Home » ന്യൂസ് & വ്യൂസ് » കരിപ്പൂര്‍ വിമാനത്താവള വികസനം അട്ടിമറിക്കുന്നതാര്?

കരിപ്പൂര്‍ വിമാനത്താവള വികസനം അട്ടിമറിക്കുന്നതാര്?

മലബാറുകാരന്റെ ഗള്‍ഫ് മോഹങ്ങള്‍ക്ക് ചിറകുനല്‍കിയ കരിപ്പൂര്‍ വിമാനത്താവളം പഴയപ്രതാപത്തില്‍ നിന്ന് അവഗണനയുടെയും വികസനമില്ലായ്മയുടെയും പടുകുഴിയിലേക്ക് എടുത്തെറിയപ്പെടുമ്പോള്‍ വസ്തുതകള്‍ അന്വേഷിച്ച് കാലിക്കറ്റ് ജേര്‍ണല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
പ്രതിദിനം നിരവധി ധര്‍ണ്ണകളും, ജാഥകളും സത്യാഗ്രഹങ്ങളുമൊക്കെ കരിപ്പൂര്‍ വിമാനത്താവളത്തെ ചൊല്ലി നമ്മള്‍ പത്രങ്ങളില്‍ കാണാറുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‌കേണ്ട ഏകദേശം 500 ഏക്കര്‍ ഭൂമി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ലഭിക്കാത്തതാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഇന്നത്തെ അവസ്ഥയുടെ മുഖ്യകാരണം. റണ്‍വേ വികസിപ്പിക്കാനും മറ്റുമായി ലഭിക്കേണ്ട ഭൂമി ഏറ്റെടുത്തു നല്‍കുന്നതിനുള്ള  നടപടി ക്രമങ്ങള്‍  ഇപ്പോള്‍ മന്ദഗതിയിലാണ്.
2006 മുതല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഭൂമി ഏറ്റെടുത്തുതരാനുള്ള ആവശ്യം സംസ്ഥാനസര്‍ക്കാറിന്റെ മുന്‍പില്‍ വെച്ചിട്ടുണ്ട്. 2010ലാണ് ഇതിന് തത്വത്തില്‍ അംഗീകാരം ലഭിച്ചത്. 2013 നവംബറില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ സെക്രട്ടറി കെഎന്‍ ശ്രീവാസ്തവ ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ സംസ്ഥാന ചീഫ്‌സെക്രട്ടറി ഭരത് ഭൂഷന് കത്ത് നല്‍കിയിരുന്നു. 2013ല്‍ 137 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള അലോക്കേഷന്‍ ഉണ്ടാകും എന്ന് സംസ്ഥാനസര്‍ക്കാര്‍ ഉറപ്പുകൊടുത്തു. 2014ല്‍ അക്വിസിഷനുള്ള നോട്ടിഫിക്കേഷന്‍ വന്ന് ജില്ലാ കളക്ടറെ ഭൂമി ഏറ്റെടുക്കലിന്റെ ചുമതല ഏല്‍പ്പിച്ചെങ്കിലും ഫണ്ട് അനുവദിക്കാത്തതിനാല്‍ കാര്യങ്ങള്‍ മുന്നോട്ടുപോയില്ല. ബഡ്ജറ്റില്‍ കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ക്ക പ്രത്യേക പരിഗണന ലഭിച്ചപ്പോഴും കരിപ്പൂര്‍ അവഗണിക്കപ്പെട്ടു.
സ്ഥലം ലഭ്യമല്ലാത്തതിനാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കഴിയാറില്ല. മംഗലാപുരം വിമാനാപകടത്തിനു ശേഷം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സുരക്ഷാകാര്യങ്ങള്‍ കര്‍ക്കശമാക്കിയതിനെ തുടര്‍ന്ന് 2015 മെയ് മാസത്തോടെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് കരിപ്പൂരില്‍ റദ്ദാക്കി. റണ്‍വേ സ്ടിപ്പിന്റെ നീളം കുറവ് കാരണം വലിയ വിമാനങ്ങള്‍ സുരക്ഷിതമായി ഇറങ്ങാന്‍ പറ്റില്ല എന്നായിരുന്നു മുഖ്യകാരണം. നിലവില്‍ ശരാശരി 250 കിലോമീറ്റര്‍ വേഗതയില്‍ 1000 ടണ്‍ ഭാരമുള്ള വിമാനങ്ങള്‍ ലാന്റ് ചെയ്യാനുള്ള സംവിധാനമാണ് റണ്‍വേയിലുള്ളത്. എന്നാല്‍ 500 കിലോ മീറ്റര്‍ വേഗതയില്‍ 2000ത്തില്‍പ്പരം ടണ്‍ ഭാരമുള്ള വിമാനങ്ങള്‍ ലാന്റ് ചെയ്യുന്ന അവസ്ഥയുണ്ടായി ഇതേ തുടര്‍ന്ന് റണ്‍വേ ബിറ്റമന്‍ ലയര്‍ പൊളിഞ്ഞു പോകുന്ന അവസ്ഥവരെയുണ്ടായി.
ഹജ്ജ് യാത്രസമയത്തെ എയര്‍ട്രാഫിക് കുറക്കാന്‍ ചെറിയ വിമാനങ്ങളെ പരമാവധി സര്‍വ്വീസില്‍ നിന്നും ഒഴിവാക്കാനാണ് ഏജന്‍സികള്‍ ശ്രമിക്കുക ഇതു കാരണം ഹജ്ജ് സര്‍വ്വീസില്‍ നിന്ന്  കരിപ്പൂര്‍ വിമാനത്താവളം പുറന്തള്ളപ്പെടുകയുണ്ടായിരുന്നു. രാജ്യത്തെ വിമാനത്താവളങ്ങളില്‍ മോഡേണ്‍ ടെര്‍മിനലുകള്‍ വന്നപ്പോള്‍ കരിപ്പൂരിലെ ടെര്‍മിനല്‍ ചോര്‍ന്ന് ഒലിക്കുന്ന ഘട്ടംവരെ എത്തി. വൈഡ് ബോഡി എയര്‍ക്രാഫ്റ്റിനടക്കം എല്ലാത്തരം സര്‍വ്വീസിനും നല്ല വിപണന സാധ്യത ഉണ്ടായിട്ടും അടിസ്ഥാന സൗകര്യമില്ലായ്മയില്‍ നട്ടം കറങ്ങുകയാണ് കരിപ്പൂര്‍ വിമാനത്താവളം. എയര്‍പോര്‍ട്ട് വികസനത്തെക്കു‌റിച്ചുള്ള  നിങ്ങളുടെ അഭിപ്രായങ്ങളും  നിര്‍ദേശങ്ങളും  കമന്‍റായോ, [email protected] എന്ന ഇമെയിലിലേക്കോ അയക്കുക.

Leave a Reply