Home » എഡിറ്റേഴ്സ് ചോയ്സ് » ജിഷയ്ക്കു വേണ്ടി ആംനസ്റ്റി; ക്യാമ്പയിനിൽ ഒപ്പിട്ടത് കാൽലക്ഷത്തിലേറെ പേർ

ജിഷയ്ക്കു വേണ്ടി ആംനസ്റ്റി; ക്യാമ്പയിനിൽ ഒപ്പിട്ടത് കാൽലക്ഷത്തിലേറെ പേർ

പെരുമ്പാവൂരിൽ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ദളിത് യുവതിക്ക് നീതി ലഭിക്കാൻ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇടപെട്ടു. ആംനസ്റ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പയിനിൽ കാൽ ലക്ഷം പേർ ഒപ്പുവച്ചു. ജിഷയ്ക്കും കുടുംബത്തിനും നീതി ഉറപ്പാക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ വിമൻസ് റൈറ്റ്സ് പ്രോഗ്രാം മാനേജർ രേഖാ രാജ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഇവർ ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും കാണും.

ജിഷ സംഭവത്തിൽ പൊലീസ് പുലർത്തിയ നിഷ്ക്രിയത്വത്തിനെതിരെ മെയ് 14 നാണ് ആംനസ്റ്റി ഇന്റർനാഷണൽ ഓൺലൈൻ ഒപ്പുശേഖരണത്തിന് തുടക്കമിട്ടത്.
ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ വിമൻസ് റൈറ്റ്സ് പ്രോഗ്രാം മാനേജർ രേഖാ രാജ് പുറത്തിറക്കിയ വാർത്താക്കുറിപ്പിന്റെ പൂർണ്ണരൂപം:

ജിഷ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത്‌ നിന്നുണ്ടായതായി  ആരോപിക്കപ്പെടുന്ന അലംഭാവം പരിഗണിച്ചു കൊണ്ട് ജിഷയ്ക്കും കുടുംബത്തിനും നീതി ഉറപ്പാക്കാൻ കേരളത്തിലെ പുതിയ സർക്കാർ തയ്യാറാകണം. ജിഷ കൊല്ലപ്പെട്ടു ഒരു മാസമായിട്ടും പ്രഥമവിവരറിപ്പോർട്ടിന്റെ പകർപ്പ്  ഇത് വരെയും കുടുംബാംഗങ്ങൾക്ക് ലഭ്യമായിട്ടില്ല എന്ന് ആംനെസ്റ്റി ഇന്റർനാഷനൽ ഇന്ത്യയുടെ  വിമെൻസ് റൈറ്റ്സ് പ്രോഗ്രാം മാനേജർ രേഖ രാജ് വ്യക്തമാക്കി .

ഇക്കഴിഞ്ഞ ഏപ്രിൽ 28 നാണു  ഏറണാകുളം വട്ടോളിപ്പടി സ്വദേശിനി  30 വയസ്സുകാരിയായ ജിഷ എന്ന ദളിത്‌ നിയമവിദ്യാർത്ഥിനിയെ കൊല്ലപ്പെട്ട നിലയിൽ അവരുടെ അമ്മ കണ്ടെത്തുന്നത് .  കുടൽ പകുതി പുറത്ത് വന്ന നിലയിൽ  കാണപ്പെട്ട  മൃതശരീരത്തിൽ 38 മാരക മുറിവുകളും ബലാൽസംഗത്തിന്റെ അടയാളങ്ങളും പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. ജില്ലാതലത്തിലും ലോക്കൽ തലത്തിലും  ജിഷയുടെ അമ്മ  ഇതിനു മുന്‍പ് പല തവണ  പോലീസിന് പരാതി നല്കിയിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല എന്ന് ജിഷയുടെ സഹോദരി ആംനെസ്റ്റിയോട് പറഞ്ഞു .

കേരളത്തിന്റെ പുതിയ ആഭ്യന്തര മന്ത്രിയോട് , ജിഷ സംഭവത്തിൽ പോലിസ് പുലർത്തിയ നിഷ്ക്രിയത്വത്തിനെതിരെ ജിഷക്കും കുടുംബത്തിനും നീതി ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ മെയ്‌ 14  നു  ആരംഭിച്ച ആംനെസ്റ്റിയുടെ കാമ്പൈനിലൂടെ ഓൺലൈൻ , മൊബൈൽ പെറ്റിഷനിൽ ആയിരക്കണക്കിനു ആളുകളാണ് ഒപ്പ് വെച്ചത് .

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ആയിരക്കണക്കിനു ആംനെസ്റ്റി അംഗങ്ങളും പിന്തുണക്കാരുമാണ് ജിഷ സംഭവത്തിലെ പോലീസിന്റെ തണുപ്പൻ പ്രതികരണങ്ങൾക്കെതിരെ ഒറ്റക്കെട്ടായി തങ്ങളുടെ ശബ്ദമുയർത്തിയിരിക്കുന്നത്.  മുഖ്യമന്ത്രിയെ  ഈ വിവരം അറിയിക്കുന്നതിനും   തങ്ങളുടെ പരാതി കൈ മാറുന്നതിനുമായി  വൈകുന്നേരം അദ്ദേഹത്തെ സന്ദർശിക്കുന്നതാണ് എന്ന് രേഖ രാജ് പറഞ്ഞു.

തങ്ങളുടെ അയൽവാസിയിൽ നിന്നും നേരിട്ട ജാതിവിവേചനപ്പറ്റിയും അതിക്രമങ്ങളെപ്പറ്റിയും ജിഷയുടെ അമ്മ 2014 മേയിൽ പോലീസിനു സമർപ്പിച്ച പരാതിയുടെ പകർപ്പ് ആംനെസ്റ്റിക്ക് ലഭ്യമായിട്ടുണ്ട് . കഴിഞ്ഞ മെയ്‌ 17 നു ദേശീയ വനിതാ കമ്മിഷൻ ഇത് സംബന്ധിച്ച് കേരളത്തിലെ അധികാരികളുമായി ഇടപെട്ടിട്ടുണ്ട്.  മുഖ്യമന്ത്രി ചുമതലയേറ്റ ശേഷം മെയ്‌ 25 നു പുതിയ അന്വേഷണ സംഘത്തെ  നിയമിച്ചു ഉത്തരവിടുകയും ചെയ്തിട്ടുണ്ട് .

കുറ്റകൃത്യരംഗ പരിശോധന മുതൽ പോസ്റ്റ്‌ മോർട്ടവും ഇന്ക്വസ്റ്റ്  തയാറാക്കുന്നതുമുൾപ്പെടെയുള്ള അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിൽ ഗൌരവതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് സംഭവം നടന്നത്തിനു തൊട്ടടുത്ത ദിവസം തന്നെ അവിടം സന്ദർശിച്ച സാമൂഹ്യ പ്രവർത്തക സതി അങ്കമാലി പറഞ്ഞു . അഞ്ചു ദിവസം കഴിഞ്ഞ ശേഷമാണു വീട് സീൽ ചെയ്തത് പോലും. അവർ കൂട്ടിച്ചേർത്തു .

ഈ മാസമാദ്യം ഞങ്ങൾ  പോലിസിനെ സന്ദർശിച്ചപ്പോൾ അവരുടെ ഭാഗത്ത്‌ നിന്നുണ്ടായ നിഷ്ക്രിയത്വത്തെ അവർ പാടെ നിഷേധിക്കുകയനുണ്ടായത് .ജില്ലാ തലത്തിലുള്ള പോലിസ് അധികാരികളുമായി പല തവണ സംസാരിക്കാൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല .രേഖാ രാജ് പറഞ്ഞു .

ദളിത്‌ സമുദായങ്ങൾക്കെതിരെയുള്ള ,പ്രത്യേകിച്ചും ദളിത്‌ സ്ത്രീകൾക്കെതിരെയുള്ള വിവേചനങ്ങൾ  കുറ്റകൃത്യങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നതിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നു. അഥവാ റിപ്പോർട്ട്‌ ചെയ്യപ്പെട്ടാൽ തന്നെ ശിക്ഷാനടപടികൾ ഉണ്ടാവുന്നതിന്റെ നിരക്ക് തുലോം കുറവുമാണ് .

ആംനെസ്റ്റി ഇന്ത്യ ഇന്റർനാഷനൽ നടത്തുന്ന  റെഡി ടൂ റിപ്പോർട്ട്‌& ക്യാമ്പൈൻ മുൻ വിധിയോ വിവേചനമോ നേരിടാത്ത വിധം സുരക്ഷിതമായി  പോലീസിനോട് ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട്‌ ചെയ്യുവാൻ  സ്ത്രീകളെ  പ്രാപ്തരാക്കുന്നു .

Leave a Reply