നഗരത്തിലെ ആണ്‍കുട്ടികളുടെ മാത്രം ഹൈസ്കൂളായിരുന്ന മാനാഞ്ചിറ മോഡല്‍ ഹൈസ്കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്കിയപ്പോള് നിറഞ്ഞ മനസ്സോടെ കൂട്ടുകാരികളെ സ്വാഗതം ചെയ്യുകയായിരുന്നു ആണ്‍കുട്ടികള്‍. ആദ്യമായാണ് മോഡല്‍ ഹൈസ്കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നത്. എട്ടാംക്ലാസിലേക്ക് 42പെണ്‍കുട്ടികളാണ് ചേര്‍ന്നിരിക്കുന്നത്. എല്ലാവരും ഇംഗ്ലിഷ് മീഡിയം ക്ലാസുകളില്‍. പെണ്‍കുട്ടികള്‍ വരുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ ഒരുക്കങ്ങളെല്ലാം നടത്തിയിട്ടുണ്ടെന്ന് പിടിഎ, എംപിടിഎ ഭാരവാഹികള്‍ അറിയിച്ചു. പെണ്‍കുട്ടികളില്‍ 22 പേരെ എസ്പിസിയില്‍ ഈ വര്‍ഷം ചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്.
ഇന്നുമുതല്‍ സ്കൂളില്‍ കുടുംബശ്രീ കന്റീന്‍ തുടങ്ങും. എല്ലാ ജീവനക്കാരും വനിതകളായിരിക്കും. ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരില്‍ ഓപ്പണ്‍ ഡിബേറ്റ് ഹാള്‍ സ്കൂള്‍ മുറ്റത്ത് ഉടന്‍ നിര്‍മിക്കാനും പിടിഎയ്ക്ക് പദ്ധതിയുണ്ട്. വാനനിരീക്ഷണത്തിനായി സ്കൂളില്‍ ഒരു ടെലിസ്കോപ്പും സ്ഥാപിക്കും. സ്കൂളിന്റെ ചുറ്റുമതില്‍ പുതുക്കിപ്പണിയാനും ശുചിമുറികള്‍ നവീകരിക്കാനും, സ്കൂളിലെ ഓരോ ബ്ലോക്കിനും ഓരോ പേരിടാനും തീരുമാനമായിട്ടുണ്ട്.
സ്കൂളില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവിനെ മറികടക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കിയിരിക്കുകയാണ് സ്കൂള്‍ അധികൃതര്‍.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 74 വര്‍ഷമായി ആണ്‍കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത്. ഇവിടെ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നേരത്തെ തന്നെ പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്.