വയനാട്ടില്‍ പരിസ്ഥിതി സംരക്ഷണത്തിനായി പ്രത്യേക പദ്ധതികള്‍ക്കൊരുങ്ങി വനംവകുപ്പും ജില്ലാ ഭരണകൂടവും. ഇതിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ ജില്ലയിലൊട്ടാകെ പത്തുലക്ഷം വൃക്ഷത്തൈകള്‍ നടും. ലോക പരിസ്ഥിതി ദിനത്തിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ വിജയകരമായി നടപ്പാക്കിയ ഓര്‍മ്മ മരം പദ്ധതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജില്ലയില്‍ അധികം വൃക്ഷത്തൈകള്‍ നടുന്നത്.
സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിനു കീഴിലെ ജില്ലയിലെ വിവിധ നഴ്സറികളില്‍ ഒരുങ്ങുന്നത് മൂന്നു ലക്ഷം മരത്തൈകളാണ്. ഇത് കൂടുതലായും സ്കൂളുകളിലാണ് വിതരണം ചെയ്യുന്നത്. വരള്‍ച്ച രൂക്ഷമായ പുല്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളെ സംരക്ഷിയ്ക്കാനായി കബനി പുഴയോരത്ത് മുളകളും മരങ്ങളും വച്ചുപിടിപ്പിയ്ക്കുന്ന പദ്ധതിയാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത.
കബനിയുടെ തീരത്ത് അയ്യായിരം മുളത്തൈകളും പതിനയ്യായിരം മരത്തൈകളും നടും. കൂടാതെ, ജില്ലയിലെ മുഴുവന്‍ പുഴകളുടെയും സംരക്ഷണവും പരിസ്ഥിതി ദിനത്തില്‍ ആരംഭിയ്ക്കും. വനത്തിനുള്ളില്‍ ഫലവൃക്ഷത്തൈകള്‍ നടുന്ന പദ്ധതിയും വനംവകുപ്പിന്റെ പരിഗണനയില്‍ ഉണ്ട്. എല്ലാ വര്‍ഷവും മരത്തൈകള്‍ നടാറുണ്ടെങ്കിലും കൃത്യമായ പരിപാലനം നടക്കാറില്ല. എന്നാല്‍, ഈ വര്‍ഷം ഇതിനായി പ്രത്യേക പദ്ധതിയുമുണ്ട്. സ്കൂളുകളിലെ എന്‍എസ്എസ്, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ എന്നവരെ ഇതിനായി ചുമതലപ്പെടുത്തും. മരങ്ങളുടെ പരിപാലനം കൃത്യമായി നിരീക്ഷിക്കും. ആഗോള താപനത്തിന്റെ ഭാഗമായുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ഹരിത കവചം ഒരുക്കുകയെന്ന വലിയ ലക്ഷ്യം നിറവേറ്റിയാണ് ഈ പരിസ്ഥിതി ദിനം മുതല്‍ വയനാട് ജില്ല മാതൃകയാവുന്നത്.