ഒരു കാലത്ത് ഇന്ത്യന്‍ ഗ്രാമീണ വ്യവസായമായി മാത്രം ഒതുങ്ങിയിരുന്ന ഖാദി ഇന്ന് ആഗോള വിപണിയെതന്നെ കീഴടക്കിയിരിക്കുകയാണ്. ഖാദി വസ്ത്രങ്ങളും ഉത്പന്നങ്ങളും ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യന്‍ ഖാദിക്കായി കമ്പോളം തുറന്നിട്ടിരിക്കുകയാണ് വിദേശരാജ്യങ്ങള്‍.
ന്യൂജനറേഷന് ട്രെന്‍ഡുകളും ഡിസൈനുകളും ഖാദിയെ മറ്റുള്ള തുണിത്തരങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം. തുണിത്തരങ്ങള്‍ മാത്രമല്ല, സൗന്ദര്യവര്‍ധക ഉത്പന്നങ്ങളും കരകൗശല ഉത്പന്നങ്ങളും വരെ ഖാദിയുടേതായി കുടിയേറിക്കൊണ്ടിരിക്കുകയാണ്. കോട്ടണ്‍സാരി, സില്‍ക്ക് സാരി, കുര്‍ത്ത, ചുരിദാര്‍ ടോപ്പുകള്‍, ജീന്‍സ് ടോപ്പുകള്‍, ജുബ്ബ, ഹെര്‍ബല്‍ ഷാംപൂ അങ്ങനെ പേരെടുത്ത ഖാദി ഉത്പങ്ങള്‍ ഏറെയാണ്.
ബ്രിട്ടനുപുറമെ അമേരിക്ക, ഓസ്ട്രേലിയ, തായ്ലന്ഡ്, ബ്രസീല്‍, കാനഡ തുടങ്ങി ഖാദി ഉത്പന്നങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും ആവശ്യക്കാര്‍ നിരവധിയാണ്. 2004-2005 സാമ്പത്തികവര്‍ഷത്തില്‍ 39 കോടി രൂപയോളമായിരുന്നു ഇന്ത്യയില്‍ നിന്നുള്ള ഖാദിയുടെ കയറ്റുമതി. എന്നാല്‍ പിന്നീടിങ്ങോട്ട് കയറ്റുമതി വരുമാനത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്.
ആഭ്യന്തര വിപണിയിലും വിദേശ വിപണിയിലും ഖാദി വസ്ത്രങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും ഒരുപോലെ ആവശ്യമേറിയതോടെ ഈ മേഖലയില്‍ തൊഴിലവസരങ്ങളും വര്‍ദ്ധിച്ചു. 2011-2012ല്‍ 1.19 കോടി ആളുകളാണ് ഖാദിമേഖലയില്‍ പണിയെടുത്തിരുന്നതെങ്കില് ഇപ്പോള്‍ 1.43 കോടിയായി ഉയര്‍ന്നിട്ടുണ്ട്. നൂല് നൂല്ക്കുന്നവര്ക്കും നെയ്യുന്നവര്ക്കുമൊക്കെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചതാണ് കാരണം. കേന്ദ്രസര്‍ക്കാര്‍ രൂപം നല്കിയ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും ഖാദിവ്യവസായത്തിന് ഏറെ കരുത്തേകി.
കൂടുതല്‍ വിദേശ രാജ്യങ്ങളുടെ വിപണി പിടിക്കാനായി വ്യത്യസ്തമായ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. കേരളത്തില്‍ സംസ്ഥാന സര്‍ക്കാറും കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, ഖാദി വ്യവസായ ഫെഡറേഷന്, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്, ചെറുകിട സൊസൈറ്റികള്‍ തുടങ്ങിയവയെല്ലാം ഖാദിയുടെ പ്രചാരത്തിനായുണ്ട്.
ഇന്ന് ഓണ്‍ലൈന്‍ വിപണിക്ക് ഏറെ സാധ്യതയുള്ളതിനാല്‍ ഓണ്‍ലൈനായി ഖാദി വസ്ത്രങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഒരുക്കാന്‍ പല സൊസൈറ്റികളും തയ്യാറാവുന്നുണ്ട്. ആഗോള വിപണിയില്‍ മറ്റു ഖാദി ഉത്പന്നങ്ങളും ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്.