Home » മറുകാഴ്ച » അംബേദ്‌കറെ ദൈവമാക്കും; സംവരണം നാടുനീക്കും!

അംബേദ്‌കറെ ദൈവമാക്കും; സംവരണം നാടുനീക്കും!

MODI-AMBEDKAR

ഡോ. അംബേദ്‌കറുടെ നൂറ്റി ഇരുപത്തഞ്ചാം ജന്മവാര്‍ഷികാഘോഷമായിരുന്നു ഇക്കഴിഞ്ഞ ഡിസംബര്‍ ആറിന്‌. അന്ന്‌ അംബേദ്‌കറുടെ ഛായാചിത്രത്തില്‍ മാലയിട്ട്‌ ഉപചാരമര്‍പ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടം കണ്ടവര്‍ക്ക്‌ മറ്റൊരു കര്‍സേവയുടെ പൂജയായി അതിനെ തോന്നിയാൽ അത്ഭുതമില്ല. ബാബരി പള്ളി തകർത്തവർ അംബേദ്കറുടെമേൽ ഒരു കർസേവക്ക് ഒരുങ്ങുന്നതിന്റെ തുടക്കം. എല്ലാ വിധ സംവരണവും എങ്ങനെ എടുത്തുകളയണമെന്ന സംഘപരിവാറിന്റെ മോഹമല്ലാതെ മറ്റെന്താവും കണ്ണടച്ച്‌ ബാബാ സാഹേബിനെ ഉപചരിക്കുന്ന മോദിജിയുടെ മനസ്സിലുണ്ടാവുക!

ഈ രണ്ടു സംഭവങ്ങള്‍ മാത്രം ഒന്നോര്‍ത്തുനോക്കൂ:

ഹരിയാണയില്‍ സവര്‍ണ്ണര്‍ തീക്കൊളുത്തിയ പുരയില്‍ രണ്ടു ദളിത്‌ കിടാങ്ങള്‍ വെന്തുമരിച്ചപ്പോള്‍, നായ്‌ക്കള്‍ക്കുണ്ടാകാവുന്ന ദുരന്തമായി അതിനെ കേന്ദ്രമന്ത്രി ജനറല്‍ വി കെ സിംഗ്‌ വിശേഷിപ്പിച്ചത്‌ ഒന്ന്‌. ദളിതയായ കോണ്‍ഗ്രസ്‌ നേതാവ്‌ കുമാരി ഷെല്‍ജയെ ക്ഷേത്രത്തില്‍ ജാതി ചോദിച്ച്‌ അധിക്ഷേപിച്ചപ്പോള്‍, കെട്ടിച്ചമച്ച വിവാദമായി അതിനെ മറ്റൊരു കേന്ദ്രമന്ത്രി പീയൂഷ്‌ ഗോയല്‍ വിശേഷിപ്പിച്ച സംഭവം മറ്റൊന്ന്.

ഇവ മതിയല്ലോ, അബേദ്‌കറുടെ പിന്മുറക്കാര്‍ നേരിടുന്ന ജീവല്‍പ്രശ്‌നങ്ങളോട്‌ സംഘപരിവാരം പുലര്‍ത്തുന്ന സമീപനം വ്യക്തമാവാന്‍!

ദളിതരില്ലെങ്കില്‍ ഹിന്ദുവെണ്ണം കുറയും!

ഹിന്ദുത്വക്കാര്‍ക്ക്‌ ദളിതരെ വേണ്ടത്‌ എന്തിനാണെന്നത്‌ കുപ്രസിദ്ധമാണ്‌! ദളിതര്‍ മറ്റു മതങ്ങളുടെ ഭാഗമാവുന്നത്‌ ഹിന്ദുത്വത്തിന്‌ വലിയ അപകടമാണ്‌! ബംഗാളുകാരനായ പഴയൊരു സംഘി, കേണല്‍ യു എന്‍ മുഖര്‍ജി, ഈ ആപത്തിനെക്കുറിച്ച്‌ 1909ല്‍ത്തന്നെ ഒരു പുസ്‌തകമെഴുതിയിട്ടുണ്ട്‌. ‘ഹിന്ദുക്കള്‍: ഒരു മരണോന്മുഖവംശം’ എന്ന പുസ്‌തകം അന്നുതന്നെ പ്രവചിച്ചു, നാലു നൂറ്റാണ്ടില്‍ത്താഴെ വര്‍ഷങ്ങള്‍കൊണ്ട്‌ മതംമാറ്റങ്ങള്‍ വഴി ഹിന്ദുക്കള്‍ വംശനാശം വന്നു തീര്‍ന്നുപോവുമെന്ന്‌! ഇന്നത്തെ ഘര്‍ വാപസികളുടെ അന്നത്തെ ചുമതലക്കാരനായിരുന്ന ഹിന്ദുമഹാസഭാനേതാവ്‌ സ്വാമി ശ്രദ്ധാനന്ദ്‌ 1912ല്‍ കേണല്‍ മുഖര്‍ജിയെ ചെന്നു കണ്ട്‌ ചര്‍ച്ച നടത്തിയെന്നും ചരിത്രം പറയുന്നു.

അത്രക്ക്‌ ദത്തശ്രദ്ധരാണ്‌ സംഘപരിവാര്‍, ദളിതര്‍ കൈവിട്ടുപോവരുതെന്ന കാര്യത്തില്‍. എന്നാല്‍, അംബേദ്‌കര്‍ മുന്നോട്ടുവച്ച സംവരണം എന്ന ആശയം നടപ്പാക്കുന്ന കാര്യത്തിലോ? സംവരണം മുച്ചൂടും നിര്‍ത്തലാക്കണമെന്നു ഒരു കേന്ദ്രമന്ത്രിയെങ്കിലും രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്തുചെന്നു പറയാത്ത ഒരൊറ്റ ദിവസംപോലും കാണില്ല, മോദിജി അധികാരത്തില്‍ വന്നതില്‍പിന്നെ!

ബിജെപി പത്രസമ്മേളനങ്ങളില്‍ പത്രക്കാര്‍ കൃത്യമായി ഇതേപ്പറ്റി ചോദിക്കും. ബിജെപി വക്‌താക്കള്‍ കൃത്യമായ മറുപടിയും പറയും: മന്ത്രിമാര്‍ പറഞ്ഞത്‌ പാര്‍ട്ടി നയമല്ല!

അപ്പോള്‍, പാര്‍ട്ടിനയമല്ലാത്ത കാര്യം പറഞ്ഞ മന്ത്രിമാര്‍ക്കെതിരെ എന്തെങ്കിലും നടപടി? പത്രക്കാര്‍ ചോദ്യം തുടരും.

എന്തു നടപടി! വക്താക്കള്‍ മറ്റു ചോദ്യങ്ങളിലേക്കും അവക്കുള്ള ഉത്തരങ്ങളിലേക്കും അതിനകം കടന്നുകഴിഞ്ഞിരിക്കും.

പത്രക്കാര്‍ക്ക്‌ മറുപടി വേണമെന്നുമില്ല! അവരുടെ തൊഴില്‍മേഖലയില്‍ സംവരണമൊന്നും വേണ്ടല്ലോ! സവര്‍ണ്ണപ്രതിഭകള്‍ക്കുമാത്രം ചെയ്യാനാവുന്ന വിശുദ്ധജോലിയാണ്‌ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനമെന്നതില്‍ അവര്‍ക്ക്‌ സംശയവുമില്ലല്ലോ! അപ്പോള്‍പ്പിന്നെ, എല്ലാ തൊഴിലിലും സംവരണം എടുത്തുകളയണമെന്ന സംഘപരിവാര്‍ അഭിപ്രായത്തോട്‌ അവര്‍ക്കും യോജിപ്പുതന്നെ!

കാര്യങ്ങള്‍ അങ്ങനെ പച്ചക്ക്‌ തുടരുന്നു. കോണ്‍ഗ്രസിനായാലും ബിജെപിക്കായാലും ദളിതരെ വേണം. പക്ഷെ, സംവരണം അട്ടിമറിക്കരുതെന്നും, സ്വകാര്യമേഖലയിലേക്കും സംവരണം വ്യാപിപ്പിക്കണമെന്നുമുള്ള, വിദ്യാസമ്പന്നരായ ദളിതരില്‍ ശക്തമായി വരുന്ന ആവശ്യത്തോട്‌ മറുപടി ഒന്നുതന്നെ: ഒരു വലിയ നോ! അല്ലെങ്കില്‍ ഘനഗംഭീരമൗനം!

പുതിയ പുതിയ ഇസ്ലാം തിയറികള്‍

 ഡോ. അംബേദ്‌കര്‍

ഡോ. അംബേദ്‌കര്‍

ദളിതരോടുളള തൊട്ടുകൂടായ്‌മ സവര്‍ണ്ണഹിന്ദുമതത്തിന്റേതല്ലെന്നു വരുത്താന്‍ പല കുവിദ്യകളും പയറ്റുന്നുണ്ട്‌ അന്നുതൊട്ടിന്നോളവും ഹിന്ദുത്വക്കാര്‍. അംബേദ്‌കര്‍ ജയന്തി ആഘോഷിക്കാന്‍ ആര്‍എസ്‌എസ്‌ മുഖപത്രം ‘ഓര്‍ഗനൈസര്‍’ പുറത്തിറക്കിയ പ്രത്യേക പതിപ്പിലും കാണാം ഇങ്ങനെയൊരു കുവിദ്യ.

ഇസ്ലാമിന്റെ വരവോടെയാണ്‌ ഇന്ത്യയില്‍ ജാതിവ്യവസ്ഥ രൂപപ്പെട്ടതെന്നതാണ്‌ അക്കഥ. പന്ത്രണ്ട്‌-പതിമൂന്ന്‌ നൂറ്റാണ്ടുകള്‍ക്കുമുമ്പാണ്‌ ഹിന്ദുസമുദായത്തെ അയിത്തം പിടികൂടിയതെന്ന അംബേദ്‌കറുടെ പരാമര്‍ശത്തെ ഇതിനായി ഓര്‍ഗനൈസര്‍ സഹായത്തിനെടുക്കുന്നു.

ബിജെപി ഒരുപടികൂടി കടന്ന്‌ വേറൊരു ഇസ്ലാം തിയറി കൂടി പുറത്തെടുക്കുന്നു! എന്തുവന്നാലും ഇസ്ലാംമതം സ്വീകരിക്കില്ലെന്നു പണ്ട്‌ നിലപാടെടുത്ത ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും പാതയിലേക്ക്‌ വന്നുകൊണ്ടിരിക്കുകയാണത്രേ ഇന്ത്യയിലെ ദളിതര്‍! ഇസ്ലാമിനെതിരായ പോരാട്ടക്കാരനായി ദളിതരെ അവതരിപ്പിക്കുന്ന ഈ ഗവേഷണഫലം പുറത്തുവിട്ടത്‌ ബിജെപി വക്താവ്‌ ബിസായ്‌ ശങ്കര്‍ ശാസ്‌ത്രിയാണ്‌!

എന്നാല്‍, ഹിന്ദുമതത്തിലെ അയിത്താചാരത്തെക്കുറിച്ച്‌ അംബേദ്‌കര്‍ എത്രയോ വ്യക്തമായി പറഞ്ഞത്‌ അങ്ങനെ ഇല്ലാതാവില്ലല്ലോ. അംബേദ്‌കര്‍ എഴുതുന്നു: “അയിത്തത്തിന്‌ ഒരു ജന്മദിനം നമുക്ക്‌ കണ്ടെത്താനാവുമോ? ബീഫ്‌ ഭക്ഷണശീലം എടുക്കുകയാണെങ്കില്‍, അതാണ്‌ അയിത്തത്തിന്റെ തുടക്കബിന്ദുവാകാന്‍ സാധ്യത. ബീഫ്‌ തിന്നുന്നതും പശുവിനെ കൊല്ലുന്നതും നിരോധിച്ച ദിവസമാവും മിക്കവാറും അയിത്താചരണത്തിന്റെ ജന്മദിനം.” (അംബേദ്‌കറുടെ പ്രസംഗങ്ങളും എഴുത്തുകളും പത്താം വാള്യം. എഡിറ്റര്‍: വസന്ത്‌ മൂണ്‍)

അതായത്‌, പശുവിനെ ഹിന്ദുത്വക്കാര്‍ ആയുധമായി വീണ്ടുമെടുത്തിരിക്കുന്നു എന്നതിനര്‍ത്ഥം, അയിത്താചരണത്തിന്റെ പുതിയ അധ്യായത്തിന്‌ സംഘപരിവാര്‍ തുടക്കം കുറിച്ചിരിക്കുന്നു എന്നുതന്നെ!

ആദര്‍ശയുവത്വത്തിന്‌ സംവരണം പുച്ഛം!

1930കളാണ്‌ ഇന്ത്യന്‍ ദളിതരുടെ നായകനായി അംബേദ്‌കര്‍ ഉയര്‍ന്നുവന്ന കാലം. അധഃസ്ഥിതര്‍ക്ക്‌ സംവരണമെന്ന ആശയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ അംഗീകരിക്കാന്‍ തയ്യാറാവുന്നതുപോലും അംബേദ്‌കറുടെ നേതൃത്വത്തില്‍ നടന്ന തുടര്‍ച്ചയായ ആശയപോരാട്ടങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവിലാണ്‌. ഇന്ന്‌ ബിജെപിയും മറ്റു സവര്‍ണ്ണ രാഷ്‌ട്രീയപാര്‍ട്ടികളും അംബേദ്‌കറെ പുണരുകയും സംവരണമെന്ന ആശയത്തെ ചവിട്ടുകയും ചെയ്യുന്നത്‌ എന്തുകൊണ്ടാവും?

ഉത്തരം തിരയേണ്ടത്‌ യുവാക്കളുടെ രാഷ്‌ട്രീയത്തിലാണോ? ഇടതു-വലതുഭേദമില്ലാതെ ഗ്ലോറിഫൈ ചെയ്യപ്പെടുന്ന യുവത്വത്തില്‍?

എല്ലാ പുരോഗമന-നവ നവോത്ഥാന മുന്നേറ്റങ്ങളിലും മുന്നിട്ടിറങ്ങുന്ന യുവത്വം സംവരണകാര്യത്തിലെടുക്കുന്ന നിലപാടെന്താണെന്ന്‌ സ്വകാര്യമായി അന്വേഷിച്ചുനോക്കൂ; തെളിഞ്ഞുകാണാം സംവരണത്തോടുള്ള വ്യാപകമായ എതിര്‍പ്പ്‌. സ്വന്തം അവസരങ്ങള്‍ കവരാനെത്തുന്നവരോടുള്ള പക!

കാഴ്‌ചയിലിപ്പോള്‍ അതത്ര വ്യക്തമായില്ലെന്നുവരാം. എന്നാല്‍, രാഷ്‌ട്രീയക്കാര്‍ക്ക്‌ (സവര്‍ണ്ണ)യുവാക്കളുടെ രാഷ്‌ട്രീയമെന്താണെന്നതു വ്യക്തമാണ്‌. അതുകൊണ്ടവര്‍ (സവര്‍ണ്ണ)യുവത്വത്തിന്റെ കൂടെയാണ്‌! യുവാക്കളുടെ വോട്ടാണ്‌ മോദിജിയെ ജയിപ്പിച്ചതിലെ മേജര്‍ ഷെയറെന്നത്‌ മറക്കരുത്‌.

സംഘപരിവാർ മുദ്രാവാക്യം ഇതല്ലേ?  “അംബേദ്‌കറെ ഞങ്ങള്‍ ദൈവമാക്കും; പക്ഷെ, സംവരണത്തെ ഞങ്ങള്‍ നാടുനീക്കും!”

Leave a Reply