വസ്ത്ര വിപണന രംഗത്തേക്ക് ചുവടുവെച്ച് ജയില്‍ വകുപ്പ്. ന്യൂജനറേഷന് വസ്ത്രങ്ങളുടെ ശേഖരവുമായി പൂജപ്പുര സെന്‍ട്രല്‍ ജയിലിനു സമീപം ബോട്ടിക് പ്രവര്‍ത്തനമാരംഭിച്ചു. ജയിലിലെ അന്തേവാസികള്‍ തന്നെ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് വില്പനയക്ക് വെച്ചിരിക്കുന്നത്. ബോട്ടികിന്റെ ഉദ്ഘാടനം ഡിജിപി ലോക്നാഥ് ബഹ്റ നിര്‍വഹിച്ചു. പുതിയ വസ്ത്രത്തിന് അളവെടുത്തായിരുന്നു ഉദ്ഘാടന കര്‍മ്മം അദ്ദേഹം നിര്‍വഹിച്ചത്.
ത്രഡ് ഓഫ് ഫ്രീഡം എന്നാണ് ബോട്ടികിന് നല്‍കിയിരിക്കുന്ന പേര്. 12 പേരടങ്ങുന്ന സംഘമാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് തയ്ക്കുന്നത്. ഇതിന് വേണ്ടി പ്രത്യേക പരിശീലനവും ജയില്‍ അധികൃതര്‍ നല്‍കിയിരുന്നു. ഉദ്ഘാടനത്തിന് പിന്നാലെ വസ്ത്രങ്ങള്‍ വാങ്ങുന്നതിനും നോക്കിക്കാണുന്നതിനുമായി നിരവധിയാളുകളാണ് ബോട്ടിക്കിലേക്ക് എത്തുന്നത്. ബോട്ടിക്കിലൂടെയല്ലാതെ ഓണ്‍ലൈന്‍ വഴിയും വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കാനുള്ള പദ്ധതിയും അധികൃതര്‍ നടത്തി വരികയാണ്.