Home » ഇൻ ഫോക്കസ് » ഇതൊരു തൃക്കരിപ്പൂര്‍ ഇതിഹാസം….

ഇതൊരു തൃക്കരിപ്പൂര്‍ ഇതിഹാസം….

നാട്ടുകാര്‍ തന്നെയാണ്കഥാപാത്രങ്ങളായി വേഷമിട്ടത്. ആദ്യം നോവല്‍ വായിയ്ക്കാന്‍ നല്‍കി. മൂന്ന് മാസത്തിനിടെ ക്യാമ്പില്‍ നിന്നും നാടകം രൂപപ്പെടുത്തിയെടുക്കുന്നതിനിടെ ഇവര്‍ തസ്രാക്കിലേക്ക് യാത്രപോയി. ആ ഊര്‍ജത്തില്‍ നിന്നും തൃക്കരിപ്പൂരിലെ കുളവും പാടവുമെല്ലാം പരിശീലനവേദികളായി..


വേദിയുടെ ഒരുവശത്തു നിന്നും കത്തിച്ച ചൂട്ടുകളുമായി ഒ വി വിജയന്റെ കഥാപാത്രങ്ങള്‍ ഘോഷയാത്രയായി വന്നതോടെ എടാട്ടുമ്മല്‍ ആലുംവളപ്പ് തസ്രാക്കായി.


ഗ്രാമീണതയുടെ വിശുദ്ധിയും നൈര്‍മല്യവും ചോര്ന്ന് പോകാതെ തന്നെ ഒരു പുതിയ തിയേറ്റര്‍ സംസ്‌കാരം രൂപപ്പെടുകയാണിവിടെ.


ദീപന്‍ ശിവരാമന്‍ സംവിധാനം ചെയ്ത് തൄക്കരിപ്പൂർ എടാട്ടുമ്മൽ നിവാസികൾ അവതരിപ്പിച്ച ‘ഖസാക്ക്കിന്റെ ഇതിഹാസം’ നാടകാനുഭവത്തെക്കുറിച്ച് / രാഗേഷ് പാലാഴി

ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ നാടകമാവുന്നു എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്നാണ് കോഴിക്കോട് നിന്നും തൃക്കരിപ്പൂരിലേക്ക് യാത്ര ആരംഭിക്കുന്നത്. ഡല്‍ഹി അംബേദ്കര്‍ യൂനിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറായ ദീപന്‍ ശിവരാമന്‍ എന്ന നാടക പ്രതിഭയുടെ ‘സ്‌പൈനല്‍കോഡ്’ എന്ന നാടകം കണ്ട അനുഭവവും തനിച്ചുള്ള യാത്രയ്ക്ക് ആക്കം കൂട്ടി.
തൃക്കരിപ്പൂരില്‍ സ്റ്റോപ്പുള്ള ലോക്കല്‍ ട്രെയിന്‍ 6.25ന് എത്തി. നാടകവുമായി ബന്ധപ്പെട്ട ഒരു നമ്പറില്‍ വിളിച്ചപ്പോള്‍..എടാട്ടുമ്മല്‍ എത്തണം, ഓട്ടോയ്ക്ക് മിനിമം ചാര്‍ജ് മതി. നാട്ടിന്‍പ്പുറത്തെ ചെറിയ റോഡിലൂടെ ഓട്ടോ ഓടിയെത്തിയത് അമ്പലപറമ്പെന്ന് തോന്നിക്കുന്ന സ്ഥലത്താണ്.മൂന്ന് വലിയ ആല്‍മരങ്ങള്‍ക്ക് നടുവിലായി ഷീറ്റുകള്‍ കൊണ്ട് നാടകവേദി മറച്ചിരിയ്ക്കുന്നു.ഒരു വലിയ നാടകം നടക്കുകയാണെന്ന പ്രതീതിയൊന്നുമില്ലാതെ കുറച്ചാളുകളെല്ലാം അവിടവിടെ കൂട്ടം കൂടി നില്‍ക്കുന്നു.ഫോണില്‍ വിളിച്ച ചന്ദ്രേട്ടന്‍ നേരിട്ട് പരിചയപ്പെടാനെത്തി. ടിക്കറ്റ് തന്ന ചന്ദ്രേട്ടനോട് നാടകം കഴിഞ്ഞ് സംവിധായകന്റെ അഭിമുഖം വേണമെന്ന് പറഞ്ഞപ്പോള്‍ തീര്‍ച്ചയായും എന്ന് മറുപടി.
നാടകം തുടങ്ങും മുന്‍പെ എങ്ങിനെ തിരിച്ച് പോകുമെന്ന സംഘാടകരുടെ ചോദ്യത്തില്‍ നിന്നും തിരിച്ച്‌പോക്ക് അത്ര എളുപ്പമല്ലെന്ന് മനസ്സിലായി. നാടകത്തിന് പ്രവേശനം തുടങ്ങിയപ്പോള്‍ പഴയ കാര്‍ണിവല്‍ശാലയിലേക്കെന്നപോലെ വരി രൂപപ്പെട്ടു. അരീന തിയേറ്റര്‍ മാതൃകയിലാണ് വേദി മൂന്ന് വശത്ത്‌നിന്നും നാടകം കാണാം. നേരെമുന്നില്‍ ഇരിയ്ക്കാന്‍ 500 രൂപ, വശങ്ങളില്‍ ഇരിയ്ക്കാന്‍ 200. ആകെ 520പേര്‍ക്ക് ഇരിയ്ക്കാനാകുന്ന ആകാശം മേലാപ്പായ തിയേറ്റര്‍.
 DEEPAN-SIVARAMAN-300x300

ദീപന്‍ ശിവരാമന്‍

വേദിയുടെ ഒരുവശത്തു നിന്നും കത്തിച്ച ചൂട്ടുകളുമായി ഒ വി വിജയന്റെ കഥാപാത്രങ്ങള്‍ ഘോഷയാത്രയായി വന്നതോടെ എടാട്ടുമ്മല്‍ ആലുംവളപ്പ് തസ്രാക്കായി. പറമ്പിലെ മൂന്ന് ആലുകള്‍ ചേര്‍ന്ന് ഖസാക്കിന്റെ ഇതിഹാസത്തിന് കുട പിടിച്ചപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞതോര്‍ത്തു. ഈ നാടകം തൃക്കരിപ്പൂരില്‍ നിന്ന് തന്നെ കാണണം. കഥാകാരന്‍ വരച്ചിട്ട ഗ്രാമീണ പശ്ചാതലമുള്ള ഓരോ കഥാപാത്രത്തെയും തനിമ ഒട്ടും ചോരാതെ കൈയ്യടക്കത്തോടെ രംഗവേദിയില്‍ എത്തിയ്ക്കാന്‍ സംവിധായകനായി.
പ്രേക്ഷകരുമായി നേരിട്ട് സംവദിക്കുന്നതിന് പുറമെ രംഗവേദിയുടെ നിയതമായ ചലനങ്ങളെ കാറ്റില്‍പറത്തിയാണ് ഖസാക്കിന്റെ ഇതിഹാസം വേദിയില്‍ എത്തിയത്. വെളിച്ചം,മഴ,പ്രൊജക്ടര്‍ ഉള്‍പ്പെടെ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ തന്നെ നോവലിന്റെ ഗ്രാമീണ ചന്തം ചോര്‍ന്ന് പോകാരിക്കാനുള്ള സൂക്ഷ്മമായ ഇടപ്പെടലുകളും നാടകത്തെ മികവുറ്റതാക്കുന്നു. മൂന്ന് മണിക്കൂര്‍ ഇരുപത്തിയഞ്ച് മിനുട്ട് ദൈര്‍ഘ്യം കടന്നുപോകുന്നതറിയില്ല. നാടകം കഴിഞ്ഞപ്പോള്‍ അഭിനേതാക്കള്‍ക്കും സംവിധായകനും അഭിനന്ദന പ്രവാഹം.
ദീപന്റെ അഭിമുഖത്തിനുമപ്പുറം തൃക്കരിപ്പൂര്‍ കെ എം കെ സ്മാരക കലാസമിതിയെ കുറിച്ചറിയാനായി പിന്നീട് ആകാംക്ഷ. സമിതിയുടെ പ്രസിഡന്റ് രഘുവേട്ടനെ കണ്ടു.കഴിഞ്ഞ ജൂണ്‍ ഏഴിനാണ് നാടകത്തിന്റെ ക്യാമ്പ് ആരംഭിക്കുന്നത്. നാട്ടുകാര്‍ തന്നെയാണ്കഥാപാത്രങ്ങളായി വേഷമിട്ടത്. ആദ്യം നോവല്‍ വായിയ്ക്കാന്‍ നല്‍കി. മൂന്ന് മാസത്തിനിടെ ക്യാമ്പില്‍ നിന്നും നാടകം രൂപപ്പെടുത്തിയെടുക്കുന്നതിനിടെ ഇവര്‍ തസ്രാക്കിലേക്ക് യാത്രപോയി. ആ ഊര്‍ജത്തില്‍ നിന്നും തൃക്കരിപ്പൂരിലെ കുളവും പാടവുമെല്ലാം പരിശീലനവേദികളായി. സപ്തംബര്‍ 13 മുതല്‍ 16 വരെ നാടകം അവതരിപ്പിച്ചു. ഈ ജനപ്രീതി തിരിച്ചറിഞ്ഞാണ് ഡിസംബര്‍ 22 മുതല്‍ 26 വരെ വീണ്ടും നാടകം കലാസമിതി വേദിയില്‍ എത്തിച്ചത്. നാടകത്തില്‍ രവിയായ സി കെ സുനിലും, അള്ളാപ്പിച്ചാ മൊല്ലാക്കയായി വേഷമിട്ട സി കെ സുധീറും പെയിന്റര്‍മാരാണ്. നാട്ടിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നൈസാം അലിയായപ്പോള്‍ ഡോക്ടര്‍ താരിമ മൈമൂനയായി.ഇങ്ങനെ നാടിന്റെ വിവിധ കോണുകളില്‍ നിന്നുള്ള 25 പേരാണ് കലാസമിതിയ്ക്കായി വേദിയിലെത്തിയത്.
KHASAK-POSTER

ഖസാക്കിന്റെ പോസ്റ്റർ

നാടകത്തിലാകെ പന്ത്രണ്ട് ലക്ഷം രൂപ നിര്‍മാണചെലവായി. ദിവസം 520 പേര്‍ക്ക് മാത്രം കാണാനാകുന്നത് ബാധിക്കില്ലേ എന്ന ചോദ്യത്തിന് കാണുന്നവര്‍ക്ക് ഖസാക്ക് പൂര്‍ണ അര്‍ത്ഥത്തില്‍ ആസ്വദിക്കാനാകണമെന്ന സംവിധായകന്റെ മനസ്സിനൊപ്പം നിന്നു എന്ന ഉത്തരം.വലിയ സാമ്പത്തിക ബാധ്യത നാട് ഏറ്റെടുത്തു.പരിശീലന ദിവസങ്ങളില്‍ അണിയറയില്‍ സഹായം നല്‍കിയും ഭക്ഷണമൊരുക്കിയും പ്രതീക്ഷയോടെ ഉറക്കമിളച്ച കഥകളാണ് സമീപത്തെ വീട്ടുകാര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത്.
നാടകം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞിട്ടും തെയ്യം നടക്കുന്ന ആലുംവളപ്പില്‍ കെടാത്ത ഒരു വിളക്കെരിയുന്നുണ്ടായിരുന്നു. സംവിധായകന്‍ അഭിനേതാക്കളോട് സംസാരിക്കുകയാണ്. നാടകത്തിലെ ചെറിയ തിരുത്തലുകള്‍ അല്ലെങ്കില്‍ ഓര്‍മ്മപ്പെടുത്തലുകള്‍. സമയം പതിനൊന്നരയായി ഇനി ഇവിടെനിന്ന് വാഹനം കിട്ടില്ല, ഇവിടെ താമസിക്കാന്‍ സൗകര്യമുണ്ട്..നാളെ പോകാം – സംഘാടകര്‍ പറഞ്ഞു. അത്യാവശ്യമാണ്, പോകണമെന്നായി ഞാന്‍ . നാടകത്തിന്റെ ദൃശ്യങ്ങള്‍ ഒരുവീട്ടില്‍ നിന്നും സിഡിയില്‍ കോപ്പി ചെയ്ത് നല്‍കി കലാസമിതിക്കാര്‍ക്കൊപ്പം ഭക്ഷണവും നല്‍കി എന്നെ യാത്രയാക്കാന്‍ രഘുവേട്ടന്‍ ഒരാളെ ചുമതലപ്പെടുത്തി.
അരമണിക്കൂറിനകം പയ്യന്നൂരിലെത്തിയാല്‍ ട്രെയിന്‍ കിട്ടും. സമിതിയംഗം ഷാജി പരമാവധി വേഗത്തിലാണ് സ്‌കൂട്ടര്‍ ഓടിക്കുന്നത്. യാത്രയിലുടനീളം നാടക സംസാരം. സ്വാതന്ത്ര്യസമരസേനാനിയു നടനുമായിരുന്ന കുതിരപന്തിമഠത്തില്‍ കുഞമ്പു സ്മാരക കലാസമിതിയാണ് കെ എം കെ. അഞ്ച് വര്‍ഷം മുന്‍പ് പൂവന്‍പഴം എന്ന നാടകം പ്രബലന്‍ വേലൂരിന്റെ സംവിധാനത്തില്‍ സമിതി വേദിയിലെത്തിച്ചിരുന്നു. കെ എം കെയുടെതന്നെ ചരിത്രം പ്രശസ്ത സംവിധായകനായ പ്രിയനന്ദനും സമിതിയ്ക്കായി മുന്‍പ് വേദിയിലെത്തിച്ചു. ത്രിശ്ശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ത്രിക്കരിപ്പൂര്‍ എന്ന ഗ്രാമത്തിലെ നാടകകൂട്ടായ്മ.
ഗ്രാമീണതയുടെ വിശുദ്ധിയും നൈര്‍മല്യവും ചോര്ന്ന് പോകാതെ തന്നെ ഒരു പുതിയ തിയേറ്റര്‍ സംസ്‌കാരം രൂപപ്പെടുകയാണിവിടെ. ദീപന്‍ ശിവരാമന്‍ നാട്ടില്‍ നാടകം ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തെ കിട്ടില്ലെന്ന് പറഞ്ഞ് കളിയാക്കിയ സംഭവം ഷാജി പറയുകയുണ്ടായി.  ഈ നാടകനാട് കാണാതെ പോകാന്‍ ഒരു നാടകപ്രവര്‍ത്തകനുമാകില്ലെന്ന് പറഞ്ഞ് ഞാന്‍ കോഴിക്കോട്ടേക്ക് വണ്ടി കയറി.

(nb: ഒന്നര ലക്ഷം രൂപ അവതരണചെലവില്‍ കെ എം കെ കലാസമിതി നാടകം അവതരിപ്പിക്കും. ph.9495 768 933)

Leave a Reply