‘ വേനലില്‍ പൂത്തു നില്ക്കുന്ന വൃക്ഷം
ആരെയാണ് ഇപ്പോഴും കാത്തു നില്‍ക്കുന്നത്.
കൂടൊഴിഞ്ഞ ശിഖരങ്ങള്‍
ആരെയാണ് മാടി വിളിക്കുന്നത്.
മണ്ണിലേക്ക് ഒഴുകിപ്പോയ വേരുകള്‍
ആരെയാണിപ്പോഴും അന്വേഷിച്ചു നടക്കുന്നത്.
നീ ചോദിച്ച ചോദ്യങ്ങള്‍
ദൈവം എന്നോടും ചോദിക്കുന്നു.
എന്റെ നിശബ്ദതയുടെ മുകളിലേക്ക്
ആ വേനല്‍മരം മുറിഞ്ഞു വീഴുന്നത്
ഞാനറിയുന്നു. ‘
ലെബനോണ് നദിയുടെ തീരത്തിരുന്ന് ഖലീല്‍ ജിബ്രാന് കുറിച്ചിട്ട വരികളാണിത്. തന്റെ പ്രണയിനിയെ പ്രകൃതിയുടെ വന്യ സൗന്ദര്യത്തോട് ചേര്‍ത്ത് വെച്ച് വര്‍ണിച്ച ജിബ്രാന്റെ ഈ വരികളാണ് ആറളത്തെ വൃക്ഷലതാതികളും കുളിര്‍ക്കാറ്റും ഓര്‍മ്മപ്പെടുത്തുന്നത്.
ആറളത്തിന്റെ യാത്രാനുഭവം പങ്കുവെക്കുന്നു അനൂപ് കെ ദാസ്
കേരളത്തിന്റെ വടക്കേ അറ്റത്ത് 55 ച.കി.മിയില്‍ പടര്‍ന്നു കിടക്കുന്ന് വന്യജീവി സങ്കേതമാണ് ആറളം. അപൂര്‍വ്വയിനം ചിത്രശലഭങ്ങളുടേയും പക്ഷികളുടേയും ഉള്‍പ്പെടെ വന്യജീവികളുടെ കേന്ദ്രമായ ആറളം സഞ്ചാരികളെ മാടി വിളിക്കുന്നു. ഉരുളന്‍ കല്ലുകളിലും നീര്പ്പടര്പ്പുകളിലും തട്ടി കാടിനെ തഴുകി ഒഴുകിയെത്തി മന്ദസ്മിതം തൂകുന്ന ചീങ്കണ്ണിപ്പുഴ സ്വാഗതമരുളുന്നു… ആര്‍ദ്ര ഇലപൊഴിയും കാടിന് മാര്‍ച്ചിലെ കത്തുന്ന വെയിലിലും മങ്ങലേറ്റിട്ടില്ല. ഗരുഡശലഭം മുതല്‍ രത്നനീലി വരെ പാറി നടക്കുന്ന കാട് ഓര്‍മ്മകളിലേക്ക് സഞ്ചരിക്കാനുള്ള തൂക്കുപാലമാകുന്നു.ഓരോ യാത്രയും സഞ്ചാരിയില്‍ അറിവും തിരിച്ചറിവും അനുഭവവും ഉമേമഷവും പകരുന്നു.തീര്‍ച്ചയായും ആറളവും ഒരുക്കിവെച്ചിട്ടുണ്ട് , നിറമുള്ള ഒരുപിടി സമ്മാനങ്ങള്‍.
ആറളം വന്യജീവി സങ്കേതം
കണ്ണൂരിന്റെ ജീവനാഡിയാണ് ആറളം. ലക്ഷക്കണക്കിനാളുകള്‍ക്ക് കുടിവെള്ളം പകരുന്ന വളപട്ടണം പുഴയെ ജലസമ്പന്നമാക്കുന്നത് ആറളത്തിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴയാണ്. ആറളത്തെ കാട്ടില്‍ നിന്നാരംഭിക്കുന്ന 167 അരുവികള്‍ ചീങ്കണ്ണിപ്പുഴയ്ക്ക് ജീവന് പകരുന്നു. അങ്ങനെ കണ്ണൂര്‍ ദാഹമകറ്റുന്നു. വടക്ക് കര്‍ണാടകത്തിലെ ബ്രഹ്മഗിരി മലനിരകളും കിഴക്ക് വയനാട് വന്യജീവി സങ്കേതവും പടിഞ്ഞാറ് ആറളം ഫാമും തെക്ക് ഭാഗത്ത് ചീങ്കണ്ണിപ്പുഴയും അതിരിടുന്ന ആറളം 1984 ല്‍ ആണ് വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെടുന്നത്.പശ്ചിമ ഘട്ടത്തില്‍ മാത്രം കാണുന്ന അപൂര്‍വ്വമായ ജൈവവൈവിധ്യത്തിന്റെ കലവറയാണ് ആറളം. സമുദ്രനിരപ്പില്‍ നിന്ന് 60 മുതല്‍ 1589 മീറ്റര്‍ വരെയാണ് ഉയരം. 1589 മീറ്റര്‍ ഉയരത്തില്‍ പാറക്കെട്ടുകളാല്‍ സമ്പന്നമായി നില്ക്കുന്ന അമ്പലപ്പാറ മഴമേഘങ്ങളുടെ കൂട്ടുകാരിയാണ്. വേനലില്‍ വറ്റിവരളാതെയും മഴക്കാലത്ത് കരകവിഞ്ഞും ഒഴുകുന്ന ചീങ്കണ്ണിപ്പുഴയില്‍ സഞ്ചാരികളുടെ മനം കവരാന്‍ രണ്ട് വെള്ളച്ചാട്ടമുണ്ട്. മീന്മുട്ടിയും ചാവിച്ചിയും. 253 ഇനം പൂമ്പാറ്റകള്‍, 240 ഇനം പക്ഷികള്‍, 55 ഇനം ഓര്‍ക്കിഡുകള്‍. മത്സ്യങ്ങള്‍, രാജവെമ്പാലയും മൂര്‍ഖനും ആനയും കടുവയും കുരങ്ങും ഉള്‍പ്പെടെ സമ്പന്നമാണ് ആറളത്തിന്റെ ആര്‍ദ്ര ഇലപൊഴിയും കാട്.
കാട്ടിലേക്ക്
വന്യജീവി സങ്കേതത്തിന്റെ കവാടം മുതല്‍ മീന്മുട്ടി വെള്ളച്ചാട്ടം വരെ നീളുന്ന 15 കിലോമീറ്റര്‍ ജീപ്പ് യാത്രയാണ് ഏറ്റവും ആകര്‍ഷകം. ചീങ്കണ്ണിപ്പുഴയോരംപറ്റി ഇരുവശത്തേയും മരക്കൂട്ടങ്ങള്‍ക്കും വള്ളിപ്പടര്പ്പുകള്ക്കുമിടയിലൂടെയുള്ള യാത്ര ആരുടേയും മനം കവരും. മുളങ്കാടും കാട്ടരുവികളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വൃക്ഷത്തലപ്പുകളും അതിലെ കിളിക്കൂടുകളും കണ്ടുള്ള യാത്ര. 15 കിലോമീറ്റര്‍ പിന്നിട്ടാല്‍ മീന്‍മുട്ടിയെ അനുഭവിക്കാം.മീന്മുട്ടിയില് നിന്ന് ശുദ്ധജലം മോന്തി മലിനമാകാത്ത വായു ശ്വസിച്ച് അല്പം വിശ്രമിക്കുകയുമാകാം. കാടിനെ അറിഞ്ഞ് പെരുമാറിയാല്‍ യാത്രയില്‍ വന്യമൃഗത്തെ കാണാനും ആറളം ആഥിത്യമരുളും.
സെപ്തംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് ആറളത്തെ സീസണ് എങ്കിലും കടുത്ത വേനലിലും വറ്റാതെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴ സഞ്ചാരികള്‍ക്ക് സദാ സ്വാഗതമോതികൊണ്ടിരിക്കും. മാര്‍ച്ച് മുതല്‍ മെയ് വരെ ബ്രഹ്മഗിരി മലനിരകള്‍ കടുത്ത വരള്‍ച്ചയെ നേരിടുമ്പോള്‍ ആനയുള്‍പ്പെടെ വന്യമൃഗങ്ങള്‍ ചീങ്കണ്ണിയെ തേടിയെത്തും.വന്യമൃഗങ്ങളെ കാണാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുക്കും. അതിനാല്‍ ഏത് കാലവും ആറളത്തിന് വഴങ്ങുമെന്ന് ചുരുക്കം. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.5 മണിക്കു മുന്‍പ് കാട്ടില്‍ നിന്ന് തിരിച്ചിറങ്ങണം. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് കാടിറങ്ങുമ്പോള്‍ മറ്റൊന്നു കൂടിയാവാം. ചീങ്കണ്ണിപ്പുഴയില്‍ ഒരു കുളി. മലിനീകരിക്കപ്പെടാത്ത ജലം അനുഗ്രഹാശിസ്സുകള്‍ പകരും.
വഴി
തലശ്ശേരിയില്‍ നിന്ന് കൂത്തുപറമ്പ് ഇരിട്ടി വഴി ആറളം ഫാമിലെത്താം. അവിടെ നിന്ന് 7 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് വന്യജീവി സങ്കേതത്തിന്റെ കവാടത്തില്‍.
താമസം
വളയച്ചാലിലെ വനം വകുപ്പ് ഓഫീസിനോട് ചേര്‍ന്ന് ഡോര്‍മെട്രിയും റൂമുമുണ്ട്. നിശ്ചിത തുക നല്കി ബുക്ക് ചെയ്താല്‍ താമസത്തിന് ബുദ്ധിമുട്ടില്ല.