കോഴിക്കോട്ട് ഓടയിൽ കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്താനിറങ്ങവെ മരണംവരിച്ച നൗഷാദ് ധീരതക്കുള്ള മരണാനന്തരപുരസ്കാരത്തിന് പരിഗണനയില്‍.
കോഴിക്കോട് പാളയത്ത് അഴുക്കുചാല്‍ വൃത്തിയാക്കാനായി ഇറങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഓട്ടോ തൊഴിലാളിയായ മുപ്പത്തിരണ്ടുകാരന് നൗഷാദ് മരണത്തിനടിപ്പെട്ടത്.
നവംബര്‍ 26 വ്യാഴാഴ്ച രാവിലെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. രാവിലെ പാളയത്തേക്ക് ഓട്ടം വന്നതായിരുന്നു നൗഷാദ്. യാത്രക്കാരെ ഇറക്കിയ ശേഷം അടുത്തുള്ള കടയില്‍ ചായ കുടിച്ചുകൊണ്ടു നില്‍ക്കെയാണ് തൊഴിലാളികള്‍ വീണത് കണ്ടത്. ആന്ധ്ര സ്വദേശികളായ നരസിംഹ, ഭാസ്കര്‍ എന്നിവര്‍ അഴുക്ക്ചാല്‍ വൃത്തിയാക്കാനായി ഇറങ്ങുന്നതിനിടെ വിഷവാതകം ശ്വസിച്ച് ബോധരഹിതരായി വീഴുകയായിരുന്നു. ഇതുകണ്ട നൗഷാദ് ഇവരെ രക്ഷിക്കാനായി ഓടി അടുത്തെത്തുകയും ഓടയിലേക്കിറങ്ങുകയുമായിരുന്നു. പിന്നീട് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ പറ്റാത്ത വിധം ഓടയില്‍ കുടുങ്ങുകയായിരുന്നു നൗഷാദ്.
യാതൊരു പരിചയവുമില്ലാത്ത ഈ തൊഴിലാളികളെ രക്ഷിക്കാന്‍ തന്റെ ജീവനെയോ കുടുംബത്തെയോ ഒന്നും ആലോചിക്കാതെയാണ് നൗഷാദ് ഓടയിലേക്കിറങ്ങിയത്. മരണത്തിലേക്കെത്തിക്കായിരുന്നു നൗഷാദിന്റെ ആ ഇറക്കം.
മാളിക്കടവ് സ്വദേശിയായ നൗഷാദിന്റെ വിയോഗം നാടിനെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തി. ഉമ്മയും ഭാര്യയുമടങ്ങുന്നതാണ് നൗഷാദിന്റെ കുടുംബം. ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലര്‍ത്തിയിരുന്ന ഈ യുവാവ് ഇതിനുമുന്‍പും ഒട്ടേറെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. മറ്റൊരാള്‍ അപകടത്തില്‍പെടുമ്പോള്‍ തന്റെ ജീവന് ഭീഷണിയാവുമോ എന്നൊന്നും നോക്കാതെയാണ് നൗഷാദ് മറ്റുള്ളവരുടെ ജീവന്‍രക്ഷിക്കാനായി എത്താറുള്ളത്.
നൗഷാദിന്റെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു. ഒപ്പം നൗഷാദിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും ഉറപ്പ് നല്കി. കൂടാതെ ഡി വൈ എഫ് ഐ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ നൗഷാദിന്റെ കുടുംബത്തിന് ധനസഹായവുമായി മുന്നോട്ടെത്തി.
നൗഷാദിന്റെ ത്യാഗത്തെ മോശമായി ചിത്രീകരിച്ച് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സംസാരിച്ചിരുന്നു. അത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. മനുഷ്യത്വത്തെപോലും ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് ചോദ്യംചെയ്തുകൊണ്ടിരിക്കുന്നവർക്ക് മറുപടിയാണ് പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും നൗഷാദിന് കിട്ടിക്കൊണ്ടിരിക്കുന്ന അംഗീകാരവും അതിനു തുടർച്ചയായി ധീരതാപുരസ്കാരത്തിന് പരിഗണിക്കുന്നതും.