കേരളത്തില്‍ നടക്കുന്ന ആദ്യത്തെയോ അവസാനത്തെയോ ബലാത്സംഗമല്ല ജിഷയുടെ കൊലപാതകം. എന്നാല്‍ മറ്റുള്ള സംഭവങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്ന ചില ഘടകങ്ങളുണ്ട് ജിഷയുടെ കാര്യത്തില്‍. വളരെ നിസ്സഹായരായ ദരിദ്രകുടുംബമാണ് ജിഷയുടേത്. അച്ഛന് ഉപേക്ഷിച്ച് അമ്മ മാനസികമായി ഒറ്റപ്പെട്ട അവസ്ഥ. സഹോദരിയാണെങ്കിലും ദുരവസ്ഥയില്‍ കഴിയുന്നു. ഇതെല്ലാമാണ് ജിഷയുടെ കടുംബപശ്ചാത്തലം . എങ്കിലും സ്വന്തം ഇഛാശക്തികൊണ്ട് കുടുംബത്തിലെ ദാരിദ്ര്യത്തെ അതിജീവിച്ചാണ് ജിഷ നിയമ വിദ്യാര്ത്ഥിനിയാവുന്നത്. ഏതാണ്ട് പഠനം പൂര്‍ത്തിയാക്കി കഴിയാനിരിക്കെയാണ് ജിഷക്ക് മരണം സംഭവിക്കുന്നത്. വെറും ഒരു ബലാത്സംഗം അല്ല അതിക്രൂരമായി ഭൂമിയില്‍ നിന്ന് തുടച്ചുമാറ്റപ്പെടുകയായിരുന്നു. അതുകൊണ്ട് തന്നെ ജിഷയുടെ കൊലപാതകം ഒരു സാധാരണ മരണമായി കാണാന്‍ കഴിയില്ല. അവര്‍ ജീവിച്ചുവന്നത് കേരളത്തിലെ ഒരു ശരാശരി അധസ്ഥിത കുടുംബത്തിലാണ്. സ്വന്തമായി വീടില്ലാത്ത, സ്വന്തമായി ഭൂമിയില്ലാത്ത, മറ്റു ആശ്രയങ്ങളില്ലാത്ത അതോടൊപ്പം നാട്ടുകാരാലും പരസഹായമില്ലാതെ തികച്ചും ഒറ്റപ്പെടു കഴിയുന്ന കുടുംബമാണ് ജിഷയുടേത്.
ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിലൊരു സംഭവം നടക്കുമ്പോള്‍ അത് എല്ലാവിധ രാഷ്ട്രീയക്കാര്ക്കെതിരെയുമുള്ള കുറ്റപത്രമാണ്. പത്തറുപത് വര്‍ഷം ജനാധിപത്യം വിളയാടിയ ഒരു രാജ്യത്ത് ഒരു ശരാശരി അധസ്ഥിത കുടുംബത്തിന് ഇങ്ങനെയൊക്കെയാണല്ലോ സംഭവിച്ചത് എന്നതിന്റെ പേരില്‍ രാഷ്ട്രീയക്കാരെല്ലാം രാഷ്ട്രീയം ഉപേക്ഷിച്ചു പോകേണ്ടതാണ്.
ചോര ഒഴുക്കുന്ന രാഷ്ട്രീയമാണ് യുദ്ധം, ചോര ഒഴുക്കാത്ത യുദ്ധമാണ് രാഷ്ട്രീയം. ഒരു യുദ്ധം നയിച്ച് അത് പരാജപ്പെട്ടാല്‍ യുദ്ധത്തിന് നേതൃത്വം കൊടുത്ത മേജറെ പിരിച്ചു വിടും. അത് രാഷ്ട്രീയത്തിനും ബാധകമാക്കേണ്ടതാണ്. പത്തറുപത് വര്‍ഷം ഈ രാജ്യത്തെ നയിച്ച് വീണ്ടും ഒരു ഊഴത്തിനു വേണ്ടി വോട്ട് തേടുന്ന വലത്-ഇടത് രാഷ്ട്രീയപാര്‍ട്ടിക്കാര്‍ എന്ത് കേരളമാണ് സൃഷ്ടിച്ചത്. പത്തറുപത് കാലം ഭരിച്ചിട്ടും വികസിപ്പിച്ചിട്ടും ഒരു ശരാശരി അധസ്ഥിതന്റെ ജീവിതം എന്താണെന്ന ചോദ്യത്തിന് അവര്‍ ഉത്തരം പറയണം. യുദ്ധത്തിലെ നിയമം രാഷ്ട്രീയത്തില്‍ നടപ്പിലാക്കുകയാണെങ്കില്‍ എല്ലാ രാഷ്ട്രീയക്കാരെയും പിരിച്ചുവിടേണ്ടതാണ്. നേരത്തെതന്നെ രാഷ്ട്രീയക്കാരുടെ തെക്ക് വടക്ക്, വടക്ക് തെക്ക് ജാഥകള്‍ക്ക് മേല്‍ അവര്‍ക്കെതിരെ കുറ്റപത്രം ഉയര്‍ന്നിരുന്നു. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ ഇരകള്‍ അവര്‍ക്കെതിരെ കുറ്റപത്രമുയര്ത്തി, വയനാട്ടിലെ ആദിവാസികള്‍ അവര്‍ക്കെതിരെ കുറ്റപത്രമുയര്ത്തി, എന്‍ഡോസള്‍ഫാനെതിരെ, പ്ലാച്ചിമടയിലെ ആദിവാസികള്‍, പശ്ചിമഘട്ടം, അവസാനം വിളപ്പില്‍ശാലയിലെ അമ്മമാര്‍ വരെ അവര്‍ക്കെതിരെ കുറ്റപത്രമുയര്ത്തി. അങ്ങനെ ഇത്രയും കാലവും അവര്‍ ശ്രദ്ധിക്കാതെ പോയ കുറ്റപത്രത്തിലെ അവസാനത്തെ കുറ്റപത്രമാണ് ജിഷയുടേത്. അത് കൊണ്ട് തെരഞ്ഞെടുപ്പ് കാലത്തെ ഈ മരണത്തിന് കൂടുതല്‍ പ്രധാന്യമുണ്ട്. അതോടൊപ്പം തെരഞ്ഞെടുപ്പ് കാലമായിട്ടും രാഷ്ട്രീയക്കാരും മീഡിയയുമുള്പ്പെടെ സംഭവത്തില്‍ പ്രതികരിക്കാന്‍ ഇത്ര വൈകിയതെന്തുകൊണ്ടാണ്?. ഇപ്പോള്‍ ഈ വിഷയത്തില്‍ മീഡിയയെ മാത്രം കുറ്റപ്പെടുത്തുന്ന കാമ്പയിനുകളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇത് മീഡിയയുടെ മാത്രം കുറ്റമല്ല, കാരണം മീഡിയയുടെ ഒാഫീസിനേക്കാള് അടുത്താണ് പാര്‍ട്ടി ഓഫീസുകളും പഞ്ചായത്ത് മെമ്പറും പ്രസിഡന്റും എംഎല്‍എയും എംപിയും ഒക്കെ താമസിക്കുന്നത്. പെരുമ്പാവൂരിനടുത്തും ഒട്ടനവധി കലാകാരന്മാരുണ്ട്, എന്നിട്ടും അവരൊന്നും ഇതറിഞ്ഞില്ല, അപ്പോള്‍ പിന്നെ മീഡിയയെ മാത്രം കുറ്റംപറയേണ്ട കാര്യമില്ല. മാത്രമല്ല, സംഭവം പുറത്തറിഞ്ഞിട്ടും ഇത്രദിവസമായി നാട്ടുകാര്‍ക്കോ അയല്‍വാസികള്‍ക്കോ ഇതിന്റെ ഗൗരവം ഇപ്പോഴും മനസ്സിലായിട്ടില്ല. ഈ പെണ്‍കുട്ടിയുടെ വീടിനുചുറ്റും ഇതുവരെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ഒരു പോസ്റ്റര്‍ പോലും ഉയര്‍ന്നിട്ടില്ല എന്നാണ് ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞത്. എന്തുകൊണ്ടാണ് അധകൃത കുടുംബങ്ങളോട് നമ്മള് ഇങ്ങനെ പെരുമാറുന്നത്. കേരളത്തിന്റെ വലിയ രോഗലക്ഷണങ്ങള്‍ പുറത്ത്കൊണ്ടുവരുന്ന കുറ്റകൃത്യമാണിത്. അതുകൊണ്ട്തന്നെ ഏതെങ്കിലുമൊരു പോലീസ് കണ്ടെത്തുന്ന പ്രതിയെ വിസ്തരിച്ച് അയാളെ പ്രാഥമിക വിചാരണപോലും കൂടാതെ തല്ലിക്കൊല്ലാനുള്ള ഒരു കാമ്പയിനല്ല നടക്കേണ്ടത്. സൗമ്യയുടെ കാര്യത്തിലൊക്കെ സംഭവിച്ചത് നമ്മള് കണ്ടതാണ്. പ്രതിയെ കണ്ടെത്തി, പ്രതിക്കെതിരെ കേരളം ശബ്ദിച്ചു. സൗമ്യയുടെ അമ്മ തന്നെ പറഞ്ഞത്, പ്രതിയെ കണ്ടെത്തി കോടതിയിലേക്കോ മറ്റുമല്ല കൊണ്ടു പോകേണ്ടത് മറിച്ച് ജനങ്ങക്കൂട്ടത്തിന് നല്‍കണമെന്നാണ്. എന്നാല്‍ അങ്ങനെയല്ല ഇതിനെ പരിഹരിക്കേണ്ടത്. അതിനേക്കാള്‍ കൂടുതല്‍ രാഷ്ട്രീയവും സാമൂഹികവും മനശ്ശാസ്ത്രപരവുമായ ഘടകങ്ങള്‍ ഇത്തരം കേസുകളിലുണ്ട്. അക്രമാസക്തമായ മലയാളിയുടെ ആണത്തത്തെ എങ്ങനെ നേരിടണമെന്നാണ് പ്രധാനപ്പെട്ട പ്രശ്നം. അത്തരത്തിലുള്ള മാനസികവും സാമൂഹികവും രാഷ്ട്രീയവുമായ പുനര്‍വിചിന്തനമാണ് ഈ ഘട്ടത്തില്‍ വേണ്ടത്.