ജിഷ വധക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കൊലപാതകം നടന്ന ദിവസം ജിഷയും പ്രതിയെന്ന സംശയിക്കുന്നയാളും ഒരുമിച്ച് ജിഷയുടെ വീട്ടിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കുറുപ്പംപടിയിലെ വളംവില്‍പ്പന കടയിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്.
ജിഷയോടൊപ്പം മഞ്ഞ ഷര്‍ട്ടിട്ട യുവാവ് നടന്നു നീങ്ങുന്നതായാണ് ദൃശ്യങ്ങള്‍. സാക്ഷി മൊഴികളെ സാധൂകരിക്കുന്നതാണ് പുതിയ തെളിവുകള്‍. കൊലപാതകിയെന്ന് സംശയിക്കുന്നയാള്‍ ജിഷയുടെ വീടിനടുത്തുള്ള കനാല്‍ വഴി 6.30ഓടെ പോയതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഇയാള്‍ മഞ്ഞ ഷര്‍ട്ടായിരുന്നു ധരിച്ചിരുന്നത്. വ്യാഴാഴ്ച അതു വഴി ഈ വേഷത്തില്‍ ആരെയെങ്കിലും കണ്ടിരുന്നോ എന്ന് പൊലീസ് വിശദമായി അന്വേഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് വാഹന പരിശോധനയുടെ ദൃശ്യങ്ങള്‍ പൊലീസ് നേരത്തേ പരിശോധിച്ചിരുന്നു.
പിന്നീടാണ് അടുത്തുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചത്. കൊല നടന്ന ദിവസം ജിഷ കോതമംഗലത്തേക്ക് യാത്ര ചെയ്തതായി കണ്ടെത്തുകയും അവിടെ നിന്നും മടങ്ങി വരുന്ന സമയത്താണ് യുവാവ് ജിഷയുടെ പിറകില്‍ നടന്നു വരുന്നതായി സംശയിക്കുന്നത്. നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇയാള്‍ വാടകക്കൊലയാളിയാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.