കോഴിക്കോട് ബീച്ചിന്റെ സൗന്ദര്യം കാണാന്‍ എത്തുന്നവര്‍ക്ക് ഇനി ബീച്ച് കേവലം ഒരു കടലോരക്കാഴ്ച മാത്രമായിരിക്കില്ല, സാഹസിക ജലവിനോദങ്ങള്‍ കൂടി ബീച്ചില്‍ കൊണ്ടുവരികയാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍. സാഹസികതയും വിനോദവും ഒരു പോലെ ഇഷ്ടപ്പെടുന്ന യുവതലമുറക്ക് ഏറെ ആവേശം നല്‍കുന്നതാണ് പുതിയ പദ്ധതി. ആഞ്ഞടിക്കുന്ന തിരമാലകളെ നോക്കി നില്‍ക്കാതെ ഇനി തിരകളോടൊപ്പം സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി പുതിയ വാതായനങ്ങള്‍ തുറന്നിടുകയാണ് കോഴിക്കോട് ബീച്ച്. ജില്ലാ ഭരണകൂടവും തുറമുഖ വകുപ്പും ഡിടിപിസി എന്നിവയുമായി സഹകരിച്ച് എരോത്ത് വാട്ടര്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സിന്റെ നേതൃത്വത്തിലുള്ള പരിപാടി വിനോദ സഞ്ചാരരംഗത്ത് കോഴിക്കോട് ബീച്ചിന് പുതിയ മുഖംനല്കുമെന്ന കാര്യം ഉറപ്പായി. അവധി ദിവസങ്ങള്‍ ഇനി ജലവിനോദങ്ങളോടൊപ്പം ആസ്വദിക്കാനൊരുങ്ങുകയാണ് കോഴിക്കോട്ടുകാര്‍.
വെറുതെ കാഴചകള്‍ കണ്ടു നടക്കുക എന്നതിനപ്പുറത്തേക്ക് ടൂറിസ്റ്റുകള്‍ക്ക് ആവേശമുണര്ത്താനായാണ് കേരളത്തിലെ ബീച്ചുകള്‍ക്ക് ഒരു മാതൃകയെന്നോണം അഡ്വഞ്ചര്‍ സ്പോര്‍ട്സ് പോലുള്ള പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഗോവയിലും ആന്‍ഡമാന്‍ ദ്വീപുകളിലും തായ്ലന്ഡിലുമെല്ലാം സാഹസികയാത്രകരെ ആവേശത്തിരകളിലുയര്ത്തുന്ന സാഹസിക ജലവിനോദങ്ങള്‍ കോഴിക്കോട് നിവാസികളും മനസ്സ് നിറഞ്ഞ് ആസ്വദിക്കുകയാണ്. രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് വരെ സാഹസിക പ്രേമികള്‍ക്ക് വിവിധയിനങ്ങള്‍ പരീക്ഷിക്കാം. മഴക്കാലം കഴിയുന്നതോടു കൂടി സഞ്ചാരപ്രിയര്‍ക്കായി കൂടുതല്‍ റൈഡുകള്‍ എത്തിതുടങ്ങും. കൂടാതെ വെള്ളത്തനടിയിലെ സൗന്ദര്യം ആസ്വദിക്കുന്നതിനായി സ്കൂബ ഡൈവിങ് സ്നോര്‍ക്കലിങ്ങ് തുടങ്ങിയ പരിപാടികളും തുടങ്ങാന്‍ പദ്ധതിയുണ്ട്. തിരകളെ കീറിമുറിച്ച് പായുന്ന വാട്ടര്‍ ബൈക്ക്, മണലിലൂടെ ചാഞ്ഞും ചരിഞ്ഞും ഓടുന്ന ക്വാഡ് ബൈക്ക്, ആവേശവേഗത്തില്‍ കുതിക്കുന്ന സ്പീഡ് ബോട്ട് റൈഡ് എന്നിങ്ങനെ പോകുന്നു ജലാഘോഷത്തിന്റെ വിവിധ ഇനങ്ങള്‍. ഫ്ലൈ ബോര്‍ഡ്, ബനാന റൈഡ്, റിങ്കോ റൈഡ്, ബോര്‍ഡ് സ്കീയിങ്, വാട്ടര്‍ സ്ലൈഡ്, ബീച്ച് ചെയര്‍, ബാര്‍ബി ക്യൂ എന്നിവയും എത്തും. വിനോദത്തോടൊപ്പം സുരക്ഷക്കും ഒരേ പോലെ പ്രാധാന്യം നല്‍കിയാണ് പദ്ധതി ആരംഭിക്കുന്നത്. ഏറെ തിരക്കേറിയ കോഴിക്കോട് ബീച്ചില്‍ ഇത്തരം പദ്ധതികള്‍ എത്തുന്നത് വിനോദസഞ്ചാരികള്‍ക്കും ഒപ്പം കോഴിക്കോട്ടുകാര്‍ക്കും പുതിയ പ്രതീക്ഷയാണ് നല്‍കുക.