പാലായില്‍ പതിമൂന്നാമതും മത്സരത്തിനിറങ്ങിയ കെ.എം മാണിയെ മണ്ഡലം കൈവിട്ടില്ല. 4703 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് മാണി വിജയിച്ചത്. എന്‍.സി.പിയിലെ മാണി സി.കാപ്പനാണ് തൊട്ടുപിന്നില്‍. ബി.ജെ.പിയിലെ എന്‍.ഹരിയാണ് മൂന്നാമത്. ബാര്‍കോഴയും പാലായിലെ റബര്‍ സഹകരണ തട്ടിപ്പും പി.സി ജോര്‍ജ് ഇഫക്ടും മാണിയെ അട്ടിമറിക്കുമെന്ന് സൂചനയുണ്ടായിരുന്നു. മാണി പരാജയപ്പെടുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം തള്ളിയാണ് മാണി വിജയത്തിലെത്തിയത്. കഴിഞ്ഞ തവണ 5500 ഓളം വോട്ടിനാണ് മാണി വിജയിച്ചത്.
പത്ത് മന്ത്രിസഭകളിൽ അംഗമായിരുന്ന മാണിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നതിന്റെ റെക്കോർഡ്. ഏറ്റവും കൂടുതൽ നിയമ സഭകളിൽ മന്ത്രിയായിട്ടുള്ളതും മാണിയാണ്
സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.1977- 78 ൽ മന്ത്രിയായിരിക്കെ രാജി വെക്കേണ്ടി വന്ന ഒരു ഇടവേളക്ക് ശേഷം അതേ മന്ത്രിസഭയിൽ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ കൂടുതലായി വന്നത്.
ഏറ്റവും കൂടുതൽ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോർഡും കെ.എം മാണിയുടെ പേരിലാണ്. 1964ൽ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തിൽ 1965 മുതൽ പതിമൂന്ന് തവണയും അവിടെ ജയിച്ച മാണി ഒരിക്കലും തെരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല.
ഏറ്റവും കൂടുതൽ കാലം നിയമവകുപ്പും (16.5 വർഷം) ധനവകുപ്പും(6.25 വർഷം) കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്. ഏറ്റവും കൂടുതൽ കാലം നിയമസഭാഗം ഏറ്റവും കൂടുതൽ തവണ (12 തവണ)ബഡ്ജറ്റ് അവതരിപ്പിച്ച മന്ത്രി എന്നീ റെക്കോർഡുകളും മാണിയുടെ പേരിലാണ്
