Home » ന്യൂസ് & വ്യൂസ് » പ്രഫ. രവീന്ദ്രനാഥ്, ഈ മാടമ്പിത്തത്തെ താങ്കൾ എന്തു ചെയ്യാൻ പോകുന്നു?

പ്രഫ. രവീന്ദ്രനാഥ്, ഈ മാടമ്പിത്തത്തെ താങ്കൾ എന്തു ചെയ്യാൻ പോകുന്നു?

അതെന്തായാലും നന്നായി. ഇനി മുണ്ടശ്ശേരിയുടെയും വിദ്യാഭ്യാസ ബില്ലിന്റെയുമൊന്നും വീരകഥകൾ വല്ലാതെ കേൾക്കേണ്ടി വരില്ല. മൂലത്തിന് പാരകേറ്റിയിട്ടും ജീവൻ പോകാതിരുന്ന അധ്യാപകന്, മരിക്കാതെ പോയതിനാണോ എന്തോ, ശിക്ഷ തുടരാൻ മാനേജർ തമ്പ്രാൻ കല്പിച്ച് ഉത്തരവായിരിക്കുന്നു. എൽ ഡി എഫിന്റെ തിണ്ണയിൽ കയറാൻ ഇടം കിട്ടിയെങ്കിൽ, തിണ്ണമിടുക്കും കാണിക്കാം ബാലകൃഷ്ണപിള്ളക്ക്. അതത്രക്കും സ്വാഭാവികം. അങ്ങനെയാണോ?

കുപ്രസിദ്ധമായ വാളകം സ്കൂൾ അധ്യാപകാക്രമണ കേസിൽ അധ്യാപകൻ കൃഷ്ണകുമാറിനെ സ്കൂൾ മാനേജർ കൂടിയായ ആർ ബാലകൃഷ്ണപിള്ള എന്ന പുത്തൻകൂറ്റ് ഇടതുപക്ഷ നേതാവ് സസ്പെന്റ് ചെയ്തിരിക്കുന്നു. എന്തായാലും മാനേജരെ ആക്രമിച്ചുവെന്നാരോപിച്ചല്ല സസ്പെൻഷൻ. പിള്ളയുടെ രാമവിലാസം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പതിറ്റാണ്ടിലേറെയായി അധ്യാപകനായിരുന്ന കൃഷ്ണകുമാറിന്റെ സർട്ടിഫിക്കറ്റുകൾ വ്യാജമാണത്രേ! അതിനാണ് പിരിച്ചുവിടൽ.

കൃഷ്ണകുമാറും ബാലകൃഷ്ണപിള്ളയും തമ്മിലുള്ള യുദ്ധവും കൃഷ്ണകുമാറിന് നേരിടേണ്ടി വന്ന ശാരീരിക ദുരന്തവും ഒക്കെ നിയമപ്രശ്നങ്ങളാവാം. ആര് പ്രതിയെന്നും ആർക്കാണ് ന്യായമെന്നുമൊക്കെ കോടതികൾ തീരുമാനിക്കട്ടെ എന്നുമാവാം. എന്നാൽ, നിയമപരവും സാങ്കേതികവും മാത്രമല്ലല്ലോ എല്ലാം.

ഈ അധ്യാപകൻ കേരള മന:സാക്ഷിക്കു മുന്നിൽ ഇരയാണ്, നിസ്സംശയം. ജീവിക്കാനുള്ള സ്വന്തം അവകാശത്തിനു മേൽ മാരകമായ ആക്രമണം നേരിടേണ്ടി വന്നയാളാണ്. ഈ നഗ്ന യാഥാർത്ഥ്യത്തെ ഒരു സ്വാധീനം കൊണ്ടും മറച്ചു വയ്ക്കാൻ അധ്യാപകനെ ആക്രമിച്ചവർക്കോ, പിന്നിൽ പ്രവർത്തിച്ച മാടമ്പികൾക്കോ ഇതുവരെയും, ഭാഗ്യത്തിന്, കഴിഞ്ഞിട്ടില്ല.

അതുകൊണ്ടു തന്നെ, പിള്ളയുടെ തീരുമാനത്തെ സാങ്കേതികമായിക്കാണാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നൈതികബോധം അനുവദിക്കുമോ? മാനേജർമാരുടെ കൃപാകടാക്ഷം കൊണ്ടു മാത്രം ജീവിക്കേണ്ടി വന്നിരുന്ന സ്വകാര്യ സ്കൂൾ അധ്യാപകരുടെ അരനൂറ്റാണ്ടു മുമ്പത്തെ ദാരുണ കഥകൾ ഇടതുമുന്നണിയുടെ ഹൃദയത്തെ തിരിഞ്ഞുകുത്തില്ലേ?

കഴിഞ്ഞ ഭരണമുന്നണിയുടെ അന്യായം തീർക്കാൻ, പിരിയുന്നതിന് ഒരു മണിക്കൂർ മുമ്പ് അധ്യാപകന് പ്രിൻസിപ്പാളായി സ്ഥാനക്കയറ്റം നൽകിയ നീതിബോധം പ്രഫ. സി. രവീന്ദ്രനാഥിൽ ഒരിക്കൽക്കൂടി സടകുടഞ്ഞെണീക്കുമെന്ന് കേരളം പ്രതീക്ഷിച്ചാൽ കുറ്റം പറയാമോ? അതോ, പിള്ളയെ മുന്നണിയുടെ തിണ്ണയിൽ കയറ്റാൻ ഇടതുപക്ഷ ഹൃദയം ഏതെങ്കിലും മരക്കൊമ്പിൽ കെട്ടിവച്ചു പോരേണ്ടി വന്നിട്ടുണ്ടോ എൽ ഡി എഫിന്?

ഇല്ലെങ്കിൽ നല്ല ചരിത്രബോധമുള്ള വിദ്യാഭ്യാസമന്ത്രി ഇങ്ങനെയെങ്കിലും പറയേണ്ടതാണ്:
‘പിള്ളേ, മാടമ്പിത്തരം എൽ ഡി എഫിന്റെ തിണ്ണയ്ക്ക് പുറത്തു വച്ചേക്കൂ. ആ പാവം അധ്യാപകനെ ഇനിയും ക്രൂശിക്കാൻ ഞങ്ങളുടെ പിന്തുണ കിട്ടുമെന്ന് കരുതണ്ട.’

അങ്ങനെയൊരു സൂചനയെങ്കിലും സസ്പെൻഷൻ നടപടി യുടെ പേരിൽ പിള്ളയ്ക്ക് നൽകാൻ ഇടതുപക്ഷ നേതാക്കൾക്കോ, മന്ത്രിക്കോ കഴിഞ്ഞില്ലെങ്കിൽ, കേരളം തോറ്റ ഒരു ജനതയാണെന്ന് ഓർമിപ്പിക്കലാവും അത്. എല്ലാം ശരിയാക്കാൻ വന്ന സർക്കാർ, കേരളം പോരാടി സ്ഥാപിച്ചെടുത്ത ചില ശരികളെ റദ്ദാക്കാൻ കൂട്ടുനിൽക്കുന്നുവെന്ന് ഒരു വിഭാഗം ജനങ്ങളിലെങ്കിലും അവിശ്വാസം വളരും.

പ്രഫ. രവീന്ദ്രനാഥ്‌, പൊതുവിദ്യാഭ്യാസസ്നേഹികൾക്ക് താങ്കളിലുള്ള വിശ്വാസം എത്രയോ ഉയരെയാണ്.

വാൽക്കഷണം:
സർട്ടിഫിക്കറ്റ് വ്യാജമായതിനാൽ കൃഷ്ണകുമാർ മാഷെ പിരിച്ചുവിട്ടു. വാങ്ങിയത് കള്ള നോട്ടായതിനാൽ കോഴപ്പണം തിരിച്ചു കൊടുക്കില്ല!

Leave a Reply