സ്ഥാനാര്‍ത്ഥികള്‍ ഓണ്‍ലൈനിലുണ്ട്, കമന്റും ലൈക്കും ഷെയറുമൊക്കെയായി അണികളും. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രൊഫൈല്‍ സജീവമാണെന്ന് ചുരുക്കം. പ്രചാരണം തന്നെയാണ് തെെഞ്ഞടുപ്പുകളിലെ പ്രധാനപ്പെട്ട ഒരു ഘടകം. ഭരിക്കുന്നവര്‍ക്ക് ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനും, എതിരാളികള്‍ക്ക് പോരായ്മകള്‍ ചൂണ്ടികാണിക്കാനും പിന്നെ താന്‍ ചെയ്യാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് വേട്ടര്മാരോട് സംവദിക്കാനുള്ള മാര്‍ഗമാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍.
കേരളത്തില്‍ ഇന്നേ വരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും വ്യത്യസ്തമായ പ്രചാരണ ആയുധങ്ങളുമായി മുന്നണികള്‍ അരങ്ങു തകര്‍ക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഫേസ്ബുക്കും വാട്ട്സ്ആപ്പും ട്വിറ്ററുമൊക്കെയായി പ്രചാരണം കൊഴുക്കുന്നു. ഇളമുറക്കാരന് ജെയ്ക് സി. തോമസ് മുതല്‍ തെണ്ണൂറ്റി മൂന്നിന്റെ ചെറുപ്പം വി.എസ് അച്യുതാനന്ദന് വരെ ഓണ്‍ലൈനില്‍ ഉണ്ട്.
മുന്നണികള്‍, പ്രചാരണം
പതിന്നാലാമത് കേരളനിയമസഭാ തെരഞ്ഞടുപ്പിനൊരുങ്ങുന്ന എല്ലാ സ്ഥാനര്‍ത്ഥികളും സാമൂഹ്യ മാധ്യമങ്ങളെ ഗൗരവമായി നോക്കി കാണുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്കു മുമ്പു തന്നെ മുന്നണികള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചാരണം ആരംഭിക്കുകയും ചെയ്തു. അതിനായി പ്രത്യേക പരസ്യ വാചകങ്ങള്‍ ഉപയോഗിച്ചു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
എല്‍.ഡി.എഫ് വരും എല്ലാം ശരിയാവും, വളരണം ഈ നാട് തുടരണം ഈ ഭരണം, വഴി മുട്ടിയ കേരളം വഴി കാട്ടാന്‍ ബി.ജെ.പി തുടങ്ങിയ പരസ്യ വാചകങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രചാരം നേടിയത്. ഇത്തരം പ്രചാരണങ്ങള്‍ക്കായി പരമ്പരാഗത രീതിയല്ല മുന്നണികള്‍ സ്വീകരിക്കുന്നത്. പകരം ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകള്‍ പോലെ പ്രവര്‍ത്തിക്കുന്ന പ്രഫഷനല്‍ സംഘങ്ങളാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. താഴെ തട്ടിലുള്ള സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്ക് മുന്നണികളുടെ ഐ.ടി സെല്ലുകളും പ്രവര്‍ത്തിക്കുന്നു.
താരം, താരങ്ങളില്‍ താരം
മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പ് ഗോധയിലിറങ്ങിയ എം.വി നികേഷ് കുമാറാണ് സാമൂഹ്യ മാധ്യമങ്ങളിലെ താരം. തന്റെ സാങ്കേതികമായ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി സജീവമായി നികേഷ് കുമാര്‍ സോഷ്യല്‍ മീഡിയയിലുണ്ട്. പുലര്‍ച്ചെ ആരംഭിക്കുന്ന വോട്ടു പിടുത്തം മുതല്‍ രാത്രി വൈകി വരെ നീളുന്ന പൊതു യോഗങ്ങള്‍ വരെ നികേഷിന്റെ എഫ്.ബി പേജില്‍ നിറയും. ഒപ്പം ചെറു കുറിപ്പുകളും. ദിവസത്തില്‍ രണ്ടോ മൂന്നോ തവണ പോസ്റ്റു ചെയ്യുന്ന വീഡിയോകളും നികേഷിന്റെ സോഷ്യല്‍ മീഡിയ പ്രചാരണത്തെ വ്യത്യസ്തമാക്കുന്നു. നികേഷ് അവതരിപ്പിച്ച പി2സി(പേഴ്സണ്‍ ടു കാമറ) പ്രചാരണത്തില്‍ ശ്രദ്ധ നേടി. നികേഷിന് മറുപടിയുമായി എതിരാളി കെ.എം ഷാജി കൂടി സോഷ്യല്‍ മീഡിയയില്‍ സജീവമായതോടെ അഴീക്കോട്ടെ പ്രചാരണത്തിന് ഒരു ന്യൂ ജെന്‍ ലൂക്ക് ഉണ്ട്.
വി.ടി ബല്‍റാം, ടി.എം തോമസ് ഐസക്, എം.ബി രാജേഷ്, ഹൈബി ഈഡന്, എം. സ്വരാജ്, ഉമ്മന്‍ ചാണ്ടി, പിണറായി വിജയന് തുടങ്ങിയ നേതാക്കള്‍ വളരെ മുമ്പ് തന്നെ സമൂഹ മാധ്യമങ്ങളുടെ പ്രസക്തി തിരിച്ചറിഞ്ഞ് ഈ രംഗത്ത് സജീവമായുണ്ട്. പക്ഷേ താരങ്ങളില്‍ താരം ഇവരാരുമല്ല. പുന്നപ്ര വയലാറില്‍ വാരിക്കുന്തം സമരായുധമാക്കിയ വി.എസ് അച്ചുതാനന്ദന് സോഷ്യല്‍ മീഡിയ ആയുധമാക്കി രംഗത്തെത്തിയതോടെ നിയമ സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കഥയാകെ മാറി. അങ്ങനെ തിളങ്ങി നിന്നവരുടെ മുകളിലൂടെ വി.എസ് കുതിച്ചു ചാടി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ‘പിന്കാല് സല്യൂട്ട്’ നല്കി എഫ്.ബിയില്‍ ഹരിശ്രീ കുറിച്ച പ്രതിപക്ഷ നേതാവ് ലഘു കുറിപ്പുകളും കവിതകളുമായി അരങ്ങു വാണു കഴിഞ്ഞു. വെര്‍ച്വല്‍ സ്പേസിന്റെ സാധ്യത എത്രത്തോളം ഫലപ്രദമായി ഉപയോഗിക്കാം എന്നതിന്റെ ദൃഷ്ടാന്തമായി മാറിയിരിക്കയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണം. ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ കളം നിറഞ്ഞതോടെ ചാനല്‍ ചര്‍ചകള്‍ പോലും നിഷ്പ്രഭമാവുകയാണ്. പത്രമാധ്യമങ്ങള്‍ വാര്‍ത്തക്ക് ആശ്രയിക്കുന്ന പ്രധാന സോഴ്സായി സോഷ്യല്‍ മീഡിയ മാറിക്കഴിഞ്ഞു.
ലക്ഷ്യം യുവത്വം
‘പിള്ളര് മുഴുവന്‍ സമയോം ഫോണും കുത്തിപ്പിടിച്ചിരിക്കാ’ എന്ന് രാഷ്ട്രീയക്കാര്‍ കുറ്റം പറഞ്ഞു നടന്നിരുന്ന കാലം മാറി. ഫോണും കൊണ്ടിരിക്കുന്ന യുവജനങ്ങള്‍ക്കിടയിലേക്ക് എളുപ്പത്തില്‍ കടന്നു ചെല്ലാവുന്ന പാലമായി രാഷ്ട്രീയപാര്‍ട്ടികള്‍ സോഷ്യല്‍ മീഡിയയെ കണ്ടു എന്നതാണ് ഈ മാറ്റത്തിന് കാരണം. ചിഹ്നത്തിന് വോട്ടു ചെയ്യുന്ന പരമ്പരാഗത രീതിയല്ല, മറിച്ച് മനസാക്ഷി വോട്ടുചെയ്യുന്ന യുവത്വത്തെയാണ് സ്വാധീനിക്കേണ്ടത് എന്ന ബോധം സ്ഥാനാര്‍ഥികളില്‍ വളര്‍ന്നിരിക്കുന്നു. ആസന്നമായ നിയമ സഭാ തിരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിക്കാന്‍ സാധ്യതയുള്ള വിഭാഗമാണ് യുവജനങ്ങള്‍. അവര്‍ക്ക് ചരിത്രത്തിലല്ല വര്‍ത്തമാനത്തിലാണ് താല്പര്യം. അതിനാല്‍ വിവാദങ്ങളെക്കാള്‍ വികസനമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. സിനിമാ രംഗങ്ങള്‍ ഉപയോഗിച്ചുള്ള ട്രോളുകളും മറ്റും ഏറെ ചര്‍ച്ചയാവുന്നു. യുവത്വത്തെ പെട്ടെന്നാകര്‍ഷിക്കാനും ചിന്തിപ്പിക്കാനുമുള്ള ശേഷി ഇത്തരം ട്രോളുകള്ക്കുണ്ട്.
ഗുട്ടന്‍ബര്‍ഗ് മുതല്‍ സുക്കര്‍ബര്‍ഗ് വരെ
പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യ കാലത്ത് ജൊഹന്നാസ് ഗുട്ടന്‍ബര്‍ഗ് കണ്ടെത്തിയ അച്ചടി വിദ്യയെ മാത്രം അടിസ്ഥാനമാക്കിയ പ്രചാരണമായിരുന്നു കഴിഞ്ഞ കാലം വരെ അരങ്ങ് വാണത്. പോസ്റ്ററും ഫ്ളെക്സ് ബോര്‍ഡുകളും കളം നിറഞ്ഞു. പിന്നെ കാലങ്ങളായി തുടരുന്ന ചുവരെഴുത്തുകളും. ഇപ്പഴും ഈ രീതി തുടരുന്നുണ്ടെങ്കിലും ഇത് സുക്കര്‍ബര്‍ഗിന്റെ കൂടി കാലമാണ്. പലയിടങ്ങളിലും പരമ്പരാഗത പ്രചരണങ്ങളെക്കാളും പരിഗണന സോഷ്യല്‍ മീഡിയയ്ക്ക് നല്കുന്ന സ്ഥിതിവരെയെത്തി. സെല്‍ഫിക്കായി പോസ് ചെയ്യുന്ന സ്ഥാനാര്‍ഥി താന്‍ പോലുമറിയാതെ ഓണ്‍ലൈനിലെത്തുന്നു. മത്സരിക്കുന്ന മണ്ഡലത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന പ്രചാരണ പ്രവര്‍ത്തനത്തിന് ആഗോള സാധ്യത കൈവന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. മണ്ഡലത്തിന് പുറത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന വോട്ടര്‍മാര്‍ക്കിടയില്‍ പ്രചാരണമെത്തിക്കാം എന്നത് സ്ഥാനാര്‍ഥികളെ സുക്കര്‍ബര്‍ഗിനോട് അടുപ്പിക്കുന്നു.
സോഷ്യല്‍ മീഡിയ, തിരഞ്ഞെടുപ്പ് കമ്മീഷന്
ആദ്യഘട്ടത്തില്‍ കാര്യമായ പരിശോധനയില്ലാതെയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം കൊഴുത്തത്. രണ്ടാം ഘട്ടത്തില്‍ പക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെട്ടു. അതത് ജില്ലാ കലക്ടര്‍മാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മീഡിയാ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് സെല്‍, സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം കൃത്യമായി നിരീക്ഷിക്കുന്നു. ചെലവ്, പ്രവര്‍ത്തന രീതി, പ്രചാരണം അതിരു കടക്കുന്നോ എന്നെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന് ശ്രദ്ധിക്കുന്നുണ്ട്.
മെയ് പതിനാറിലേക്ക് സോഷ്യല്‍ മീഡിയ കരുതിവച്ചത്
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ഡല്‍ഹി നിയമ സഭാ തിരഞ്ഞെടുപ്പ് – തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ സോഷ്യല്‍ മീഡിയയെ അടയാളപ്പെടുത്തിയ രണ്ടു സന്ദര്‍ഭങ്ങള്‍ ഇവയാണ്. എന്നാല്‍ തീര്‍ച്ചയായും ഒരു കാര്യം പറയാം. 2016 ലെ കേരള നിയമ സഭാ തിരഞ്ഞെടുപ്പ് ഈ പട്ടികയില്‍ ഇടം പിടിക്കും. മെയ് 16ന് കേരളം പോളിംഗ് ബൂത്തിലെത്തുമ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നല്ലൊരു ശതമാനം വോട്ടര്‍മാരെയും സ്വാധീനിക്കുമെന്നുറപ്പാണ്. പത്രങ്ങളും ചാനലുകളും പോലെ പ്രതികരണത്തിന് സാധ്യത കുറവായ മാധ്യമമല്ല സോഷ്യല്‍ മീഡിയ. അവിടെ ചര്‍ച്ചയും ചോദ്യം ചെയ്യലും മറുപടിയും തുടര്‍ ചര്‍ച്ചയും എല്ലാം തകൃതിയായി നടക്കുന്നു. അതിനാല്‍ ഈ സാധ്യത യുവാക്കള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നുമുണ്ട്. സംശയത്തിനതീതമായി പറയാം ഇത് സാമൂഹ്യ മാധ്യമങ്ങള്‍ കൂടി വിധി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാവും.
- -അനൂപ് ദാസ്. കെ