Home » കലാസാഹിതി » സിനിമാക്കൊട്ടക » കേരളം ലീല കാണുമ്പോള്‍

കേരളം ലീല കാണുമ്പോള്‍

ഉണ്ണി ആര്‍ന്‍റെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത   ‘ലീല’ ഇന്നലെ മുതല്‍ തീയ്യേറ്ററുകളിലെത്തി. പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ‘ലീല’യെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിപേര്‍ എത്തിയിട്ടുണ്ട്.

ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ നിരവധി ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ചിത്രമാണെന്നും,   ഒരു ചെറുകഥയെ സിനിമാ രൂപത്തിലേക്ക്‌ മാറ്റുക എന്നത്‌ ക്ഷണത്തിൽ നിസാരമായിത്തോന്നിയേക്കാമെങ്കിലും. ‘ലീല’ പോലെ ശ്രദ്ധേയമായ ഒരു സൃഷ്ടിയെ വർത്തമാനത്തിലേക്ക്‌ പറിച്ചുനടുക എന്നതിൽ, മൂല്യശോഷണമുൾപ്പെട്ട ചില വെല്ലുവിളികൾ ഉണ്ട്‌. എങ്കിലും  അതിനെയെല്ലാം അതിജീവിക്കുക എന്ന ശ്രമകരമായ ദൗത്യത്തിൽ  സിനിമ പൂർണ്ണമായും വിജയിച്ചു എന്ന്  ചിലപ്രക്ഷകര്‍ പറയുന്നു.

എന്നാല്‍ അതേ സമയം  സിനിമ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്താതെ  നിരാശപ്പെടുത്തിയതിനാല്‍ സിനിമയെ കൊന്ന് കൊലവിളിക്കുന്ന പോസ്റ്റുകളും ഉണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റുകളില്‍ ചിലത്

ജോമോന്‍ തിരുന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ലീല » A RETROSPECT

▶ഇതൊരു സൂപ്പർതാര ചിത്രമല്ല. നിർമ്മാണത്തിനായി കോടികൾ ചിലവഴിക്കപ്പെട്ടിട്ടില്ല. ഫാൻസിന്റെ  ഗീർവ്വാണങ്ങളില്ല, പ്രൊമോഷനുകളുമില്ല. എന്നിട്ടും മലയാള സിനിമാ സ്നേഹികളിൽ വലിയ ഒരു കൂട്ടം ആളുകൾ ഈ ചിത്രത്തിനായി അക്ഷമരായി കാത്തിരുന്നു. കാരണമെന്തായിരിക്കും? ആവേശജനകമായ എന്തായിരിക്കും ഈ ചിത്രത്തിലുണ്ടായിരിക്കുക? ചിത്രത്തിന്റെ ശിൽപ്പികളിലുള്ള വിശ്വാസ്യത തന്നെ.!

■ആദ്യമായി മറ്റൊരാളുടെ തിരക്കഥയിൽ രഞ്‌ജിത്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഉണ്ണി ആർ രചിച്ച, ‘ലീല’ എന്ന ചെറുകഥയുടെ പുനരാഖ്യാനമാണ്‌. എന്നാൽ, സിനിമാരൂപത്തിലേക്കെത്തുമ്പോൾ ലീല എന്ന കഥയും ലീല എന്ന സിനിമയും രണ്ടായി നില്‍ക്കുമെന്ന് സംവിധായകനിൽ നിന്നും കേട്ടിരുന്നു. തീർച്ചയായും, വലിയ പ്രതീക്ഷയോടുകൂടിത്തന്നെ ഞാൻ തിയെറ്ററിലേക്കെത്തി.

»SYNOPSIS
■ഒരു മണിക്കൂർ 44 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം, കോട്ടയത്തെ കുടമാളൂരിൽ താമസിക്കുന്ന കുട്ടിയപ്പന്റെ കഥയാണ്‌. അവിശ്വസനീയമാം വിധം വിചിത്രമായ ചിന്താഗതികൾക്കുടമയാണ്‌ കുട്ടിയപ്പൻ. സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ സമീപനരീതികളൊക്കെ ബഹുരസമാണ്‌. അദ്ദേഹത്തിന്റെ മനസിൽ ഉടലെടുത്ത, ഒരു ഭ്രാന്തമായ ഒരു മോഹമാണ്‌ ഈ ചിത്രത്തിന്റെ ഇതിവൃത്തം.

👥CAST & CREW
■അത്ഭുതപ്പെടുത്തുന്ന സ്വഭാവവിശേഷതകളുള്ള വ്യക്തിയായ കുട്ടിയപ്പനെ അവതരിപ്പിക്കുന്നത്‌ ബിജു മേനോൻ. വെള്ളിമൂങ്ങയിലെ മാമച്ചൻ എന്ന കഥാപാത്രം നിങ്ങളെ മുൻപ്‌ ചിരിപ്പിച്ചിട്ടുണ്ടാവുമല്ലോ, എങ്കിൽ ‘കുട്ടിയപ്പൻ’ നിങ്ങളെ തീർച്ചയായും അത്ഭുതപ്പെടുത്തിയിരിക്കും. മോഹൻലാലിൽ നിന്നും മമ്മൂട്ടിയിൽ നിന്നും, മുരളീ ഗോപിയിൽ നിന്നും ശങ്കർ രാമകൃഷ്ണനിൽ നിന്നും വഴുതിയെത്തിയ ഈ വേഷം, ബിജു മേനോന്റെ കൈകളിൽ ഭദ്രമായിരുന്നു.

■പാർവ്വതി നമ്പ്യാരാണ്‌, ‘ലീല’എന്ന് വിളിക്കപ്പെടുന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ വേഷം അവതരിപ്പിച്ച പാർവ്വതി, തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു.

■കുട്ടിയപ്പന്റെ സന്തതസഹചാരിയായ ‘പിള്ളയച്ഛൻ’ എന്ന കഥാപാത്രത്തെ വിജയരാഘവൻ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ വേഷം ഇതായിരിക്കും. പിള്ളയച്ചന്റെ നോട്ടവും, ചിരിയും, എന്തിന്‌ കൈകൾ കൂട്ടിയടിക്കുന്നതുപോലും വ്യത്യസ്ഥമായിരുന്നു. ദാസപ്പാപ്പി എന്ന കഥാപാത്രത്തെ ഇന്ദ്രൻസും അതിഗംഭീരമായ രീതിയിൽ അവതരിപ്പിച്ചു. ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ നമ്മെ നിരന്തരം വെറുപ്പിച്ചുകൊണ്ടിരിക്കുന്ന മുൻ കോമഡി നടനായ ജഗദീഷിന്റെ പ്രകടനങ്ങൾ വാക്കുകൾക്കതീതമാണ്‌.

■വി.കെ ശ്രീരാമൻ, സുധീർ കരമന, പ്രിയങ്ക, സുരേഷ്‌ കൃഷ്ണ, കൊച്ചുപ്രേമൻ തുടങ്ങിയവരാണ്‌ പ്രാധാന്യമുള്ള മറ്റ്‌ അഭിനേതാക്കൾ.

🎵🎧MUSIC & ORIGINAL SCORES
■ഇന്ന്, മലയാളിത്തനിമയുള്ള ഗാനങ്ങൾ ഏറ്റവും കൂടുതൽ സൃഷ്ടിക്കുന്ന, ഏറ്റവും മികച്ച യുവസംഗീതസംവിധായകൻ എന്ന് വിശേഷിപ്പിക്കാവുന്ന ബിജിപാലാണ്‌, ചിത്രത്തിന്റെ സംഗീതം. ബിജുമേനോൻ ആലപിച്ച “വട്ടോളം വാണിയാരേ കേട്ടുകൊൾക” എന്നുതുടങ്ങുന്ന ഗാനം  ശ്രോതാക്കളെ രസിപ്പിക്കും. കഥാപാത്രങ്ങൾ വയനാട്ടിലേക്കെത്തുമ്പോഴുള്ള
യാത്രാമദ്ധ്യേയും, തുടർന്നും പശ്ചാത്തലത്തിൽ കേൾക്കുന്ന ഈണം ഹൃദയഭേദകമാണ്‌. ക്ലൈമാക്സിനോടടുക്കുമ്പോൾ ഉദ്വേഗജനകമായ അന്തരീക്ഷം നിലനിറുത്തുന്നതിൽ, ബിജിബാലിന്റെ സംഗീതം വലിയൊരു പങ്കു വഹിച്ചു.

»OVERALL VIEW
■ഹ്യൂമറിന്റെ പശ്ചാത്തലത്തിലൊരുക്കിയ, ഇന്നോളം കണ്ടിട്ടുള്ളതിൽ നിന്നും വ്യത്യസ്ഥമായ ഒരു ചിത്രം. സദാചാരചിന്താഗതികളുടെ അതിർവരമ്പുകളെ ഭേദിച്ചികൊണ്ടൊരുക്കിയ മികച്ച ചലച്ചിത്രാനുഭവം. ഉണ്ണി ആർ. തന്നെ ഒരുക്കിയ തിരക്കഥയും, ഉജ്ജ്വല സംഭാഷണങ്ങളും.

■ഹാസ്യാതമകസംഭാഷണങ്ങളിലൂടെ ആരംഭിക്കുകയും, തുടർന്ന്, തന്റെ ലക്ഷ്യത്തിനായി വ്യത്യസ്ഥ വഴികളിലൂടെ സഞ്ചരിക്കുന്ന നായകന്റെ, യാത്രയുടെ തുടക്കമാണ്‌ ആദ്യപകുതിയെങ്കിൽ, ആ യാത്രയുടെ പരിസമാപ്തിയാണ്‌ ശേഷമുള്ള ഭാഗങ്ങൾ. ഒടുവിൽ അനുവാചകരെ സ്തബ്ധരാക്കുന്ന ഉപസംഹാരവും.

■ഇന്നോളമുള്ള ഏതാണ്ട്‌ എല്ലാ മുൻനിര ചിത്രങ്ങളും, മലയാളികളുടെ കപട സദാചാര ചിന്താഗതികളെ വേദനിപ്പിക്കാതെ, അവയെ തഴുകിത്തലോടിക്കൊണ്ട്‌ സൃഷ്ടിക്കപ്പെട്ടതാണെങ്കിൽ, അതിൽനിന്നും വ്യത്യസ്ഥമായി, മറ്റുള്ളവർ എന്തുവിചാരിക്കും എന്ന് ചിന്തിക്കാതെ, സദാചാരചിന്താഗതിയുടെ സീമകളെ കാറ്റിൽപ്പറത്തിക്കൊണ്ട്‌, ആരോടും മൃദുസമീപനം കാണിക്കാതെ, എഴുതപ്പെട്ട ചെറുകഥയുടെ, കഥാഗതിയോട്‌ അനുരൂപപ്പെട്ട മികച്ച ആവിഷ്കാരം.

■പുരുഷൻ ലൈംഗികതയെ എങ്ങനെ നോക്കിക്കാണുന്നു എന്നതാണല്ലോ പരമപ്രധാനമായിരിക്കുന്ന സംഗതി. അത്തരം കാര്യങ്ങളിൽ ഓരോരുത്തർക്കും വ്യത്യസ്ഥമായ അഭിരുചികളാണുള്ളത്‌. അത്തരത്തിൽ, ഒരുവനിൽ ഉളവാകുന്ന കടിഞ്ഞാണില്ലാത്ത ആഗ്രഹങ്ങൾ, അയാളെ സമൂഹം നോക്കിക്കാണുന്ന വിധത്തെ എങ്ങനെ ബാധിച്ചേക്കാമെന്നും, പുരുഷന്റെ അഹങ്കാരപൂർവ്വകമായ അധികാരമനോഭാവത്തെയും, അത്‌ പ്രധിരോധിക്കുവാൻ കഴിവില്ലാത്ത സ്ത്രീകളിലേക്ക്‌ കടന്നെത്തുമ്പോൾ അവരെ അതെങ്ങനെ ബാധിച്ചേക്കാം എന്നതും, പുരുഷന്റെ അനൗചിത്യപരമായ ചിന്താഗതികൾ അവനവനുതന്നെ ഏതുവിധത്തിൽ ബാധകമാകുന്നുവെന്നതും ദൃഷ്ടാന്തീകരിക്കപ്പെട്ടു.

■നിരവധി അർത്ഥതലങ്ങളുള്ള ഈ ചിത്രത്തിൽ,
കവലകളിൽ മതപ്രഭാഷണങ്ങൾ നടത്തുന്നവരെയും, മാംസം വർജ്ജിക്കുവാനായി പ്രഹസനങ്ങൾ നടത്തുന്നവരേയുമടക്കം, അമ്പലങ്ങളേയും, പള്ളികളേയും, അന്ധമായ ചിന്താഗതികളേയും ചിത്രത്തിൽ ആക്ഷേപിക്കപ്പെടുന്നുണ്ട്‌. നായകന്റെ വ്യക്തിത്വത്തിന്റെ ഭാഗമായ പച്ചയായ (ചില) സംഭാഷണരംഗങ്ങളും, ഇരുണ്ട ഫലിതങ്ങളും ചിലപ്പോൾ ചില പ്രേക്ഷകരുടെയെങ്കിലും നെറ്റി ചുളിയുവാനിടയാക്കിയേക്കാം.

■പുരുഷന്റെ ആക്രമണങ്ങൾക്ക്‌ വശംവദയാവേണ്ടിവന്ന, പ്രതികരണശേഷിയില്ലാത്ത സ്ത്രീയായ ലീലയുടേയും, തന്റെ ലക്ഷ്യങ്ങൾ നിറവേറ്റുവാനായി ഏതറ്റം വരെയും പോകുന്ന കുട്ടിയപ്പന്റേയും കഥ, മരവിക്കപ്പെട്ട ഹൃദയനിലയോടുകൂടിയേ നിങ്ങൾക്ക്‌ കണ്ടുതീർക്കുവാനാവൂ. ചിത്രം കഴിഞ്ഞിറങ്ങിയാലും, അത്‌ മനസ്സിൽ തങ്ങിനിൽക്കും.

■ഒരു ചെറുകഥയെ സിനിമാ രൂപത്തിലേക്ക്‌ മാറ്റുക എന്നത്‌ ക്ഷണത്തിൽ നിസാരമായിത്തോന്നിയേക്കാമെങ്കിലും. ‘ലീല’ പോലെ ശ്രദ്ധേയമായ ഒരു സൃഷ്ടിയെ വർത്തമാനത്തിലേക്ക്‌ പറിച്ചുനടുക എന്നതിൽ, മൂല്യശോഷണമുൾപ്പെട്ട ചില വെല്ലുവിളികൾ ഉണ്ട്‌. അതിനെയെല്ലാം അതിജീവിക്കുക എന്ന ശ്രമകരമായ ദൗത്യത്തിൽ അണിയർക്കാർ പൂർണ്ണമായും വിജയിച്ചു എന്ന് പറയുവാനാവും. മൂല്യനഷ്ടം പേരിനുപോലും വരാത്തരീതിയിൽ ‘ലീല’ ഒരുക്കിയ രഞ്‌ജിത്തിന്‌ അഭിനന്ദനങ്ങൾ.

»MY RATING: ★★★★☆

 

ബിജു മുത്തത്തിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

#‪#‎ഇത്_ആരുടെ_ലീല‬##

പേരാവൂരില്‍ ഒരു ആദിവാസി പെണ്‍കുട്ടി വിശപ്പ് സഹിക്കാതെ, തെരഞ്ഞെടുപ്പാഘോഷത്തിന്‍റെ ലഹരിയിലായ ഈ രാഷ്ട്രീയ കേരളത്തെ നോക്കി കെട്ടിത്തൂങ്ങി മരിച്ച വാര്‍ത്ത കേട്ടാണ് രഞ്ജിത്തിന്‍റെ `ലീല’ എന്ന സിനിമ കാണാന്‍ പോകുന്നത്. ആദ്യന്തം തീനും കുടിയും കുട്ടിയപ്പന്‍റെ കാമഭ്രാന്തും (സദാചാരത്തെ വെല്ലുവിളിക്കാനുള്ളതെന്ന് നമ്മള്‍ മനസിലാക്കണം പോലും!) നിറഞ്ഞ സിനിമ. എംഎന്‍ വിജയന്‍ മാഷിന്‍റെ പ‍ഴയ വാക്കുകള്‍ ഓര്‍ത്തു- `വിശക്കുന്ന പൂവന്‍ കോ‍ഴി പിണ്ണാക്ക് സ്വപ്നം കാണുന്നു, വിശപ്പില്ലാത്ത പൂവന്‍ കോ‍ഴി പിടക്കോ‍ഴിയെ സ്വപ്നം കാണുന്നു.’ ചെലവാക്കാന്‍ ഇഷ്ടം പോലെ പണമുള്ള, പ്രത്യേകിച്ച് പണിയൊന്നും ചെയ്യേണ്ടതില്ലാത്ത, ജഡ്ജിയുടെ മകനായ(നരസിംഹം പോലെ) കുട്ടിയപ്പന്‍ എന്ന പൂവന്‍കോ‍ഴി കാണുന്ന പിടക്കോ‍‍ഴീ സ്വപ്നങ്ങളെയാണ് നമ്മള്‍ `ലീല’ എന്ന സിനിമയായി വിളിക്കേണ്ടത്. ആണ്‍സ്വപ്നങ്ങള്‍ക്കും ആണഹങ്കാരങ്ങള്‍ക്കുമുള്ള മുഖത്തടിയാണ് സിനിമയെന്ന് ഇതിന്‍റെ ആളുകള്‍ സിനിമയിറങ്ങും മുമ്പേ അഭിമുഖങ്ങള്‍ നല്‍കി പ്രസിദ്ധീകരിച്ചത് കൊണ്ട് അങ്ങിനെ തന്നെ കാണാനിറങ്ങിത്തിരിച്ചെങ്കിലും, കണ്ട് തുടങ്ങിയാല്‍ ലജ്ജിച്ചുപോവും. മലയാളത്തിലെ താരമൂല്യമുള്ള സംവിധായകനായത് കൊണ്ട് തിരുവനന്തപുരത്തെ കൈരളിയില്‍ അറിയാവുന്ന പലരും സിനിമ ശ്വാസം പിടിച്ചിരുന്നു കാണുന്നത് കണ്ടു.

എന്താണ് ലീല- കുട്ടിയപ്പന്‍റെ സ്വപ്നങ്ങള്‍. ആരാണ് ഈ കുട്ടിയപ്പന്‍? നരസിംഹം, ആറാം തമ്പുരാന്‍, ദേവാസുരം, ചാര്‍ലി പോലെ ഒരു ടിപ്പിക്കല്‍ ഫ്യൂഡല്‍ മനോനിലയുള്ള സാധാരണ രഞ്ജിത്ത് നായകന്‍. അയാള്‍ എവിടെയാണ് നിലവിലുളള സദാചാരവ്യവസ്ഥയ്ക്ക് കത്തിവയ്ക്കുന്നത്- എവിടെയാണ് അയാളിലെ ആണഹങ്കാരങ്ങള്‍ക്ക് പൊള്ളലേല്‍ക്കുന്നത്- ചില `വ്യാഖ്യന ലീല’ കളിലൂടെ സമര്‍ത്ഥിക്കാമെങ്കിലും, ക‍ഴിഞ്ഞ കുറേ കാലമായി സിനിമ കാണുന്നവരെ ഇത്തരം വിദ്യകള്‍ കൊണ്ട് പറ്റിക്കാനാവില്ല. കുട്ടിയപ്പന്‍ എന്നയാളുടെ വിഡ്ഢിസ്വപ്നങ്ങളെയും ഉന്മാദത്തെയും മലയാളി പുരുഷന്‍റെ മേലില്‍ എവിടെയും ഈ സിനിമ കൊണ്ട് കെട്ടിവയ്ക്കാനാവില്ല.

പി പത്മരാജന്‍റെ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന സിനിമ പുറത്തിറങ്ങി മുപ്പത് വര്‍ഷമായി. മദ്യപാനവും പെണ്ണ് പിടിയും ബ്ലൂഫിലിം കാണലുമെല്ലാമായി ആ സിനിമയിലെ മോഹന്‍ലാല്‍ കാഥാപാത്രത്തിന്‍റെ ആര്‍ജ്ജവവും വിമോചനപരതയുമാണ് മനസ്സിലേക്കെത്തുന്നത്. കുട്ടിയപ്പന്മാരെ കൊണ്ടാടുന്നവര്‍ ആ സിനിമ ഒന്നുകൂടി കണ്ടു നോക്കണം. തന്‍റെ അരാജകത്വത്തില്‍ നിന്ന് അയാള്‍ പ്രണയത്തിലേക്ക് സാഹസികനാകുകയാണ്. പിതാവിനാല്‍ ബലാത്സംഗത്തിനിരയായ പെണ്ണിനെ വിവാഹം ചെയ്ത് ലോറിയില്‍ പുതിയ ജീവിതത്തിന്‍റെ മുന്തിരിത്തോപ്പുകള്‍ തേടി പോവുകയാണ്. എന്ത് ഉന്മാദത്തിന്‍റെയും മദത്തിന്‍റെയും പേരിലായാലും ലീല എന്ന സിനിമ ഇവിടെ ബലാത്സംഗത്തിനിരയായ പെണ്ണിനെ എല്ലാ പതിവ് മലായാള പൊതുബോധ സിനിമയെയും പോലെ ഈസിയായി കൊന്ന് പ്രശ്നം പരിഹരിക്കുകയാണ്. കുട്ടിയപ്പന്‍ തോല്‍ക്കുന്നു- മലയാള സിനിമയും മലയാള പുരുഷനും ജയിക്കുന്നു. കുട്ടിയപ്പനെന്ന കഥാപാത്രത്തെ മഹത്വപ്പെടുത്തുന്നവര്‍ പാളങ്ങള്‍ എന്ന സിനിമയിലെ ഭരത് ഗോപിയെ ഓര്‍ക്കുന്നതും നന്നായിരിക്കും. ഇത്തരം ദുര്‍ബലമായ കഥാപാത്ര നിര്‍മ്മിതി നടത്തുന്നവര്‍ക്ക് സമാന മനസ്ഥിതിയുള്ള ഗോപിയുടെ കഥാപാത്രത്തെ ഒരു ഗൈഡ് ബുക്കെങ്കിലും ആക്കാമായിരുന്നു. നിര്‍മ്മിക്കാനല്ല; പൊളിക്കാനെങ്കിലും.

ജഗദീഷ് എന്ന നടനല്ലാതെ ഈ സിനിമയില്‍ കാര്യമായി ആരെങ്കിലും നല്ല അഭിനയം കാ‍ഴ്ച്ചവെച്ചു എന്ന് പറയാനില്ല. ബിജുമേനോനെ കുട്ടിയപ്പനായല്ല ബിജു മേനോനായേ കാണാനാവൂ. ആര്‍ ഉണ്ണിയുടെ ചാര്‍ലി എന്ന കഥാപാത്രത്തിന്‍റെ വകയിലെ ഒരു ഏട്ടന്‍ മാത്രമാണ് ഇവിടെ കുട്ടിയപ്പന്‍. ദേവാസുരത്തിലെയും നരസിംഹത്തിലെയുമെല്ലാം മോഹന്‍ലിന്‍റെ നേരെ ഒരു അനന്തിരവന്‍. മാറി വരുന്ന മലയാള സിനിമാകാലത്തോട് ഒട്ടും ഉത്തരവാദിത്തം കാണിക്കുന്നില്ല ലീല. മഹേഷിന്‍റെ പ്രതികാരം എന്ന മനോഹര സിനിമ കണ്ട് ചെറിയൊരു ഇടവേളയ്ക്ക് ശേഷം കണ്ട ലീല തീര്‍ച്ചയായും പറ്റിച്ചു കളഞ്ഞു. ആദ്യ ഷോയ്ക്ക് ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടതായിരുന്നു. Shaj k Ishara എന്ന ഷാജിയേട്ടന് സിനിമ കാണിച്ചതിന് നന്ദി. തിരുവനന്തപുരത്തെ കൈരളിയില്‍ രഞ്ജിത്തിന് പ്രിയപ്പെട്ടവരൊക്കെ സിനിമ കാണാനുണ്ടായി. എന്തായാലും, രഞ്ജിത്തിന്‍റെ വരാന്‍ പോകുന്ന സിനിമകളിലേ നമുക്ക് ഇനി പ്രതീക്ഷ വേണ്ടൂ.
-ബിജു മുത്തത്തി

 

Leave a Reply