മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ വഴി സമര്‍പ്പിച്ച തിരുവമ്പാടി വിമാനത്താവള പദ്ധതിക്ക് അനുമതി. തിരുവമ്പാടി വിമാനത്താവളം കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. അംഗീകാരത്തിനായി കാത്തുകിടക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 17 വിമാനത്താവളങ്ങളുടെ പട്ടികയില്‍ തിരുവമ്പാടിയുമുണ്ട്. കരിപ്പൂര്‍ എയര്‍പോര്‍ട്ട് മുന്‍ ഡയറക്ടര്‍ വിജയകുമാര്‍ ആണ് തിരുവമ്പാടി വിമാനത്താവളത്തിന്റെ സാധ്യതാ പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. സ്വകാര്യ കൃഷി ഭൂമി ഏറ്റെടുക്കാതെ ഇന്‍ഡസ്ട്രിയില്‍ എസ്റ്റേറ്റ് ഭൂമി മാത്രമേറ്റെടുത്ത് വിമാനത്താവളം നിര്‍മിക്കാമെന്ന പ്രത്യേകതയാണ് തിരുവമ്പാടിയെ ശ്രദ്ധേയമാക്കുന്നത്. സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ പറ്റാത്തതിനാല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ വികസനം അസാധ്യമായതും നിര്‍മാണം അവസാനഘട്ടത്തിലായ കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കിറങ്ങാന്‍ വേണ്ടവിശാല സൗകര്യം ഇല്ലാത്തതും തിരുവമ്പാടിയുടെ സാധ്യത വര്‍ധിപ്പിച്ചു.
തിരുവമ്പാടി റബര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള തിരുവമ്പാടി റബര്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത് വിമാനത്താവളം നിര്‍മിക്കുക എന്ന പദ്ധതിയാണ് മുന്നോട്ടുവച്ചത്. തിരുവമ്പാടി നീലേശ്വരം എന്നീ രണ്ട്ഡി വിഷനുകളിലായി 2150 ഏക്കര്‍ സ്ഥലമാണ് എസ്റ്റേറ്റിനുള്ളത്. തിരുവമ്പാടി, കോടഞ്ചേരി, മുക്കം പഞ്ചായത്തുകളിലായാണ് ഈ ഭൂമി ഉള്ളത്. ഇന്‍ഡസ്ട്രിയല്‍ പ്ലാന്റേഷന് ഭൂമി ആയതിനാല്‍ ഏറ്റെടുക്കലിനു നിയമ തടസ്സങ്ങളില്ല. എസ്റ്റേറ്റ് ഉടമകള്‍ക്ക് ന്യായമായ വിലയും തൊഴിലാളികള്‍ക്ക് മാന്യമായ നഷ്ടപരിഹാരവും നല്കി ഭൂമി ഏറ്റെടുക്കല്‍ നടത്താം. കൂടുതല്‍ സ്ഥലം ആവശ്യമുണ്ടെങ്കില്‍ എസ്റ്റേറ്റിന് സമീപമുള്ള ചില സ്വകാര്യ വ്യക്തികളുടെ എസ്റ്റേറ്റും വിമാനത്താവളത്തിനു വേണ്ടി വിട്ടുകൊടുക്കാന്‍ തയാറായിട്ടുണ്ട്. 300 ഏക്കറിന് അടുത്ത് വിസ്തീര്‍ണം ഉള്ള കെടിസി ഗ്രൂപ്പിന്റെ കല്‍പ്പക എസ്റ്റേറ്റും വേണമെങ്കില്‍ ഏറ്റെടുക്കാന്‍ കഴിയും.
ഹൈദ്രാബാദ് വിമാനത്താവളം നിര്‍മിച്ച റെഡ്ഡി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സാധ്യതാ സര്‍വേ നടത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് സ്ഥലം ഏറ്റെടുക്കല്‍
പ്രതിസന്ധിയിലായതിനാല്‍ ഇനി വികസനം അസാധ്യമായിത്തീരുന്ന അവസ്ഥയാണ്. വലിയ വിമാനങ്ങള്‍ക്കിറങ്ങാനുള്ള റണ്‍വെ വികസനം നടക്കാത്തതിനാല്‍ ഡൊമസ്റ്റിക് വിമാന സര്‍വീസ് നടത്തുന്ന സ്ഥലമായി കരിപ്പൂര്‍ മാറുമെന്ന് വ്യവസായലോകം വിലയിരുത്തുന്നു.
ഈ സാഹചര്യത്തിലാണ് വലിയ വിമാനങ്ങള്‍ക്കിറങ്ങാന്‍ സൗകര്യമുള്ള പുതിയ വിമാനത്താവളം എന്ന ആശയത്തിന് കൂടുതല്‍ അംഗീകാരം ലഭിക്കുന്നത്. മൂന്നൂറ് ഏക്കറിനടുത്താണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വിസ്തൃതി. വലിയ ചരക്ക് വിമാനങ്ങള്‍ക്കിറങ്ങാന്‍ സൗകര്യമുള്ള വിമാനത്താവളം ഉണ്ടാകുകയാണെങ്കില്‍ മാത്രമെ വ്യാപാര മേഖലയ്ക്ക് നേട്ടം കൊയ്യാന്‍ സാധിക്കു എന്ന് മനസിലാക്കിയ മലബാറിലെ വാണിജ്യലോകവും പുതിയ വിമാനത്താവളം എന്ന ആശയത്തിന് പ്രാധാന്യം കൊടുക്കുന്നു. സര്‍ക്കാര്‍ –സ്വകാര്യ പങ്കാളിത്തത്തോടെ നെടുമ്പാശ്ശേരി മാതൃകയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുക എന്ന ആശയമാണ് സാധ്യതാ പഠനത്തില്‍ ഉള്ളത്. 1000 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. നാഷനല്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് സാധ്യതാ പഠന റിപ്പോര്ട്ട്സ സമര്‍പ്പിച്ചിരിക്കുകയാണ് .
തിരുവമ്പാടി വിമാനത്താവള നിര്മാണത്തിനുണ്ടാകാവുന്ന പ്രതിസന്ധികളും പരിഹാര മാര്‍ഗങ്ങളും സജീവ ചര്‍ച്ചക്ക് വിധേയമായിട്ടുണ്ട്. തിരുവമ്പാടി എസ്റ്റേറ്റ് രണ്ട് ഡിവിഷനായി ഉള്ളത് മൂന്ന് പ്രദേശങ്ങളിലായാണ് കിടക്കുന്നത്. തിരുവമ്പാടി പഞ്ചായത്തില്‍ ഉള്ള തിരുവമ്പാടി ഡിവിഷന് 1000 ഏക്കര്‍ വരും. നിലേശ്വരം ഡിവിഷന് കോടഞ്ചേരി, മുക്കം,തിരുവമ്പാടി പഞ്ചായത്തുകളിലായാണ് കിടക്കുന്നത്. ഇതിന്റെ നടുവിലൂടെയാണ് ഇരുവഞ്ഞിപ്പുഴ ഒഴുകുന്നത്.
പുഴയുടെ വേര്‍തിരിവിനെ മറികടക്കാന്‍ വലിയ പാലം നിര്‍മിക്കുക എന്ന ആശയമാണുള്ളത്.
പല വന്‍കിട വിമാനത്താവളങ്ങളും പുഴയുടെ സമീപത്താണുള്ളതെന്നു പഠനസംഘം സൂചിപ്പിക്കുന്നുണ്ട്. ആയിരം ഏക്കറില്‍ മാത്രം വിമാനത്താവളം ഒരുക്കുകയാണെങ്കില്‍ താഴെ
തിരുവമ്പാടി ഭാഗത്തുള്ള ആയിരം ഏക്കര്‍ ഇല്ലാതെ നീലേശ്വരം ഡിവിഷന് മാത്രമായി
ഏറ്റെടുത്താലും മതി. ഈ രണ്ട് ഡിവിഷനുകളും ബന്ധിപ്പിക്കുന്നത് തോട്ടത്തിന്‍കടവ് വഴിയാണ്. ഈ സ്ഥലങ്ങള്‍ കൂട്ടിയോജിപ്പിക്കുവാനുള്ള പ്രായോഗിക നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ട്.
വിമാനത്താവളത്തെ തന്നെ 2 സെക്ഷനുകളായി തിരിച്ചുള്ള രൂപരേഖയും തയാറാക്കിയിട്ടുണ്ട്.
എസ്റ്റേറ്റിലെ അഞ്ഞുറോളം വരുന്ന സ്ഥിരം തൊഴിലാളികളുടെ പ്രശ്നം പരിഹരിച്ചെങ്കില്‍ മാത്രമേ ഭൂമി ഏറ്റെടുക്കല്‍ നടക്കു. ഇതിനുള്ള പദ്ധതിയും നടപ്പാക്കണം.
റബറിന്റെ വിലയിടിവു മൂലം എസ്റ്റേറ്റ് ലാഭകരമല്ലാത്ത സാഹചര്യത്തില്‍ മറ്റ് മാര്‍ഗങ്ങളെ കുറിച്ച് എസ്റ്റേറ്റ് മാനേജ്മെന്റ് ചിന്തിക്കുന്ന സാഹചര്യം കൂടിയാണ്.
എസ്റ്റേറ്റിലെ തിരുവമ്പാടി ഡിവിഷനിലെ ഭൂമിയുടെ ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള
കേസില്‍ കോടതി തീര്‍പ്പു കല്പിച്ചതിനാല് നിയമപ്രശ്നങ്ങള്‍ ഇല്ലാതെ തന്നെ സ്ഥലമെടുപ്പ് നടത്താന്‍ കഴിയും. എസ്റ്റേറ്റിന്റെ നടുവിലൂടെ മൈസുരു – നിലമ്പൂര്‍ പവര്‍ലൈന്‍ കടന്നുപോകുന്നു എന്ന പ്രശ്നവുമുണ്ട്. എന്നാല്‍, 6–7 കോടി രൂപ മുടക്കിയാല്‍ ഈ ഭാഗത്തെ പവര്‍ലൈന്‍ കേബിള്‍ വഴി അണ്ടര്‍ ഗ്രൗണ്ട് ആക്കുവാന് സാധിക്കും എന്ന നിര്‍ദേശമാണുള്ളത്. തിരുവമ്പാടി, കോടഞ്ചേരി വില്ലേജുകളെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ദുര്‍ബലപ്രദേശം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വിമാനത്താവളത്തിന് അനുമതി ലഭിച്ചാല്‍ പിന്നീട് നടക്കുന്ന പരിസ്ഥിതി ആഘാത പഠനത്തിലൂടെ പ്രദേശത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് സംരംഭകരും കോഴിക്കോട്ടെ വ്യവസായലോകവും . പരിസ്ഥിതി സൗഹൃദ വിമാനത്താവളം എന്ന ആശയത്തെയാണ് തിരുവമ്പാടി വിമാനത്താവളം മുന്നോട്ട് വയ്ക്കുന്നത്. അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ വലിയ വിമാനങ്ങള്‍ക്കിറങ്ങാന്‍ സൗകര്യമുള്ള അന്തരാഷ്ട്ര വിമാനത്താവളം മലബാറിലുണ്ടായേ തീരു. ഇതിന് ഏറ്റവും സാധ്യതയുള്ള പ്രദേശം എന്ന നിലയിലാണ് തിരുവമ്പാടി പരിഗണിക്കപ്പെടുന്നത്. തിരുവമ്പാടിയില്‍ വിമാനമിറങ്ങുമോ എന്ന കാര്യം ഏതാനും നാളുകള്‍ക്കുള്ളില്‍ തീരുമാനിക്കപ്പെടും.