രാജ്യം നേരിടുന്ന അസഹിഷ്ണുതക്ക് കേരളത്തിന്റെ മറുപടിയാണ് പട്ടാമ്പിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി മുഹമ്മദ് മുഹസ്സിന്റെ വിജയം. ശ്രദ്ധേയമായ പോരാട്ടം നടന്ന പട്ടാമ്പി മണ്ഡലത്തില്‍ മുഹ്സ്സിന് പിടിച്ചെടുത്തത് ചുവപ്പിന്റെ നഷ്ടപ്രതാപമാണ്. പട്ടാമ്പിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ജെഎന്‍യു വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് മുഹസ്സിന് മിന്നും വിജയമാണ് കാഴ്ച്ചവെച്ചത്. 2001 മുതല്‍ പതിനഞ്ച് കൊല്ലത്തോളം തുടര്‍ടച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച കോണ്‍ഗ്രസിന്റെ സിപി മുഹമ്മദിനെ അട്ടിമറിച്ചാണ് മുഹസ്സിന് തെരഞ്ഞെടുക്കപ്പെട്ടത്. പണം നല്കി വോട്ട് പിടിക്കാനുള്ള സിപിയുടെ ശ്രമം ഇത്തവണ വിലപ്പോയില്ല. ഒപ്പം മോഡി സര്‍ക്കാരിന്റെ ഫാസിസത്തിനെതിരെ രാജ്യമാകെ അലയടിച്ച ജെഎന്‍യു പോരാട്ടം പട്ടാമ്പിയിലും പ്രതിഫലിച്ചു. പുതിയ നിയമസഭയല്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമാകും 30കാരനായ ജെഎന്‍യുവിലെ ഈ വിദ്യാര്‍ത്ഥി നേതാവ്.
ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉറച്ച കോട്ടയായിരുന്നു പട്ടാമ്പി. 1960ല്‍ ഇഎംഎസ് നമ്പൂതിരിപ്പാട് ജയിച്ചു മുഖ്യമന്ത്രിയായത് ഇവിടെനിന്നായിരുന്നു. 1957ല്‍ രൂപീകൃതമായ മണ്ഡലത്തില്‍ നടന്ന 13 തെരഞ്ഞെടുപ്പുകളില്‍ ഒമ്പതിലും ഇടതുപക്ഷമാണ് വിജയിച്ചത്. ഇഎംഎസ് നാലുതവണ ജയിച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ തലയെടുപ്പുള്ള നേതാക്കള്‍ ജയിച്ചുകയറിയ ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്നു നിളാ തീരത്തുള്ള ഈ മണ്ഡലം. എന്നാല്‍ പിന്നീട് സിപി മുഹമ്മദ് എന്ന കരുത്തന്റെ ഹാട്രിക് വിജയത്തോടെ കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായി പട്ടാമ്പി മാറി. ഇടതു തരംഗമുണ്ടായ 2006ല്പോലും ഇവിടെ സിപിയ്ക്ക് അടിതെറ്റിയില്ല. ആറുതവണ പട്ടാമ്പിയില്‍ മത്സരിച്ച സിപിഐ നേതാവായ കെ.ഇ ഇസ്മയിലിന് മൂന്നുതവണ മാത്രമാണ് ജയിക്കാന്‍ ആയത്. അത്തരമൊരു മണ്ഡലമാണ് ചെറുപ്പക്കാരനായ മുഹ്സിനിലൂടെ സിപിഐ തിരിച്ചുപിടിച്ചിരിക്കുന്നത്.
പട്ടാമ്പിയില്‍ വിജയം കൈപ്പിടിയില്‍ നിന്നും അകന്നതോടെയാണ് കഴിഞ്ഞവര്‍ഷം മുതല്‍ പരീക്ഷണമെന്ന നിലയില്‍ പുതുമുഖങ്ങളെ സിപിഐ ഇവിടെ അണിനിരത്താന്‍ തുടങ്ങിയത്. ജില്ലാ സെക്രട്ടറിയും, മണ്ഡലത്തിനു പുറത്തുളള കെ.പി സുരേഷ് രാജ് കഴിഞ്ഞ തവണ ആദ്യമായി മത്സരത്തിനിറങ്ങിയെങ്കിലും വിജയിക്കാനായിരുന്നില്ല. നേരത്തെ ഈ മണ്ഡലം സിപിഐഎമ്മിന് വിട്ടുകൊടുത്ത് പകരം മറ്റേതെങ്കിലും മണ്ഡലം സ്വീകരിക്കാനും സിപിഐ ശ്രമിച്ചിരുന്നു.
ജെഎന്‍യുവിലെ സമരവും, സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡന്റുമായ കന്നയ്യകുമാറും ദേശീയ തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടതും, ജെഎന്‍യുവിലെ സമരങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ യുവാക്കള്‍ക്കിടയിലുണ്ടായ ഐക്യപ്പെടലുമാണ് പട്ടാമ്പിയിലേക്ക് നാട്ടുകാരനും ജെഎന്‍യു ഗവേഷക വിദ്യാര്‍ഥിയുമായ മുഹമ്മദ് മുഹ്സിനെ തന്നെ പരിഗണിക്കാന്‍ സിപിഐ ജില്ലാ നേതൃത്വത്തെയും, സംസ്ഥാന നേതൃത്വത്തെയും പ്രേരിപ്പിച്ചത്. അതു തെറ്റിയില്ല.
മുഹ്സിന്റെ പ്രചാരണത്തിനായി ജെഎന്‍യുവിലെ സഹപ്രവര്‍ത്തകനും, സുഹൃത്തും സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡന്റുമായ കന്നയ്യകുമാര്‍ പ്രചാരണത്തിനെത്തിയത് മണ്ഡലത്തില്‍ ആവേശം പകര്‍ന്നിരുന്നു. കന്നയയുടെ വരവ് മുഹ്സിന്റെ പോരാട്ടത്തെ ദേശീയതലത്തില്‍ തന്നെ വാര്ത്തായക്കി.
മണ്ഡലത്തിലും പുറത്തും വേരോട്ടവും സ്വാധീനവുമുള്ള ഓങ്ങല്ലൂരിലെ അറിയപ്പെടുന്ന പണ്ഡിതരുടെ തറവാട്ടിലെ അംഗമായ മുഹ്സിന്റെ കന്നിമത്സരമാണിത്. മുസ്ലിം വിഭാഗങ്ങള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ പ്രദേശത്തെ പ്രമുഖ മതപണ്ഡിതന്റെ പേരക്കുട്ടി എന്ന ഖ്യാതിയും മണ്ഡലത്തിലെ മുസ്ലിം വോട്ടുകള്‍ വീഴിത്തുന്നതില് മുഹസിനെ തുണച്ചു. പട്ടാമ്പിയിലെ പ്രമുഖ മുസ്ലിം പണ്ഡിതനായ കാരക്കാട് മാനു മുസ്ലിയാരുടെ പേരമകനാണ് മുഹമ്മദ് മുഹ്സിന്. ചിലയിടങ്ങളില്‍ ഈ ടാഗ് ലൈന്‍ ഉപയോഗിച്ച് പ്രചാരണ ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
കേരള സര്‍വകലാശാലയില്‍ നിന്ന് ബിഎസ്സി ഇലക്ട്രോണിക്സും കോയമ്പത്തൂര്‍ അമൃത സര്‍വകലാശാലയില്‍ നിന്ന് എംഎസ്ഡബ്ല്യുവും പൂര്‍ത്തിയാക്കിയാണ് മുഹ്സിന് ജെ.എന്‍.യുവില്‍ എത്തുന്നത്. പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശിയായ മുഹ്സിന് സര്‍വകലാശാല സോഷ്യല്‍ വര്‍ക്സ് വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ്. അട്ടപ്പാടിയിലെ ആദിവാസിപ്രശ്നങ്ങളെക്കുറിച്ച് ആധികാരികമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസംഘം നിയോഗിച്ച സംഘത്തിലും അംഗമായിരുന്നു.
2001, 2006, 20011 തെരഞ്ഞെടുപ്പുകളില്‍ ഹാട്രിക് വിജയവുമായാണ് സിപി മുഹമ്മദ് നാലാമത്തെ പോരിനിറങ്ങിയത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ കെ.പി.സുരേഷ് രാജിനെതിരെ സിപി മുഹമ്മദ് 12,536 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എന്നാല്‍ ലോക്സഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ചിത്രം മാറി. ഇടതുമുന്നണി വ്യക്തമായ ലീഡ് നേടി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 6590 വോട്ടിന്റെ ഭൂരിപക്ഷമാണ് എംബി രാജേഷിന് മണ്ഡലം നല്‍കിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീടുകള്‍ കയറി വോട്ട് ചോദിക്കവെ വോട്ടറായ വീട്ടമ്മയ്ക്ക് സിപി മുഹമ്മദ് പണം നല്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കുറ്റം തെളിഞ്ഞാല്‍ അയോഗ്യത കല്പിക്കുമെന്നിരിക്കെ ഇതും പ്രചാരണത്തിനിടെ മണ്ഡലത്തില്‍ ചര്‍ച്ചാവിഷയമായി. വോട്ടിന് പണം തരാന്‍ കഴിയില്ല. പകരം തരാം സ്നേഹവും നല്ലൊരു നാളെയും എന്നായിരുന്നു സിപി മുഹമ്മദിനുള്ള മുഹ്സിന്റെ മറുപടി.