തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ പാര്‍ട്ടികളും അവരുടെ പ്രകടനപത്രികകള്‍ പുറത്തിറക്കി കഴിഞ്ഞു. കുടിവെള്ളം, പരിസ്ഥിതി, റോഡ്, കാര്‍ഷിക പ്രശ്നങ്ങള്‍ എന്നിവ പ്രധാനവിഷയങ്ങളാക്കിയതാണ് പ്രകടനപത്രികകള്‍. എന്നാല്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താത്ത ഒരു വിഭാഗം ഇന്നുണ്ട്. അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കുകളില്‍ ഒതുങ്ങിയപ്പോള്‍ ജീവിതവും സ്വപ്നവും നഷ്ടമായ കോംട്രസ്റ്റ് നെയ്ത്ത്ഫാക്ടറി ജീവനക്കാര്‍. 107 ജീവനക്കാരാണ് 7 വര്‍ത്തോളമായി സമരരംഗത്തുള്ളത്. ഭരണം മാറിമാറി വരുമ്പോള്‍ തങ്ങള്‍ക്ക് കിട്ടേണ്ട നീതി ലഭിക്കാതെ പോയതിന്റെ ആശങ്കയാണ് ഇവര്‍ക്ക് പങ്കുവെക്കാനുള്ളത്.
2009ലാണ് ഫാക്ടറി അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ ആദ്യമായി പ്രതിഷേധവുമായി രംഗത്തെത്തുന്നത്. അന്ന് ഭരണത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ കോംട്രസ്റ്റ് ഉള്‍പ്പെടയുള്ള സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ പരിഹാരമാവുകയുള്ളൂ എന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നയം. എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലാവധി പൂര്‍ത്തിയായതോടെ പ്രശ്നങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തിലായി. 2011ല്‍ സമരരംഗം കൂടുതല്‍ ശക്തമാക്കി ജീവനക്കാര്‍ കോംട്രസ്റ്റ് വര്‍ക്കേഴ്സ് ആക്ഷന്‍ കമ്മ്യൂണിറ്റി രൂപീകരിക്കുകയും ഇവരുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 25 മുതല്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാര സമരവും തുടങ്ങിയിരുന്നു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ഉറപ്പിന്മേലാണ് നവംബര്‍ 5ന് സമരം അവസാനിപ്പിച്ചത്. പിന്നീട് കോംട്രസ്റ്റ് അക്വിസിഷന്‍ ആന്‍ഡ് അണ്ടര്‍ടേക്കിങ് ബില്‍ നിയമസഭ 2012 ജൂലൈ 25നാണ് പാസാക്കുന്നത്.എന്നാല്‍ ബില്ലിനെ സംബന്ധിച്ച് യാതൊരു നടപടിയും പീന്നീടുണ്ടായില്ല. തൊഴിലാളികള്‍ക്കിപ്പോള്‍ ഏക ആശ്വാസം കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് ലഭിക്കുന്ന ജീവനാംശമാണ്. 5000 രൂപയാണ് ഇവര്‍ക്ക് പ്രതിമാസം നല്‍കുന്നത്. ഇനി വരുന്ന സര്‍ക്കാറെങ്കിലും വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍