കോഴിക്കോട് ആകെയുള്ള 13 മണ്ഡലങ്ങളില്‍ 11 എണ്ണം വിജയിച്ച് കയറി ഇടതുപക്ഷം കരുത്ത് കാട്ടി. തിരുവമ്പാടി, കൊടുവള്ളി ഉള്‍പ്പെടെയുള്ള യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളില്‍ വെന്നിക്കൊടി പാറിക്കാനായപ്പോള് കൈയ്യിലുള്ള കുറ്റ്യാടി മണ്ഡലം കൈവിട്ടുപോയതിന്റെ ഞെട്ടലിലാണ് ഇടത് ക്യാമ്പ്. 1157 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പാറയ്ക്കല്‍ അബ്ദുള്ള കെകെ ലതികയെ തോല്‍പ്പിച്ചത്. 2011ല്‍ 6972 ആയിരുന്നു കെ കെ ലതികയുടെ ഭൂരിപക്ഷം. തിരുവമ്പാടി യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎം ഉമ്മര്‍ മാസ്റ്ററെ 3008 വോട്ടിനാണ് ജോര്‍ജ്ജ് എം തോമസ് തോല്‍പ്പിച്ചത്. കഴിഞ്ഞ തവണ സി മോയിന്‍കുട്ടി 3833 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ് ഇടതുപക്ഷം പിടിച്ചെടുത്തത്. മത്തായി ചാക്കോയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ജോര്‍ജ്ജ് എം തോമസിനിത് മണ്ഡലത്തില്‍ രണ്ടാമൂഴമാണ്. യുഡിഎഫിന്റെ ഉരുക്കുകോട്ടയെന്നറിയപ്പെടുന്ന കൊടുവള്ളിയില്‍ ലീഗ് വിമതനെ രംഗത്തിറക്കിയ ഇടത് തന്ത്രം വിജയം കണ്ടു. 2006ല്‍ പിടിഎ റഹീം വിജയിച്ച കൊടുവള്ളിയില്‍ അതേതന്ത്രം ഉപയോഗിച്ച് തന്നെ ഇടതുപക്ഷം വീണ്ടും ജയിച്ചുകയറി. എംഎ റസാഖ് മാസ്റ്ററെ 61033 വോട്ടിനാണ് കാരാട്ട് റസാഖ് പരാജയപ്പെടുത്തിയത്. ജില്ലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ കോണ്‍ഗ്രസ് പ്രതിനിധി പോലും ഉണ്ടാകാത്ത അതേ അവസ്ഥ തന്നെയാണ് ഇത്തവണയും. ഇടത് തരംഗത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളായ, കോഴിക്കോട് സൗത്തില്‍ എം കെ മുനീറുനും, കുറ്റ്യാടിയില്‍ പാറയ്ക്കല്‍ അബ്ദുള്ളയ്ക്കും മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. പേരാമ്പ്രയില്‍ കഴിഞ്ഞതവണയുണ്ടായ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ ഗണ്യമായ കുറവ് ഇത്തവണയുണ്ടായി. അതേ സമയം വടകരയിലെ പഴയപ്രതാപം തിരിച്ചുപിടിക്കാന്‍ ഇടതുപക്ഷത്തിനായി ആര്‍എംപിയുടെ വോട്ട് നിലയില്‍ കഴിഞ്ഞതവണത്തേതിനേക്കാള് 10,000ത്തോളം വോട്ടിന്റെ വര്‍ധനവുണ്ടായപ്പോള്‍ യുഡിഎഫിന്റെ വോട്ടില്‍ ഇത്രതന്നെ കുറവും കാണാം. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ തവണ കഷ്ടിച്ച് ജയിച്ച മുനീര്‍ തന്റെ ഭൂരിപക്ഷം വര്‍ധിപ്പിച്ചു.
