എസ്എസ്എല്‍സി വിജയത്തില്‍ കൂട്ടുകാരെപ്പോലെ ഓടിച്ചാടി സന്തോഷിക്കാനാവില്ലെങ്കിലും ഒരു നാടൊന്നാകെ ഹര്‍ഷിനയോടൊപ്പം സന്തോഷത്തിമര്‍പ്പിലാണ്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 6 വിഷയങ്ങളില്‍ A+ ഉം മറ്റ് വിഷയങ്ങളില്‍ A യും B+ ഉം നേടിയാണ് പരസഹായമില്ലാതെ ഒന്നിളകാന്‍ കൂടി കഴിയാത്ത ഹര്‍ഷിന വിജയചരിത്രം കുറിച്ചത്. മറ്റു കൂട്ടുകാരെപ്പോലെ ഓടിച്ചാടി സന്തോഷിക്കാന്‍ ഹര്‍ഷിനയ്ക്ക് കഴിയില്ലെങ്കിലും തളീക്കരയിലെ പുന്നോള്ളതില്‍ ഹര്‍ഷിനയും വീട്ടുകാരും നാട്ടുകാരും ഹര്‍ഷിനയോടൊപ്പം വിജയാഹ്ലാദത്തിലാണ്.
മുഴുവന്‍ വിഷയങ്ങളിലും A+ ലഭിയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഹര്‍ഷിനയും കുറ്റ്യാടി ഗവ: ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപകരും. പരീക്ഷയോടുപ്പിച്ച് പനിയും, ജലദോഷവും വന്നതിനാല്‍ വേദനകള്‍ സഹിച്ചായിരുന്നു ഹര്‍ഷിന പരീക്ഷ എഴുതിയത്. ഇതായിരിക്കാം മുഴുവന്‍ വിഷയങ്ങള്‍ക്കും A+ ലഭിക്കാതിരിക്കാന്‍ കാരണമെന്ന് അധ്യാപകര്‍ പറയുന്നു.
സെറിബ്രല്‍ പള്‍സി ബാധിച്ച് ജന്മനാ സ്പൈനബൈഫിസ എന്ന അവസ്ഥയില്‍ കഴുത്തിന് താഴെ തളര്‍ന്ന് എല്ലാറ്റിനും പരസഹായമാവശ്യമായ ഹര്‍ഷിനയുടെ ദൃഢനിശ്ചയമാണ് ജീവിതവിജയം. പ്ലസ്ടുവിന് കൊമേഴ്സ് അല്ലെങ്കില്‍ ഹ്യുമാനിറ്റീസ് എടുത്ത് പഠനം മുന്നോട്ട് കൊണ്ടുപോകണമെന്ന നിശ്ചയത്തിലാണ് ഹര്‍ഷിന.
വൈകല്യങ്ങളില്‍ തളരാതെ പഠനവുമായി മുന്നോട്ട് പോവണം എന്ന നിശ്ചയദാര്‍ഢ്യമാണ് കലാകാരികൂടിയായ ഹര്‍ഷിനയുടെ വിജയത്തിനാധാരം. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഹര്‍ഷിന തന്റെ കഴിവുകള്‍ തെളിയിച്ചു. ഉമ്മ ഷരീഫയും ഉപ്പ ഹമീദുമാണ് രാവിലെയും വൈകീട്ടുമായി സ്കൂളിലേക്കെത്തിക്കാറ്. പഠനം മാത്രമല്ല, നല്ലൊരു ചിത്രകാരിയും കരകൗശല നിര്‍മ്മാണത്തിലും ഹര്‍ഷ കഴിവു തെളിയിച്ചു. വായന ഏറെ ഇഷ്ടപ്പെടുന്ന ഹര്‍ഷിന വായിച്ച പുസ്തകങ്ങളെ കുറിച്ചും പഠിപ്പിക്കുന്ന വിഷയങ്ങളെകുറിച്ചും വളരെ എളുപ്പത്തില്‍ ഗ്രഹിക്കാനും ഹര്‍ഷിനക്ക് കഴിവുണ്ടെന്ന് അധ്യാപകര്‍ പറയുന്നു. ബിടെക് വിദ്യാര്‍ത്ഥിയായ സഹോദരനും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദദാരിയായ സഹോദരിയും പഠനത്തില്‍ ഹര്‍ഷിനയെ സഹായിക്കാനുണ്ട്.