Home » ഇലക്ഷന്‍ » ഉമ്മന്‍ചാണ്ടിയോടുള്ള പത്ത് ചോദ്യങ്ങള്‍ വൈറാലാവുന്നു

ഉമ്മന്‍ചാണ്ടിയോടുള്ള പത്ത് ചോദ്യങ്ങള്‍ വൈറാലാവുന്നു

 

തെരഞ്ഞെടുപ്പിന്‍റെ ചൂടില്‍ സ്ഥാനാര്‍ത്ഥികള്‍ പരസ്പരം ചോദ്യങ്ങള്‍ ഉന്നയിച്ചും സംവാദത്തിന് വെല്ലു വിളിച്ചും നാടെങ്ങും പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്‍റെയും പരസ്പര ചോദ്യങ്ങളാണ് മറ്റൊന്ന് . എന്നാല്‍ വിഎസിന്‍റെ ചോദ്യങ്ങള്‍ക്ക് ഒന്നിനുപോലും മറുപടി പറയാതെ,  ചോദ്യങ്ങള്‍ മാത്രം ഉന്നയിച്ചു കൊണ്ടിരിക്കുന്ന ഉമ്മന്‍ചാണ്ടിയോട് കിരണ്‍ തോമസ് ഫെയ്സ്ബുക്കിലൂടെ ചോദിച്ച പത്ത്  ചോദ്യങ്ങള്‍  സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ചോദ്യങ്ങള്‍ താഴെ

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,

പ്രതിപക്ഷ നേതാക്കളോട് ചോദ്യങ്ങളുമായി കൊണ്ടും കൊടുത്തും അങ്ങ് മുന്നേറുമ്പോള്‍ അങ്ങയോടും ചില ചോദ്യങ്ങള്‍ ചോദിക്കട്ടെ. തിരഞ്ഞെടുപ്പു കാലമായതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അങ്ങ് തയ്യാറാകുമെന്ന് ഞാന്‍ കരുതുന്നു

1) പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങിയ ദിവസം 80 കളില്‍ വി.എസ് കമ്പ്യൂട്ടര്‍ വിരുദ്ധ സമരം നടത്തിയതിനേയും അതുവഴി കേരളം ഐറ്റി രംഗത്ത് പിന്നോട്ട് പോയതിനേപ്പറ്റിയും അങ്ങ് ആശങ്കപ്പെടുന്നത് കണ്ടു . ആ ആക്ഷേപം അവിടെ നില്‍ക്കുമ്പോള്‍ തന്നെ സോളാര്‍ കമ്മിഷനില്‍ അങ്ങ് കൊടുത്ത ഒരു മൊഴി ഔദ്യോഗികമായോ അല്ലാതെയോ അങ്ങ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല എന്നാണ്‌. 80 കളിലെ കമ്പ്യൂട്ടര്‍ സമരത്തെപ്പറ്റിപ്പോലും ആശങ്കപ്പെടുന്ന അങ്ങും അങ്ങയുടെ ഓഫീസും എന്തുകൊണ്ടാണ്‌ കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്തതെന്ന് പറയാമോ?
http://www.mathrubhumi.com/…/article-malayalam-news-1.824423

2) കമ്പ്യൂട്ടര്‍ പോലെ തന്നെ വിപ്ലവകരമായൊരു സംഗതിയാണല്ലൊ മൊബൈല്‍ ഫോണ്‍ , അത് ഇപ്പോള്‍ കമ്പ്യൂട്ടറിന്റെ പകരക്കാരന്‍ പോലുമായി പല കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നുമുണ്ട് പക്ഷെ കമ്പ്യൂട്ടറിനോടെന്നവണ്ണം അങ്ങ് മൊബൈല്‍ ഫോണിണോടും അകലം പാലിച്ചിരുന്നത് എന്തു കൊണ്ടായിരുന്നു ? സോളാര്‍ വിവാദത്തിന്‌ ശേഷമാണ്‌ അങ്ങ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് മാത്രമല്ല രാത്രി 1.45 ന്‌ പോലും മൊബൈലില്‍ ലഭിച്ച വിളിക്കനുസരിച്ച് അങ്ങ് കര്‍മ്മ നിരതനായതിനേപ്പറ്റി ഞാന്‍ മനോരമയില്‍ വായിച്ചിരുന്നു പക്ഷെ സോളാര്‍ വിവാദം വരെ ഈ സാങ്കേതിക വിദ്യയോട് മുഖം തിരിച്ച് നിന്നത് എന്തുകൊണ്ടായിരുന്നു. MLA മാര്‍ക്ക് ഐപ്പാഡും സ്മാര്‍ട്ട്ഫോണുമൊക്കെ നിയമസഭയില്‍ തന്നെ ഗിഫ്റ്റായി കൊടുക്കുന്നു എന്ന് ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു പക്ഷെ അങ്ങ് അവ ഉപയോഗിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു എന്ന് വെളിപ്പെടുത്താമോ? ?
http://www.reporterlive.com/2013/06/27/28572.html

3) വലിയ വികസന പദ്ധതികളും വ്യവസായ നിക്ഷേപങ്ങളുമാണല്ലൊ യുഡിഫിന്റെ മുഖമുദ്ര അങ്ങയുടെ മുന്‍ഗാമി ആയ എ.കെ ആന്റണിയുടെ കാലത്തെ ജിമ്മും അങ്ങയുടെ കാലത്തെ എമേര്‍ജിങ്ങ് കേരളയും എന്ത് നിക്ഷേപമൊക്കെ ആണ്‌ കൊണ്ടുവന്നത് എന്നതിന്റെ കണക്ക് ഈ ഇലക്ഷന്‍ സമയത്ത് പ്രസിദ്ധീകരിക്കുമോ?

4) 2011 ഇലെ യുഡിഎഫിന്റെ പ്രകടന പത്രികയില്‍ നാലുവരിപ്പാതയെപ്പറ്റി പറയുന്നുണ്ടായിരുന്നു? എന്താണ്‌ അതിന്റെ സ്റ്റാറ്റസ് എന്ന് താങ്കള്‍ പറയുമോ, എന്റെ അറിവ് ശരിയാണെങ്കില്‍ സ്ഥലമെടുപ്പിനുള്ള മുഴുവന്‍ തുകയും തരാമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരി അങ്ങയെ അറിയിച്ചിട്ടുള്ളതാണ്‌ അത് പ്രകാരം സ്ഥലമെടുപ്പിന്റെ നിജസ്ഥിതി എന്താണെന്നും കഴിഞ്ഞ 5 വര്‍ഷം കൊണ്ട് എത്ര കിലോമീറ്റര്‍ നാലുവരിപ്പാത വന്നു എന്നും എത്ര ദൂരത്തേക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്തൂ എന്നും പറയാമോ? ഇനി എത്രനാളുകള്‍ക്ക് ഉള്ളില്‍ കേരളത്തിലെ ദേശീയപാതകള്‍ നാലുവരി ആകുമെന്നും പറയാമോ?
http://www.thehindu.com/…/rs-34000-crore…/article7605106.ece

5) ഗെയിലിന്റെ വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ സ്ഥലമെടുപ്പും പൈപ്പ് ഇടീലും എവിടെ എത്തി എന്നറിയിക്കുമോ? 4600 കോടി രൂപ മുതല്‍മുടക്കില്‍ അമ്പത്‌ ലക്ഷം മെട്രിക്ക്‌ ടണ്‍ പ്രതിവര്‍ഷശേഷിയോടെ സ്‌ഥാപിച്ച പുതുവൈപ്പ്‌ ടെര്‍മിനല്‍ സജ്ജമായിട്ടും എന്തുകൊണ്ട് പൈപ്പ് ലൈന്‍ ഇടല്‍ വൈകുന്നു എന്നും അങ്ങ് വിശദീകരിക്കുമോ? പെട്രോനെറ്റ്‌ എല്‍.എന്‍.ജി. പദ്ധതി പൂര്‍ണമായുംസജ്ജം ആകാത്തതിനെ തുടര്‍ന്ന് വാര്‍ഷിക നഷ്‌ടം 400 കോടി രൂപയാണ്‌ ഈ പ്രശ്നം പരിഹരിക്കാന്‍ അങ്ങയുടെ ഇടപെടല്‍ എങ്ങനെ ആയിരുന്നു എന്ന് വിശദീകരിക്കുമോ ?
http://www.mangalam.com/print-edition/keralam/314198

6) വന്‍ പദ്ധതികള്‍ക്ക് നമ്മള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ അടിസ്ഥാന സൌകര്യ വികസനം ഉറപ്പുവരുത്തേണ്ടതുണ്ടല്ലൊ ? എല്ലാ വികസനത്തിനും വൈദ്യുതി ആവശ്യമാണല്ലൊ ? കൂടംകുളത്തു നിന്നും വലിക്കുന്ന വൈദ്യുതി ലൈനിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് അങ്ങ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ നടത്തിയ സമരങ്ങള്‍ ഓര്‍മ്മയുണ്ടോ? അങ്ങ് അധികാരത്തില്‍ കയറിയിട്ട് എത്ര നാളുകള്‍ക്കൊണ്ടാണ്‌ ആ വിഷയത്തില്‍ ഒരു തീര്‍പ്പ് ഉണ്ടാക്കിയതെന്ന് പറയാമോ? എന്റ് അറിവില്‍ അങ്ങയുടെ സര്‍ക്കാരിന്റെ നാലം വര്‍ഷമാണ്‌ ആ വിഷയത്തില്‍ ഒരു തീര്‍പ്പുണ്ടായതെന്നാണ്‌. എന്തുകൊണ്ടാണ്‌ വികസന നായകനായ അങ്ങേക്ക് ഇത്രയും ചെറിയ വിഷയം പരിഹരിക്കാന്‍ ഇത്രയധികം സമയം വേണ്ടി വന്നത്
http://www.mangalam.com/print-edition/keralam/291699

7) ചില്ലറ മേഖലയില്‍ വിദേശ നിക്ഷേപം കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയമായിരുന്നല്ലൊ? എന്തുകൊണ്ടാണ്‌ അങ്ങ് കേരളത്തില്‍ അത്തരം നിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ മുന്‍കൈ എടുത്തില്ല. ആ വഴി വരേണ്ട വിദേശ നിക്ഷേപവും തൊഴിലുമൊന്നും കേരളത്തിന്‌ വേണ്ടാന്ന് വയ്ക്കാന്‍ അങ്ങയെ പ്രേരിപ്പിച്ചത് എന്താണ്‌
http://www.evartha.in/2012/06/28/oommenchandy-60.html

8) ലാവ്ലിന്‍ കേസില്‍ തനിക്കെതിരെ ഉള്ള കുറ്റപത്രം ക്വാഷ് ചെയ്യാന്‍ പിണറായി വിജയന്‍ കോടതിയെ സമീപിക്കുകയും അദ്ദേഹത്തിന്‌ അനുകൂലമായി കോടതി വിധി ഉണ്ടാകുകയും ചെയ്തു പക്ഷെ അങ്ങ് അതിനെ വിശേഷിപ്പിച്ചത് സാങ്കേതികമായി കുറ്റവിമുക്തനായി എന്നാണ്‌? ഈ ലോജിക്ക് പ്രകാരം അങ്ങ് ഇതേ ആവശ്യം ഉന്നയിച്ച് നാഷ്ണല്‍ ഹെരാള്‍ഡ് കേസില്‍ കോടതിയെ സമീപിച്ച സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും സാങ്കേതികമായി കുറ്റവിമുക്തരാകാന്‍ ശ്രമിച്ചതായി കുറ്റപ്പെടുത്തുമോ?
http://southlive.in/…/sonia-gandhi-and-rahul-appear-c…/19047

9) കുറ്റപത്രം ക്വാഷ് ചെയ്ത് , അങ്ങയുടെ ഭാഷയില്‍ പറഞ്ഞാല്‍ സാങ്കേതികമായി കുറ്റവിമുക്തരാകാന്‍ ശ്രമിച്ച പാമോലിന്‍ കേസിലെ പ്രതികളുടെ ഹര്‍ജികള്‍ വിവിധ കോടതികള്‍ തള്ളിയിട്ടും അങ്ങ് മുഖ്യമന്ത്രി ആയ രണ്ട് ടേമിലും ഈ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാമോ ?
http://www.doolnews.com/govt-trying-to-withdraw-palmolin-ca…

10) അങ്ങ് ഇടതു നേതാക്കളെ അവരുടെ മുന്‍കാല നിലപാടുകള്‍ വച്ച് വിമര്‍ശിക്കുകയും ഓഡിറ്റ് ചെയ്യുകയും ചെയ്യുമ്പോള്‍ എന്തുകൊണ്ടാണ്‌ അങ്ങേക്കെതിരെ അവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് അങ്ങ് മറുപടി പറയാത്തത്? അത്തരം ഓഡിറ്റിങ്ങ് അങ്ങേക്ക് ബാധകമല്ലാന്ന് അങ്ങ് കരുതുന്നുണ്ടോ? അതോ അങ്ങേക്ക് അവര്‍ക്ക് ഉള്ളത് പോലത്തെ അക്കൌണ്ടബിലിറ്റി ഇല്ലാന്ന് അങ്ങ് വിശ്വസിക്കുന്നുണ്ടോ?

സ്വന്തം കണ്ണിലെ തടിക്കക്ഷണം കാണാതിരിക്കെ സഹോദര നിന്റെ കണ്ണിലെ കരട് എടുത്തു കളയട്ടെയെന്ന് നിനക്ക് എങ്ങനെ പറയാന്‍ കഴിയുമെന്നാണല്ലൊ കര്‍ത്താവ് പറഞ്ഞിരിക്കുന്നത് ( ലൂക്ക 6.42) . അപ്പോള്‍ ഇടതുപക്ഷക്കാരോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അവരില്‍ നിന്ന് ഉത്തരം തേടുമ്പോള്‍ അങ്ങയോടുള്ള ചോദ്യങ്ങള്‍ക്കും അങ്ങ് ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ലല്ലൊ? മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അങ്ങനെ തന്നെ നിങ്ങളും അവരോട് പെരുമാറുവിന്‍ എന്നും കര്‍ത്താവ് പറഞ്ഞിട്ടുണ്ടല്ലൊ ( ലൂക്കാ 6.31)

Leave a Reply