വേനലവധി കഴിഞ്ഞ് നാളെ സ്കൂള്‍ തുറക്കുകയാണ്. ഇതോടെ വിദ്യാര്‍ത്ഥികളുടെ ബസ്സ് യാത്രാദുരിതം തുടങ്ങുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല യാത്ര സൗകര്യങ്ങള്‍ക്കായി സവാരിഗിരി പദ്ധതിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ഓര്‍മ്മിപ്പിക്കുയാണ് കളക്ടര്‍ എന്‍ പ്രശാന്ത്. വിദ്യാര്‍ത്ഥികളോട് നല്ല രീതിയില്‍ പെരുമാറണമെന്ന് ബസ്സ് ജീവനക്കാരോട് നിര്‍ദേശിക്കുകയാണ് കളക്ടര്‍. അല്ലാത്തപക്ഷം ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്ന വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും കളക്ടര്‍ പറയുന്നു. വിദ്യാര്തഥികളോട് മോശമായി പെരുമാറുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭരണകൂടത്തെ അറിയിക്കണമെന്നും കളക്ടര്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
വേനലവധി കഴിഞ്ഞ് സ്ക്കൂൾ തുറക്കുകയാണ്. ഒരു പ്രധാന ആശങ്ക കുട്ടികളുടെ യാത്രാപ്രശ്നമാണു. ഇതേപ്പറ്റി പലരോടുമായി പല കാര്യങ്ങൾ ഓർമിപ്പിക്കാനുണ്ട്.
വിദ്യാർത്ഥികൾ നേരിടുന്ന യാത്രാ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനും കുട്ടികൾക്ക് മാന്യമായി യാത്രചെയ്യാനവസരം ഒരുക്കുവാനുമായി വിഭാവനം ചെയ്ത സവാരിഗിരി പദ്ധതി കഴിഞ്ഞ വർഷം പരീക്ഷണഓട്ടം നടത്തിയിരുന്നു. പദ്ധതി പ്രവർത്തനങ്ങൾ ഒരു മാസത്തിനകം പൂർത്തിയാക്കേണ്ടതുണ്ട്. ജില്ലയിലെ എല്ലാ വിദ്യാർത്ഥികളുടെയും വിവര ശേഖരണം എന്ന ഭാരിച്ച ഒരു വെല്ലുവിളിയണ് ഇതിനൊരു തടസ്സമായി നിലകൊള്ളുന്നത്. വിദ്യാർത്ഥികൾക്ക് സ്മാർട്ട് കാർഡ് അനുവദിക്കുന്നതിലേക്കായി ലഭ്യമാക്കേണ്ട വിവരങ്ങൾ പല പ്രാവശ്യമായി ബന്ധപ്പെട്ടിട്ടും ചില സ്ക്കൂളുകൾ ഇതുവരെ ഇതുമായി ബന്ധപ്പെട്ട ഏജൻസിക്ക് ലഭ്യമാക്കിയിട്ടില്ല. എല്ലാ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും രക്ഷിതാക്കളുടെയും പൂർണ്ണ സഹകരണം ഇതിനായി വേണം
മാന്യമായ ബസ്സ് യാത്ര കുട്ടികളുടെ അവകാശമാണ്. ആരുടേയും ഔദാര്യമല്ല. കുട്ടികളൊട് ചില ബസ്സ് ജീവനക്കാർ മോശമായി പെരുമാറുന്ന സാഹചര്യം നിലവിലുണ്ട്. കുട്ടികളെ ബസ്സിൽ കയറ്റാതിരിക്കുക, ഇരിക്കാൻ അനുവദിക്കാതിരിക്കുക, തുടങ്ങിയ മോശപ്പെട്ട പെരുമാറ്റ രീതികളെ പറ്റി ധാരാളം പരാതികളും ലഭിക്കാറുണ്ട്. ഇതിൽ പലതും തെളിയിക്കപ്പെട്ടാൽ ബസ് പെർമിറ്റ് റദ്ദാക്കാൻ പര്യാപ്തമായവയാണു. ബസ്സിൽ കയറാൻ വരുന്ന വിദ്യാർത്ഥികളോടുള്ള പെരുമാറ്റം തികച്ചും മാന്യമായിരിക്കണം എന്ന് ബസ് ജീവനക്കാരെ ഒന്ന് കൂടി ഓർമിപ്പിക്കുന്നു. നമുക്ക് സമാധാനപരമായി സഹവർത്തിക്കാം. കടുംകൈകൾ ചെയ്യാൻ നിർബന്ധിക്കരുത്. പ്ലീസ് .
കുട്ടികൾക്ക് മാന്യമായ യാത്ര ഉറപ്പ് വരുത്തുക നമ്മൾ മുതിർന്നവരുടെ ഉത്തരവാദിത്തമാണ്. കുട്ടികളോടുള്ള മാന്യമായ പെരുമാറ്റം ഉറപ്പു വരുത്താൻ ബഹുജന പങ്കാളിത്തം കൂടി ആവശ്യമാണു. ഏതെങ്കിലും ബസ്സിൽ കുട്ടികളോട് മോശമായ പെരുമാറുന്നത് കാണുകയാണെങ്കിൽ അത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെടുത്തുക. നിങ്ങളുടെ മൊബൈൽ ഫോണിൽ ഒരു വീഡിയോ എടുത്ത് ഈ ഫേസ്ബുക് പേജിലേക്ക് അയച്ചു തരലാണു ഏറ്റവും പറ്റിയ വഴി. വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ ബസ്സുകളുടെ പെർമിറ്റ് റദ്ദ് ചെയ്യൽ ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ ഉണ്ടാവും.
ഓർമിപ്പിച്ച കാര്യങ്ങൾ മറക്കില്ലല്ലോ? നമ്മുടെ കുട്ടികൾ അന്തസ്സോടെ മനസ്സമാധാനമായി ക്ലാസിൽ പോവട്ടെ. എല്ലാവരും കാര്യമായി ഒന്ന് ഉൽസാഹിക്കണം. ഓക്കേ?
#CompassionateKozhikode