Home » നമ്മുടെ മലപ്പുറം » ജിഷയുടെ ഘാതകന്‍ ഇവിടെ തന്നെയുണ്ടെന്ന് അനുപമ വെങ്കിടേഷ്

ജിഷയുടെ ഘാതകന്‍ ഇവിടെ തന്നെയുണ്ടെന്ന് അനുപമ വെങ്കിടേഷ്

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് മാധ്യമ പ്രവര്‍ത്തക അനുപമ വെങ്കിടേഷിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാവുന്നു.  കാമഭ്രാന്തിനാല്‍ കഴിയുന്ന ആളുകള്‍ക്കിടയില്‍ താനുള്‍‍പ്പെടെ  ഒരു  സ്ത്രീയും എവിടെയും സുരക്ഷിതരല്ല എന്നും  കാമ കണ്ണുകളോടെ  മാത്രം സ്ത്രീകളെ നോക്കുന്ന അവനെ തനിക്കറിയാമെന്നും അവര്‍ നമുക്ക് ചുറ്റിലും ഉണ്ടെന്ന് കാണിച്ചാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.   ജിഷക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടും കുറ്റക്കാരെ കണ്ടെത്തി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടും  സോഷ്യല്‍  മീഡീയയിലുള്‍പ്പെടെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

അനുപമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

എനിക്കറിയുന്ന ഒരു തെമ്മാടിയുണ്ട്. .  ഒരിക്കലയാൾ പറഞ്ഞു. ചില സ്ത്രീകളെ, അവരുടെ ശരീരം, വസ്ത്രധാരണം, മുഖം, ഭാവം, നടത്തം അതൊക്കെ കണ്ടാൽ ആ൪ക്കായാലും ഒന്നു ബലാൽസംഗം ചെയ്യണമെന്നു തോന്നും എന്ന്. മഹാരാജാസിനടുത്ത് നടക്കുകയായിരുന്ന ഒരു സ്ത്രീയെ കണ്ടപ്പോൾ അയാൾക്കും തോന്നിയത്രേ..ഒരിത്..

ജിഷയുടെ കൊലപാതകത്തിന് ഉത്തരവാദി അവനാണ്.

എനിക്കറിയുന്ന മറ്റൊരുത്തനുണ്ട്. ലെഗ്ഗിങ് ഇട്ടു മദമിളകിയ പെണ്ണുങ്ങളെ കണ്ടാൽ ആ൪ക്കായാലും ഒരിത് തോന്നുമെന്ന് അവനും കൂട്ടുകാരും പറയുന്നു. അത് അടിവസ്ത്രമല്ലേ എന്ന് അവനു തോന്നുമത്രേ..അടിവസ്ത്രം മാത്രമിട്ട് നടക്കുന്ന പെണ്കുട്ടികളെ ആരെങ്കിലും കേറി എന്തെങ്കിലും ചെയ്താൽ, പുലഭ്യം പറഞ്ഞാൽ അത് എങ്ങനെ അവന്റെ തെറ്റാകും എന്ന് നിഷ്കളങ്കമായി ചോദിക്കുന്നു ഈ മാന്യദേഹം …ചോദിച്ചു വാങ്ങുന്നതല്ലേ എന്ന്.

ജിഷയുടെ റേപ്പിന് ഉത്തരവാദി അയാളാണ്. പരനാറി

ഇവരെ എനിക്ക് നേരിട്ടറിയാം..എന്തിനാണ് കേരളത്തിലെ സ്ത്രീകള് വോട്ടു ചെയ്യേണ്ടത്.. അതിന് ശരിയുത്തരമാണ് വേണ്ടത്.. ദില്ലിയല്ലേ അത് നടന്നത് എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. ഇത് കേരളമാണ്. നമുക്കറിയാമായിരുന്നു ദില്ലിയും കേരളവും തമ്മിൽ ദൂരമധികം ഇല്ലെന്ന്. ഇതുമറിയാം പെരുന്പാവൂരും നമ്മുടെയൊക്കെ തൊഴിലിടങ്ങളും വീടുകളും തമ്മിലും ദൂരമില്ലെന്ന്..

എന്റെ അകത്തേക്ക് കന്പിപ്പാര കയറ്റാമെന്ന് തോന്നുന്ന ഒരു മൃഗം എന്റെയടുത്തുണ്ടാവില്ലെന്ന് എനിക്കെന്താണ് ഉറപ്പ്. എന്റെ ശരീരം അവനു കയറി നിരങ്ങാവുന്ന തിണ്ണയാണെന്ന് തോന്നുന്ന ചെന്നായ്ക്ൾ എന്റെ പരിസരത്ത് ഉണ്ടാകില്ലെന്ന് എനിക്ക് എന്തുറപ്പാണുള്ളത്. നേരത്തേ പറഞ്ഞ തെമ്മാടിയേയും പരനാറിയേയും നിയന്ത്രിക്കാനെന്തു കടിഞ്ഞാണാണുള്ളത് നിങ്ങളുടെ പക്കൽ

ജിഷയുടെ നീതി കഴിഞ്ഞു മതി ഇനി തിരുവായ തുറക്കുന്നത്. അത് ആരായാലും. അത് പോലീസായാലും, പോലീസ് മന്ത്രിയായാലും, മുഖ്യമന്ത്രിയായാലും.. തെരഞ്ഞെടുപ്പിനായി വെള്ളച്ചിരിയുമായി എത്തുന്ന ഏതു ശുഭ്രവസ്ത്രധാരിയായാലും..മിണ്ടരുത് അത് വരെ

NB: ഈ റേപ്പ് നടന്ന പരിസരത്തെ ഏതോ പോലീസുദ്യോഗസ്ഥനാണ് സരിതയുടെ വീഡിയോ എന്നു പറഞ്ഞ് അമിത താൽപര്യമെടുത്ത് ചില മഞ്ഞമനസുള്ള പത്രക്കാരെ നിരന്തരം വിളിച്ചുകൊണ്ടിരുന്നതെന്ന് കേട്ടിട്ടുണ്ട്.  അതിനെടുത്തിരുന്നതിന്റെ ഒരു ശതമാനം ഊർജം നാട്ടിലെ ജനങ്ങളെ സംരക്ഷിക്കാനെടുത്തിരുന്നുവെങ്കിൽ ഇതൊക്കെ ഒഴിവാക്കാമായിരുന്നില്ലേ എന്നൊരു സംശയം ബാക്കിയാകുന്നു.

Leave a Reply