ഇരട്ടച്ചങ്കുള്ള യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായ ടിപി ചന്ദ്രശേഖരന് തുടങ്ങിയ പ്രസ്ഥാനമിന്ന് അണികള്‍ക്കുപോലും പിടികിട്ടാത്ത രാഷ്ട്രീയ അസ്ഥിരതയിലൂടെയാണ് കടന്നുപോകുന്നത്. വിഎസ് മുന്നോട്ട് വെക്കുന്ന ജനകീയ കമ്മ്യൂണിസ്റ്റ് എന്ന ആശയത്തെ പിന്‍പറ്റി ജില്ലാനേതൃത്വത്തോട് പോരിനുറച്ച് ടിപി ചന്ദ്രശേഖരന് പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍, കമ്മ്യൂണിസം രക്തത്തിലലിഞ്ഞ ഒരു ഗ്രാമമൊട്ടാകെ ആ പ്രസ്ഥാനത്തിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ആര്‍എംപിയുടെ രാഷ്ട്രീയ ഭാവിയെന്ത് എന്ന ചോദ്യത്തിന് കെകെ രമയുടെ മറുപടി.
വടകര മേഖലയില്‍ യുഡിഎഫ് നേടിയ വിജയങ്ങളുടെ പാപഭാരം മുഴുവന്‍ ആര്‍എംപിയുടെ ചുമലില്‍ വെക്കുന്ന കാപട്യത്തിന് തീര്‍ച്ചയായും വസ്തുതകളുടെ പിന്‍ബലമില്ലെന്ന് വ്യക്തം. പിന്നെയുള്ളത് തദ്ദേശതെരഞ്ഞെടുപ്പുകളാണ്.
ഒഞ്ചിയം മേഖലയിലെ നാല് പഞ്ചായത്തുകളിലും സിപിഎം വിട്ടുപോയവര്‍ ആര്‍എംപി രൂപീകരിക്കുമ്പോള്‍ സിപിഎമ്മിന്റെ വോട്ടുവിഹിതത്തില്‍ വിള്ളലുണ്ടാവുന്നത് സ്വാഭാവികം. പോരെങ്കില്‍ മേഖലയില്‍ ഭേദപ്പെട്ട സ്വാധീനമുള്ള ജനതാദള്‍(യു) വും എല്‍ഡിഎഫ് വിട്ട് യുഡിഎഫിനൊപ്പം ചേരുകയും ചെയ്തതോടെ എല്‍ഡിഎഫിന് ഒഞ്ചിയം മേഖലയില്‍ കനത്ത ചോര്‍ച്ചയാണുണ്ടായത്. ഇത്തരമൊരു സാഹചര്യത്തില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയേല്‍ക്കുന്നതും എതിര്‍കക്ഷിയെന്ന നിലയില്‍ യുഡിഎഫിന് അതിന്റെ ഗുണമുണ്ടാകുന്നതും തികച്ചും സാധാരണം മാത്രം.
ഒഞ്ചിയം പോലെ അരനൂറ്റാണ്ട് കാലം സിപിഎം പ്രതിപക്ഷമില്ലാതെ ഭരിച്ചൊരു പഞ്ചായത്തില്‍ ഒരു സാധ്യത രൂപപ്പെടുമ്പോള്‍ അതിനനുസരിച്ചുള്ള തന്ത്രപരമായ നിലപാട് സ്വീകരിക്കാന്‍ യുഡിഎഫിനുള്ള സ്വാതന്ത്ര്യത്തെ മറ്റാര്‍ക്കാണ് നിയന്ത്രിക്കാനാവുക?! ആര്‍എംപിയുടെ രൂപീകരണം മുതല്‍ സിപിഎം നേതൃത്വം സ്വീകരിച്ച ജനാധിപത്യവിരുദ്ധമായ ശൈലി കൂടി ഇതോട് ചേര്ത്തുവെക്കേണ്ടതുമുണ്ട്. നിരന്തരമായ കടന്നാക്രമണങ്ങളും ക്വട്ടേഷന്‍ കൊലപാതകശ്രമങ്ങളും കള്ളക്കേസുകളും തൊഴില്‍ നിഷേധങ്ങളും പ്രാദേശിക ഭരണസ്വാധീനമുപയോഗിച്ച വിലപേശലുകളും ഭീഷണികളുമടക്കം ആര്‍എംപിക്കും അതിനൊപ്പം അണിനിരന്ന ബഹുജനങ്ങള്ക്കുമെതിരെ സിപിഎം നടത്തിയ യുദ്ധം ഒഞ്ചിയത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ്.
ഒഞ്ചിയത്തെ പ്രാദേശിക ഭരണാധികാരകേന്ദ്രങ്ങളില്‍ നിന്ന് സിപിഎമ്മിനെ മാറ്റിനിര്‍ത്തണമെന്ന വികാരം ആര്‍എംപിക്കൊപ്പം അണിനിരന്ന ബഹുജനങ്ങളില്‍ ബലപ്പെടുന്നതില്‍ ഈ കടന്നാക്രമണങ്ങളുണ്ടാക്കിയ പങ്ക് ഒട്ടും ചെറുതല്ല. യുഡിഎഫ് രണ്ട് തവണത്തെ തദ്ദേശഭരണ തെരഞ്ഞെടുപ്പുകളിലും അവര്‍ക്ക് സ്വാധീനമില്ലാത്ത വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നത് തീര്‍ച്ചയായും ആര്‍എംപിക്ക് ഗുണകരമായിട്ടുണ്ട്. ഇക്കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ലീഗിതര ന്യൂനപക്ഷ സംഘങ്ങളെ ഉപയോഗിച്ച് സിപിഎം നടത്തിയ ചില ഇടപെടലുകള്‍ ഒഞ്ചിയത്ത് ആര്എംപിയേക്കാള് ഒരു സീറ്റ് സിപിഎമ്മിന് അധികം ലഭിച്ച പശ്ചാത്തലത്തിലാണ് ഒഞ്ചിയം പഞ്ചായത്ത് ഭരിക്കേണ്ടതില്ലെന്ന് ആര്‍എംപിയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. എന്നാല്‍ സിപിഎമ്മിന് ഒഞ്ചിയത്ത് നല്കുന്ന ഏതൊരു വിജയവും ഒഞ്ചിയത്തെ സമാധാനജീവിതത്തിന്റെ മരണമണിയാകുമെന്ന വമ്പിച്ച ആശങ്കയാണ് ഒഞ്ചിയത്തെ സാധാരണ മനുഷ്യരാകെ ഉന്നയിച്ചത്. അത് അവഗണിക്കുക ഒഞ്ചിയത്തെ ആര്‍എംപി നേതൃത്വത്തെ സംബന്ധിച്ച് അസാധ്യവുമായിരുന്നു. അങ്ങിനെയാണ് ഒഞ്ചിയം പഞ്ചായത്ത് ഭരണം രണ്ട് യുഡിഎഫ് അംഗങ്ങളുടെ പിന്തുണയില്‍ സ്വീകരിക്കാന്‍ ആര്‍എംപി നിര്‍ബന്ധിതമാകുന്നത്. സിപിഎമ്മിന് ആഹ്ലാദിക്കാനൊരവസരം നല്കുന്നതില് ഒഞ്ചിയത്തെ സിപിഎമ്മിന് പുറത്തെ ബഹുജനങ്ങള്‍ പ്രകടിപ്പിച്ച ആശങ്കകള്‍ വെറുതെയായിരുന്നില്ലെന്ന് തെളിയിക്കപ്പെട്ട വര്‍ത്തമാനത്തെ മുന്‍നിര്‍ത്തിയാണ് ഈ കുറിപ്പ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ എല്‍ഡിഎഫിന് ലഭിച്ച വിജയത്തെ മുന്‍നിര്‍ത്തിയ സിപിഎമ്മിന്റെ വിജയാഹ്ലാദം ഒഞ്ചിയത്തെ സാധാരണ ആര്‍എംപി പ്രവര്‍ത്തകരുടെ ചോരയില്‍ ചവിട്ടിയാണ് ആഘോഷിക്കപ്പെട്ടത്. ഫലപ്രഖ്യാപനത്തിന്റെ ആദ്യ മൂന്നു മണിക്കൂറിനിടയില്‍ ഒഞ്ചിയത്ത് മൂന്ന് ആര്‍എംപി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. ആയുധങ്ങളുമായി വീടുകളില്‍ ഇരച്ചെത്തിയ സിപിഎമ്മിന്റെ ക്രിമിനല്‍ സംഘങ്ങള്‍ സ്ത്രീകളേയും അഞ്ചുവയസ്സു പോലും തികയാത്ത പിഞ്ചുകുഞ്ഞുങ്ങളേയും വരെ വെറുതെ വിട്ടില്ല. നിരവധി പേരുടെ കൈകാലുകള്‍ ഇരുമ്പുവടികള്ക്കടിച്ചു തകര്‍ത്തു. വള്ളിക്കാട് ടിപി വെട്ടേറ്റുവീണിടത്ത് സ്ഥാപിക്കപ്പെട്ട രക്തസാക്ഷി സ്മാരകത്തില്‍ പോലീസ് സാന്നിധ്യത്തില്‍ നട്ടുച്ച നേരത്താണ് സിപിഎം ക്രിമിനല്‍ സംഘം കരിയൊഴിച്ചത്. കക്കാട് ടിപിയുടെ പേരില്‍ സ്ഥാപിക്കപ്പെട്ട വായനശാല ആക്രമിക്കപ്പെട്ടു. ഒട്ടേറെ ആര്‍എംപി ഓഫീസുകളും രക്തസാക്ഷി സ്മാരകങ്ങളും അടിച്ചുതകര്‍ക്കപ്പെട്ടു. വടകരയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്ത് തീയിട്ടു. അശ്ലീല പ്രച്ഛന്നവേഷം കെട്ടി വടകര നഗരത്തില്‍ ആഭാസനൃത്തം ചവിട്ടിയവര്‍ സ്ത്രീയുടെ അന്തസ്സിനും സുരക്ഷയ്ക്കും വേണ്ടി വോട്ടുചോദിച്ചവരായിരുന്നു എന്നതാണ് കൗതുകകരം. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ രാത്രി ഒമ്പത് മണിവരെ ഒഞ്ചിയത്തെ ടിപി ഹൗസിന് മുന്നില്‍ എനിക്കെതിരെ തെറിപ്പാട്ടിന്റെ ഭരണിയാഘോഷമാണരങ്ങേറിയത്. തീര്‍ച്ചയായും ആര്‍എംപി ഒഞ്ചിയത്തെ പഞ്ചായത്ത് ഭരണമേറ്റെടുത്തതില് തരിമ്പും തെറ്റില്ലെന്ന് നേതൃത്വത്തിന്റെ പിന്തുണയില്‍ അഴിഞ്ഞാടിയ സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ തെരുവില്‍ തെളിയിക്കുക തന്നെ ചെയ്തു.
അപ്പോഴും വടകരയിലെ എല്‍ഡിഎഫ് വിജയം ആര്‍എംപിയുടെ തത്വാധിഷ്ഠിത നിലപാടുകൊണ്ടാണ് കൈവന്നതെന്ന കാര്യം കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. പതിനായിരത്തില്‍ നിന്ന് ഇരുപതിനായിരത്തിന് മുകളിലേക്ക് ആര്‍എംപി വോട്ടുകള്‍ ഉയര്‍ന്നപ്പോഴാണ് ഒമ്പതിനായിരം വോട്ടിന്റെ വിജയം എല്‍ഡിഎഫിന് ലഭിച്ചിട്ടുള്ളത്. കൂടുതല്‍ വോട്ട് പിടിക്കാതെ ഒരു സാധാരണ മത്സരത്തിന് വടകരയില്‍ ആര്‍എംപി മുതിര്‍ന്നിരുന്നെങ്കില്‍ നിയമസഭയില്‍ എല്‍ഡിഎഫ് പ്രാതിനിധ്യം തീര്‍ച്ചയായും തൊണ്ണൂറിലൊതുങ്ങുമായിരുന്നു. കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും വടകരയില്‍ എല്‍ഡിഎഫ് കേവലം എണ്ണൂറ് വോട്ടിന് ജയിച്ചു കയറിയതും ആര്‍എംപി സ്വീകരിച്ച നിലപാടിന്റെ മാത്രം ബലത്തിലാണെന്നതും മറന്നുകൂടാ. കഴിഞ്ഞ തവണ ഒറ്റ സീറ്റിന്റെ ഭൂരിപക്ഷത്തില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സിപിഎം അഞ്ച് കൊല്ലക്കാലം ഭരിച്ചതും ഒഞ്ചിയത്തെ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ആര്‍എംപി പിടിച്ച വോട്ടിന്റെ പിന്തുണയിലാണെന്ന് എത്രപേര്‍ക്കറിയാം?!!
സിപിഎം നേതൃത്വം എല്ലാ നിലവാരത്തിലും നടത്തികൊണ്ടിരിക്കുന്ന നിരന്തരമായ കടന്നാക്രമണങ്ങളുടെയും അപവാദപ്രചാരണങ്ങളുടേയും നടുവിലും ആര്‍എംപി എത്രത്തോളം സാഹസികമായാണ് അതിന്റെ രാഷ്ട്രീയ നിലപാടുതറയില്‍ നിലയുറപ്പിക്കുന്നതെന്ന് നാം തിരിച്ചറിഞ്ഞേ തീരൂ. സ്ഥാപകനേതാവിന്റെ പ്രാണന് നിലപാടുകള്‍ക്ക് പകരം കൊടുക്കേണ്ടി വന്ന ഏത് പ്രസ്ഥാനമുണ്ട് കേരളത്തിലെന്ന് നാം അന്വേഷിച്ചേ തീരൂ. യുഡിഎഫില്‍ പോകാത്തതു കൊണ്ടാണ് സഖാവ് ചന്ദ്രശേഖരനെ കൊന്നുകളഞ്ഞതെന്ന യാഥാര്‍ത്ഥ്യം ഈ നാടിന് മുന്നിലുണ്ടാകണം. ടിപിയുടെ ജീവിതസഖിയായ എന്റെ നേരെ പോലും ഇപ്പോഴും കായികാക്രമണത്തിന് മടിക്കാത്തൊരു ക്രിമിനല്‍ അസഹിഷ്ണുത മറുപുറം നില്‍ക്കുമ്പോഴും അവര്‍ യുഡിഎഫിന്റെ കൂടാരത്തില്‍ ഇപ്പോഴും സ്വാസ്ഥ്യം തേടിയില്ലെന്നത് ചെറിയ കാര്യമല്ലെന്ന് അരക്ഷിതാവസ്ഥയുടെ ഭയചകിതമായ അവസ്ഥയില്‍ അരനിമിഷം ചെലവഴിച്ചാലേ നമുക്ക് മനസ്സിലാവൂ. ആര്‍എംപിക്ക് വടകരയിലുള്ള വോട്ടുബലം കേരളത്തിലാകെയില്ലാത്ത പാര്‍ട്ടികളുടെ മന്ത്രിപ്രതിനിധികള് പോലും എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും മന്ത്രിസഭകളില്‍ കേരളത്തിന്റെ ഭരണസൗഖ്യമനുഭവിച്ചിട്ടുണ്ടെന്നതും ചേര്‍ത്ത് നാം ആര്‍എംപിയുടെ നിലപാടുബലത്തെ വിലയിരുത്തേണ്ടതുണ്ട്. തീര്‍ച്ചയായും തെരുവില്‍ വീണ ചോരയോടും നിലപാടുകളോടും തന്നെയാണ് ആര്‍എംപിയുടെ പ്രതിബദ്ധത.
സിപിഎമ്മിലെ ഉള്‍പ്പാര്‍ട്ടി സമരങ്ങള്‍ അധികാര വീതുവെപ്പുശാലകളില് ഒത്തുതീര്‍ന്നാലും ചോദ്യങ്ങള്‍ ക്ലാസ് മുറിയില്‍ ബാക്കി നില്ക്കുക തന്നെയാണ്. ആര്‍എംപി ആ ചോദ്യങ്ങള്‍ക്ക് വേണ്ടി നില്ക്കുന്നു. വിജയന്റെ നവലിബറല്‍ അധികാരാരോഹണ മഹോത്സവങ്ങള്‍ക്ക് മുന്നില്‍ ചരിത്രം അവസാനിക്കുകയല്ല, പോരാട്ടത്തിന്റെ ഉശിരന്‍ പടയണികള്‍ ഉയിരെടുക്കുകയാണ് ചെയ്യുകയെന്ന തീര്‍ച്ചകള്‍ തന്നെയാണ് ആര്‍എംപിയെ മുന്നോട്ടു നയിക്കുന്നത്. വിജയന്റെ പേരില്‍ കൊട്ടിഘോഷിക്കപ്പെട്ട വ്യാമോഹങ്ങളെല്ലാം ഭരണത്തിന്റെ ആദ്യവാരം തന്നെ ചിതയായി പുകയുന്ന കൗതുകചിത്രത്തിന് മുന്നിലാണ് നാടുള്ളത്. അതിരപ്പിള്ളിയും വിഴിഞ്ഞവും ദേശീയപാതയും വാതകപൈപ് ലൈനുമെല്ലാം അധികാരമുന്നണികളുടെ അരാഷ്ട്രീയ വികസനരാഷ്ട്രീയത്തിന്റെ തെളിവുകള്‍ മാത്രമല്ല, മറിച്ച് ആര്‍എംപി പോലുള്ള ഇടത് ജനപക്ഷ ബദല്‍ ഭാവി സമരരാഷ്ട്രീയത്തിന്റെ പ്രസക്തിയുടെ ജ്വലിക്കുന്ന സാക്ഷ്യങ്ങള്‍ കൂടിയാകുന്നു.
മറുപടിക്കാധാരമായ ‘ആര് എം പിക്ക് മുന്നില്‍ ഇനിയെന്ത്?’ എന്ന ലേഖനം താഴെ വായിക്കാം.