കോഴിക്കോടിന്റെ മാലിന്യപ്രശ്നങ്ങള്‍ക്ക് ഇതുവരെയും പരിഹാരമാവാത്ത സാഹചര്യത്തില്‍ കോഴിക്കോടിനെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യവുമായി ജനങ്ങളെ ബോധവത്കരിക്കാനായി കോര്‍പ്പറേഷന്റെ ‘വണ്‍ ഡേ ടൂര്‍’.
പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ അതിനൊരു പരിഹാരമെന്നോണം ജനങ്ങളെ ബോധവത്കരിക്കാനായി തയ്യാറാക്കിയ ഹ്രസ്വചിത്രമാണ് വണ്‍ ഡേ ടൂര്‍. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ജൈവമാലിന്യങ്ങളും ഓരോ വീട്ടില്‍ നിന്നും രണ്ടായി വേര്‍തിരിച്ച് നല്‍കേണ്ടതിന്റെ ആവശ്യകതയാണ് ഹ്രസ്വചിത്രത്തിനാധാരം.
കേരളത്തിലെ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന മാലിന്യ നിര്‍മ്മാര്‍ജന പ്ലാന്റുകളിലൊന്നായ ഞെളിയന്‍പറമ്പില്‍ എഴുപത്തിയഞ്ച് മുതല്‍ 100 വരെ ടണ്‍ പ്ലാസ്റ്റിക്കാണ് ദിവസേന അവിടെയെത്തുന്നത്. ഈ പ്ലാസ്റ്റിക്ക് ഇതര മാലിന്യങ്ങള്‍ പൂര്‍ണ്ണമായും സംസ്കരിച്ച് ജൈവവളമാക്കി മാറ്റുന്നുണ്ട്. എന്നാല്‍ പ്ലാസ്റ്റിക്ക് കൂടിച്ചേര്ന്നുവരുന്ന മാലിന്യങ്ങള്‍ പൂര്‍ണമായും സംസ്കരിക്കാനാവാത്തതിനാല് പുറന്തള്ളപ്പെടുകയും ഇത് പത്തേക്കറോളം വരുന്ന സ്ഥലത്ത് കൂട്ടിയിട്ടിരിക്കുകയുമാണ്. പ്ലാസ്റ്റിക്ക് കത്തിക്കുന്നത് മാരകമായ രോഗങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. ഒരേക്കര്‍ സ്ഥലത്ത് കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യണമെങ്കില്‍ ഏകദേശം രണ്ട് കോടിയോളം രൂപ ചെലവ് വരും.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ച് മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ജനങ്ങളെ ബോധവത്കരിക്കാനുമാണ് കോര്‍പ്പറേഷന്റെ ‘വണ്‍ ഡേ ടൂര്‍’ ഹ്രസ്വചിത്രം . സുധീര്‍ അമ്പലപ്പാടിന്റെ് തിരക്കഥയില്‍ അനീഷ് ഭരത് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തില്‍ ചലച്ചിത്രതാരം സുരഭിയും അതുലുമാണ് മുഖ്യകഥാപാത്രമാകുന്നത്.