തൃക്കരിപ്പൂര്‍ കെഎംകെ സ്മാരക കലാസമിതിയുടെ ബാനറില്‍ ദീപന് ശിവരാമന് ഒരുക്കിയ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നാടകാവിഷ്കാരത്തിന് മെയ് 23,24,25 തിയ്യതികളില്‍ കോഴിക്കോട് വേദിയാകുന്നതിന്റെ പശ്ചാത്തലത്തില്‍ നോവലിന്റെ പ്രധാന്യത്തെയും എന്തുകൊണ്ട് ഖസാക്ക് എന്നതിനെ കുറിച്ച് വി. മുസഫര്‍ അഹമ്മദ് പറയുന്നു.
ഏത് നാട്ടിന്‍പുറത്തും സംഭവിക്കാവുന്ന ഒരു ഗ്രാമകഥയായ ഖസാക്ക് എങ്ങിനെയാണ് മലയാളത്തിലെ പ്രധാനപ്പെട്ട ഒരു നോവല്‍ ആയി മാറിയത്? എത്രയെത്രയോ കൃതികള്‍ ഉണ്ടായിരിക്കെ ദീപന് ശിവരാമന് ഒ.വി. വിജയന്റെ ഖസാക്ക് ന്റെ നാടകാവിഷ്കാരത്തിന് തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?
രവിയാണ് ഒ.വി.വിജയന്റെ ഖസാക്കിലെ മുഖ്യകഥാപാത്രം. ആ കൃതി നാടകമാകുമ്പോള്‍ രവിയുടെ സ്ഥാനത്ത് മറ്റൊരുപാട് പേര് കേന്ദ്രകഥാപാത്രങ്ങളായി വരുന്നു. നിരവധിയായ കാര്യങ്ങളെ, അനവധി സത്യങ്ങളെ ഒറ്റ ചുമരെഴുത്തിലേക്ക് ചുരുക്കിക്കാണുന്നതിലെ ശരികേടാണ് ഖസാക്ക് മലയാളിയെ അനുഭവിപ്പിച്ചത്. ദീപന്റെ നാടകം അനുഭവിപ്പിക്കുന്നതും അതുതന്നെ.
മൂന്നുപതിറ്റാണ്ടിലേറെക്കാലമായി മലയാളികള്‍ പലവിധത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒറ്റപ്പെടല്‍ പ്രക്രിയയെയാണ് ദീപന് ശിവരാമന്റെ നാടകം അഭിസംബോധന ചെയ്യുന്നത്. ദരിദ്രമായ ഒരു കാലത്ത് ആളുകള്‍ ഒന്നിച്ചുനിന്നതെങ്ങനെ, ജീവിതത്തെ ചിട്ടപ്പെടുത്തിയതെങ്ങനെ, സ്വന്തം രാഷ്ട്രീയവും വിശ്വാസങ്ങളും പുലര്‍ത്തി ജീവിച്ചതെങ്ങനെ എന്നതിന്റെ ആഖ്യാനമാണ് വിജയന്റെ ഖസാക്ക് എന്നപോലെ ദീപന്റെ ഖസാക്കും. ഒന്നിച്ചു ജീവിച്ച മലയാളി ഓരോരോ സമുദായങ്ങളും മതങ്ങളും തൊഴില്‍ ഗ്രൂപ്പകളുമായി ഒറ്റയൊറ്റയായി പിരിഞ്ഞതെങ്ങനെ എന്നതിന്റെ ആവിഷ്കാരം കൂടിയാണ് ദീപന്റെ ആഖ്യാനം. എത്രയെത്രയോ വ്യത്യസ്തതകള്ക്കി ടയില്‍ കേരളത്തിലെ ജനങ്ങള്‍ എങ്ങനെയാണ് ഇന്നും ഒന്നിച്ചുജീവിക്കുന്നത് എന്ന് നാടകം അനുഭവിപ്പിക്കുന്നു.
ഒന്നിനും കൊള്ളാത്തതെന്ന് ഒരു കാലത്ത് എത്രയോ പേര് വിമര്ശിച്ചുതള്ളിയ കൃതിതന്നെ ഇടതുപക്ഷക്കാര്‍ അടക്കമുള്ളവര്‍ക്ക് ഒരുമിച്ചിരിക്കാനും ഒരുമിച്ചനുഭവിക്കാനുമുള്ള കലാസൃഷ്ടിക്ക് നിമിത്തമായിത്തീര്‍ന്നു എന്നത് ആഹ്ലാദകരമാണ്.