക്ടര്‍ സ്ഥലത്തായിരുന്നു കൃഷി നടത്തിയത്. 31,025 മെട്രിക് ടണ്‍ കൃഷി പച്ചക്കറിയാണ് കഴിഞ്ഞ വര്‍ഷം ഉല്‍പ്പാദിപ്പിച്ചതെങ്കില്‍ ഇത്തവണ 34,818 മെട്രിക് ടണ്‍ പച്ചക്കറി ഉല്‍പ്പാദനമാണ് പ്രതീക്ഷിക്കുന്നത്്. ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും പച്ചക്കറി കൃഷി നടത്തുന്നുണ്ട്. ചേളന്നൂര്‍ ബ്ലോക്കിലെ കാക്കൂര്‍, തലക്കളത്തൂര്‍, കുന്നമംഗലം, പെരുമണ്ണ,കാരശ്ശേരി, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിലാണ് വന്‍തോതില്‍ കൃഷി നടക്കുന്നത്.
കൊയിലാണ്ടി നഗരസഭയില്‍ 44 വാര്‍ഡുകളിലായി 12 ഏക്കറോളം സ്ഥലത്ത് കൃഷി നടക്കുന്നുണ്ട്. ഇതു കൂടാതെ ഒട്ടേറെ പഞ്ചായത്തുകളും കുടുംബശ്രീ യൂണിറ്റുകളും രാഷ്ട്രീയ പാര്‍ട്ടികളും അയല്‍ക്കൂട്ടങ്ങളും പച്ചക്കറി കൃഷിചെയ്യാന്‍ മുന്നോട്ടെത്തിയിട്ടുണ്ട്.
ഇതോടൊപ്പം വിപണിയില്‍ ജൈവപച്ചക്കറി കൃഷി ചന്തകളും സജീവമായുണ്ട്. അല്‍പ്പം ചില പച്ചക്കറികള്‍ ഒഴിച്ച് മറ്റെല്ലാ സാധനങ്ങളും കൃഷി ചെയ്ത് വിപണിയിലെത്തുന്നുണ്ട്.
പച്ചക്കറികളിലെ അമിത വിഷാംശങ്ങശുടെ ഉപയോഗം ജനങ്ങളെ വലിയ രോഗങ്ങള്‍ക്ക് അടിമപ്പെടുത്തുന്ന സാഹചര്യത്തിലാണ് കൈവിട്ടുപോയ കാര്‍ഷിക സംസ്കാരത്തെ വീണ്ടെടുക്കാനായി യുവതലമുറയടക്കം എല്ലാവരും രംഗത്തെത്തിയിരിക്കുന്നത്. വിഷരഹിത പച്ചക്കറി കഴിക്കുക എന്ന ലക്ഷ്യത്തെ നാടെങ്ങും ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ് മലയാളികള്‍.