ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള കോഴിക്കോടൻ വാർത്തകളിൽ ഏറ്റവും സുന്ദരമായ ഒന്നിനെ സൃഷ്ടിച്ചിരിക്കുന്നത് എസ് എഫ് ഐ ആണ്. കുപ്രസിദ്ധമായ ‘ദിനു സസ്പെൻഷൻ’ അരങ്ങേറിയ ഫാറൂഖ് കോളേജിൽ എസ് എഫ് ഐ മറ്റൊരു തരത്തിലെങ്കിലും രാഷ്ട്രീയം വീണ്ടെടുക്കുകയാണ് പുതിയ പ്രഖ്യാപനത്തിലൂടെ.
കേരളം ശ്രദ്ധിച്ച ഒരു ദലിത് വിദ്യാർത്ഥി പ്രശ്നത്തിൽ, പ്രതിപക്ഷത്തായിട്ടും, നിതാന്ത ശത്രുക്കളായ ഫാറൂഖ് മാനേജ്മെന്റിനെ കുരിശിൽ നിർത്താമായിരുന്നിട്ടും, മുസ്ലിം രാഷ്ട്രീയ നേതൃത്വവുമായി ഒരു വിഭാഗം ദളിത് രാഷ്ട്രീയ നേതൃത്വം നടത്തിയ ഒത്തുകളികൾ വെളിച്ചത്തു കൊണ്ടു വരാമായിരുന്നിട്ടും എസ് എഫ് ഐ പുലർത്തിയ ആന്ധ്യം വിചിത്രമായിരുന്നു. കീഴാള രാഷ്ട്രീയ പ്രശ്നങ്ങൾ ഏറ്റെടുക്കാനാവുന്ന കാര്യത്തിൽ എസ് എഫ് ഐ രാഷ്ട്രീയ ശിശുക്കളാണെന്ന് തെളിയിച്ചു, ദിനു എപ്പിസോഡ്.
ഇനി കിതച്ചിട്ടും കാര്യമില്ലാത്ത വിധം ആ രാഷ്ട്രീയ വിഷയം എസ് എഫ് ഐ യിൽ നിന്നും എത്രയോ അകലേക്ക് ഒഴുകിമാ റിയിരിക്കുന്നു. എസ് എഫ് ഐ അംഗമായിരുന്ന ദിനു ഇന്ന് എസ് എഫ് ഐയിൽ ഉണ്ടോ? ഉണ്ടെങ്കിൽ എത്രയ്ക്കുണ്ട്? അന്വേഷിക്കുന്നവർക്ക് കണ്ടെത്താം അതെല്ലാം.
എന്നാൽ ദളിത് പ്രശ്നത്തിൽ വരുത്തിയ വീഴ്ച പരിസ്ഥിതിപ്രശ്നത്തിൽ വരുത്തിക്കൂടെന്നു തോന്നിയിട്ടാവാം പരിസ്ഥിതിദിന ഇടപെടലിലെ ശ്രദ്ധ. ‘മടങ്ങാം ജൈവികതയിലേക്ക് ‘ എന്ന മുദ്രാവാക്യവുമായാണ് ഫാറൂഖാബാദ് എസ് എഫ് ഐ യുടെ പരിസ്ഥിതി ഇടപെടൽ.
എൽ ഡി എഫ് 91 സീറ്റിൽ വിജയിച്ചതിന്റെ ആഹ്ലാദത്തിൽ ഫാറൂഖ് ക്യാമ്പസിൽ 91 തണൽവൃക്ഷങ്ങൾ – അതാണ് എസ് എഫ് ഐ പദ്ധതി. എൽ ഡി എഫ് ജയിച്ചില്ലായിരുന്നെങ്കിലും കിട്ടിയ സീറ്റുകൾക്ക് തണൽമരം വെക്കുമായിരുന്നോ എന്ന കുരുട്ടു ചോദ്യം സോഷ്യൽ മീഡിയയിൽ പ്രതീക്ഷിക്കാം. അത്രയ്ക്ക് ഇകഴ്ത്തപ്പെടേണ്ട പണിയല്ല എന്തായാലും എസ് എഫ് ഐ ഫാറൂഖ് ഘടകം ഏറ്റെടുക്കുന്നത്. കീഴാള വിഷയത്തിൽ കാണിക്കാതെ പോയതെങ്കിലും പരിസ്ഥിതി വിഷയത്തിൽ കാണിക്കാൻ തീരുമാനിച്ച ജാഗ്രത സംഘടനക്ക് ഗുണം ചെയ്യുമായിരിക്കാം.
എന്നാൽ അത്രക്ക് തീർച്ച പറയാമോ? ഒരു ചർച്ചാവ്യവഹാരത്തിൽ ഓടിപ്പിടച്ച് എത്തിയപ്പോഴേക്കും ചർച്ചകൾ മാരീചനെപ്പോലെ അകന്ന് ദൂരെപ്പോകുകയാണല്ലോ, സഖാക്കളേ! അവിടേക്കും കുതിക്കാൻ മാത്രം സംഘടനക്ക് കായകല്പശേഷിയുണ്ടോ? ശ്രമിക്കേണ്ടി വരും.
ഇങ്ങനെയാണ് ഉയർന്നുവന്നിരിക്കുന്ന പുതിയ ചർച്ച:
തണൽമരം വെപ്പിനെ പാരിസ്ഥിതിക ഇടപെടലായി കാണുന്നതിനെ പുതിയ ചർച്ചകൾ ഒരല്പം സംശയദൃഷ്ടിയോടെ കാണുന്നു. വികസനത്തിന്റെ പേരിലും മറ്റും കാടിനെയും കാട്ടുവാസികളെയും കയ്യേറി നശിപ്പിക്കുന്നതിന് സമ്മാന്യത നൽകുകയാണോ കൂട്ട മരം വെപ്പ് എന്നതാണ് ഒരു വിഭാഗം പരിസ്ഥിതി വിചക്ഷണർ ഉയർത്തുന്ന ചോദ്യവും ചർച്ചയും.
ജൈവ ആവാസ വ്യവസ്ഥകളെ കണ്ണിൽച്ചോരയില്ലാതെ തകർക്കുന്നതിന് പകരം നിൽക്കുമോ അങ്ങനെ ഒരു ശാസ്ത്രീയ ആസൂത്രണവുമില്ലാതെ, ആത്മാർത്ഥത മാത്രം കൈമുതലായി, നാടുനീളെ നടപ്പാക്കുന്ന വൃക്ഷത്തൈ നടൽ എന്ന ചോദ്യം അത്ര നിസ്സാരമല്ല. ‘ഞങ്ങൾ പരിസ്ഥിതി മൗലികവാദികൾ’ എന്ന് സ്വയം ഏറ്റുപറയുന്നവരുടെ സത്യസന്ധതയിൽ ആരും സംശയിക്കുന്നുണ്ടാവില്ല. എന്നാൽ, പരിസ്ഥിതി ശാസ്ത്രത്തിന്റെ സംശയങ്ങളെ മറികടക്കാൻ പരിസ്ഥിതി മൗലികവാദം കൊണ്ട് കഴിയുമോ? കഴിഞ്ഞാലു മത് മനുഷ്യരുൾപ്പെട്ട ജൈവ ആവാസ വ്യവസ്ഥക്ക് ഉറപ്പുള്ള താങ്ങാവുമെന്ന് അത്രക്ക് ഉറപ്പിക്കാമോ?
ഒരു തീർച്ചയും ഇന്നത്തെ നിലയിൽ ആർക്കും അനുകൂലമായി പറയാനാവാത്തതാണ് ഈ ചർച്ച. അതിനാൽ ശാസ്ത്രവും മൗലികവാദവും തമ്മിലെ ഏറ്റുമുട്ടലുകൾ തുടരട്ടെ; കഴിവതും സൗഹൃദപരമായിത്തന്നെ.
ഈ ഏറ്റുമുട്ടലിൽ ക്രിയാത്മകമായ പങ്കുവഹിക്കാൻ എസ് എഫ് ഐ അടക്കമുള്ള എല്ലാ വിദ്യാർത്ഥി – യുവജന സംഘങ്ങൾക്കും കഴിയട്ടെ.
കാരണം, വയസ്സന്മാർ മരിച്ചു പോയാലും ഈ പച്ചപ്പിൽ ജീവിക്കുമെന്ന് കരുതപ്പെടുന്നവർ അവരാണല്ലോ!