ഉണ്ണി ആര്‍ന്റെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘ലീല’യെക്കുറിച്ച് അനൂപ് ദാസ് കെ എഴുതുന്നു
കുട്ടിയപ്പന്റെ ലീല
ലളിതം , സുന്ദരം ലീലയെ ഇങ്ങനെ വിശേഷിപ്പിക്കാം. കുട്ടിയപ്പനെന്ന കേന്ദ്ര കഥാപാത്രത്തിന്റെ ‘ ലീലാ വിലാസങ്ങളില്‍ ‘ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ചിത്രം കഥ പറച്ചിലിനും അവതരണത്തിനുമൊപ്പം കാഴ്ചകള്‍ക്കും പ്രാധാന്യം നല്കുന്നു.
തങ്ങളെ ഏല്‍പ്പിച്ച ദൗത്യം ഓരോ കഥാപാത്രവും ആത്മാര്‍ത്ഥതയോടെ ചെയ്തു തീര്‍ത്തു എന്നതാണ് ലീലയുടെ പ്രത്യേകത.കുട്ടിയപ്പന് മുതല്‍ ലീല വരെ നീളുന്ന കഥാപാത്രങ്ങള്‍ക്ക് നിരവധി പ്രത്യേകതകള്‍ ചാര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പരമ്പരാഗത സദാചാര മൂല്യങ്ങളുടെ അതിര്വരമ്പുരകള് ലംഘിക്കുന്ന സിനിമയാണ് ലീല എന്ന വാദത്തിന് ‘ ലീല ‘ കണ്ടിറങ്ങുന്നവര്‍ക്കിടയില്‍ സ്ഥാനമുണ്ടാക്കാനാവില്ല. നിലവിലെ സദാചാര മൂല്യങ്ങളെ കലഹിക്കാനുള്ള ശ്രമം സിനിമ നടത്തുന്നു. മറിച്ച് അത് ആഴത്തിലും പരപ്പിലുമുള്ള ഒരു ഇടപെടലാവുന്നുമില്ല.
ബിജു മേനോന് തന്നെ ആലപിച്ച ‘ വട്ടോളം വാണിയാരെ കേട്ടുകൊള്‍ക ‘ എന്ന ടൈറ്റില്‍ ഗാനത്തോടെ ആരംഭിക്കുന്ന ചിത്രത്തിലെ ആദ്യ സീന്‍ തന്നെ കുട്ടിയപ്പന് എന്താണെന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നുണ്ട്. മദ്യപിച്ചുള്ള കുതിര സവാരി പോലീസുകാര്‍ക്ക് മുന്നിലൂടെയാകുമ്പോള് പോലീസും നിയമവും അവിടെ നോക്കു കുത്തിയായി.
സമ്പത്തും കുടുംബ പാരമ്പര്യവുമുള്ള കുട്ടിയപ്പന്റെ സഞ്ചാരം വ്യത്യസ്ഥതകള്‍ക്ക് പിന്നാലെയാണ്. ദാസപ്പാപ്പി(ഇന്ദ്രന്‍സ്) വഴി പാതിരാത്രിയില്‍ തന്റെ മുറിയിലെത്തിയ ലൈംഗിക തൊഴിലാളിയായ യുവതിയോട് കുട്ടിയപ്പന് നിലവിളക്ക് കൊളുത്താന്‍ പറയുമ്പോള്‍ പോലും പ്രേക്ഷകന് മുന്നില്‍ കാണുന്നത് അടുത്ത നിമിഷം നടക്കാന്‍ പോകുന്ന ലൈംഗിക വേഴ്ചയാണ്. എന്നാല്‍ സ്വയം വെള്ളപുതച്ച് മലര്‍ന്ന് കിടന്ന്, യുവതിയോട് പൊട്ടിക്കരയാന്‍ ആവശ്യപ്പെടുന്ന കുട്ടിയപ്പന് താന്‍ എന്താണെന്ന് പ്രേഷകന് വീണ്ടും കാട്ടിക്കൊടുക്കുന്നു.
കള്ളിലും പെണ്ണിലും നിര്‍വൃതിയണയുന്ന കഥാപാത്ര നിര്‍മിതി മലയാള സിനിമാ ലോകത്ത് മുന്‍പ് പലതവണ ഉണ്ടായിട്ടുണ്ടെങ്കിലും അങ്ങനെ മാത്രം നോക്കിക്കാണാവുന്ന കഥാപാത്രമല്ല കുട്ടിയപ്പന്. കള്ളും പെണ്ണും ആഗ്രഹമായി ഒരു വശത്ത് നില്ക്കുമ്പോള് തന്നെ സാമൂഹ്യ വിമര്‍ശനവും, സഹാനുഭൂതിയും വ്യത്യസ്ഥതകള്‍ തേടിയുള്ള യാത്രയും ശൈലിയും കുട്ടിയപ്പനെ വേറിട്ട് നിര്‍ത്തും.
രാവിലത്തെ കട്ടന്‍ ചായ എത്തിക്കാന്‍ ഏട്ടത്തിക്ക് ഏണി ചാരി നല്കുന്ന നായകന് മുന്‍കാല ലൈംഗിക തൊഴിലാളികള്‍ക്ക് പൊതുമധ്യത്തില്‍ സ്വീകരണവും ആദരവും നല്കുന്നു. ബീഫും ചുംബന സമരവും കേരളാ കോണ്‍ഗ്രസും തുടങ്ങി സമകാലിക രാഷ്ട്രീയവും ചര്‍ച്ചക്കെത്തുന്നു. നസ്രാണിയായ കുട്ടിയച്ചന്‍ ക്ഷേത്ര ചുറ്റുമതിലിനകത്ത് പ്രവേശിച്ചത് കണ്ട് അല്‍പ്പം നീരസം കാണിച്ച പിള്ളേച്ചനോട്(വിജയരാഘവന്) ‘അപ്പന്’ ലോജിക്ക് പറഞ്ഞാണ് കുട്ടിയപ്പന്റെ വാചക കസര്‍ത്ത്.
കുട്ടിയപ്പന്റെ സന്തത സഹചാരിയായെത്തുന്ന വിജയരാഘവന്. ആംഗ്യവിക്ഷേപങ്ങള്ക്ക് പോലും പ്രത്യേകതകള്‍ ചാര്‍ത്തി പിള്ളേച്ചന് കുട്ടിയച്ചനെ നിഴല്‍ പോലെ പിന്തുടരുന്നു.
‘അച്ഛാ…’ എന്ന ഒറ്റ സംഭാഷണം മാത്രമാണ് ലീലയായി അഭിനയിച്ച പാര്‍വതി നമ്പ്യാര്‍ക്കുള്ളത്. അച്ഛനാല്‍ ഗര്‍ഭിണിയാക്കപ്പെട്ട പെണ്‍കുട്ടി വരും വരായ്കകളെ നിശബ്ദദയോടെ, ഭാവഭേദമില്ലാതെ സ്വീകരിക്കുന്നു. ഒരുപക്ഷേ തള്ളാനോ കൊള്ളാനോ ഉള്ള കെല്‍പ്പ് നഷ്ടപ്പെട്ട ജീവിതാവസ്ഥ ലീലയുടെ മുഖത്ത് എപ്പോഴും നിഴലിക്കുന്നു. പേരെന്താണ് എന്ന നിരന്തര ചോദ്യത്തിന് മറുപടി കിട്ടാതായപ്പോള്‍ കുട്ടിയപ്പന് തന്നെയാണ് ലീല എന്ന് വിളിക്കുന്നത്. ദൈന്യതയുടെ മുഖം മാത്രമായി ലീല എരിഞ്ഞടങ്ങുമ്പോള്‍ പരമ്പരാഗതമായ എന്തിനെയെങ്കിലും വെല്ലുവിളിക്കാന്‍ ആ കഥാപാത്രത്തിന് കഴിയുന്നുണ്ടോ എന്ന ചോദ്യം അവശേഷിക്കുന്നു. ലീലയുടെ അച്ഛനായി വേഷമിട്ട ജഗദീഷിന്റെതാണ് ചിത്രത്തിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രം. യഥാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. ഏച്ചു കെട്ടലോ ഏന്തിവലിക്കലോ ഇല്ലാതെ അതിമനോഹരമായി കഥാപാത്രമായി ജീവിക്കാന്‍ ജഗദീഷിനു സാധിച്ചു.
അവസാനം പുറത്തിറങ്ങിയ തന്റെ രണ്ട് ചിത്രങ്ങളിലും ഇന്ദ്രന്‍സ്, അഭിനയത്തിന്റെ മറ്റു തലങ്ങളിലേക്ക് സഞ്ചരിക്കുകയാണ്. ‘മണ്‍റോ തുരുത്തിലും’,’അമീബ’യിലും താന്‍ ഇത് കൂടിയാണ് എന്ന പ്രഖ്യാപനം നടത്തിയ ഇന്ദ്രന്‍സ് ആ പ്രഖ്യാപനത്തെ അരക്കിട്ടുറപ്പിക്കുന്നു. കൂട്ടിക്കൊടുപ്പ് തൊഴിലാക്കിയ നിരവധി കഥാപാത്രങ്ങളെ, നര്‍മത്തില്‍ ചാലിച്ചതും അല്ലാത്തതും നാം നിരവധി കണ്ടു മറന്നിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്ഥനാണ് ദാസപ്പാപ്പി. ചെറിയ കഥാപാത്രങ്ങളെങ്കിലും വി.കെ ശ്രീരാമന്, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, പ്രിയങ്ക, കൊച്ചു പ്രേമന് എന്നിവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി.
കുട്ടിയപ്പന്റെ രീതികളെ അടയാളപ്പെടുത്തുന്ന ആദ്യപകുതിക്ക് ശേഷം ലീല കൂടി കടന്നുവരുന്ന രണ്ടാം പകുതിക്ക് ആദ്യപാദത്തില്‍ നിന്ന് വ്യത്യസ്ഥമായി അല്പം കൂടി ഗൗരവം കൈവരുന്നു. കോട്ടയത്തു നിന്ന് വയനാട്ടിലേക്കുള്ള യാത്ര കണ്ണിന് കുളിര്മയേകുന്നു. ആനയെ തേടിയുള്ള കുട്ടിയപ്പന്റെ യാത്ര ആനയില്‍ അവസാനിക്കുന്ന ക്ലൈമാക്സ് വരെ നീളും, ബാക്കി സസ്പെന്‍സ്.
അതിമാനുഷനായ നായക കഥാപാത്രത്തെയും ചെറുകഥയിലെ ചില പ്രത്യേകതകളെയും തേടി ലീലയെ കണ്ടാല്‍ നിരാശരാകും.
എന്നാല്‍ നല്ല സിനിമ ആസ്വദിക്കാനുള്ള ആഗ്രഹത്തോടെ ലീലക്ക് ടിക്കറ്റെടുക്കാം.