പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിയന്ത്രണമേര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണൽ വിധി ഹൈകോടതി സ്റ്റേ ചെയ്തു. 2000 സി.സിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കരുതെന്ന ട്രൈബ്യൂണല്‍ ഉത്തരവ് ഹൈകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച മുഴുവൻ ഉത്തരവുകൾക്കും ഇതോടെ സ്റ്റേ ആയിരിക്കുകയാണ്.
ഹൈകോടതി വിധിയെ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ സ്വാഗതം ചെയ്തു. വിധി പഠിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും ഇതിന് സാവകാശം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മന്ത്രി അറിയിച്ചു.
ഡീസല്‍ വാഹനങ്ങള്‍ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നെന്നും മാരക ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകരുടെ പാരിസ്ഥിതിക സംഘടനയായ ലോയേഴ്സ് എന്‍വയണ്‍മെന്റ് അവയര്‍നസ് ഫോറം (ലീഫ്) നല്കിയ ഹരജിയിലാണ് മെയ് 23ന് ജസ്റ്റിസ് സ്വതന്ദര്‍ കുമാര്‍ അധ്യക്ഷനായ ഹരിത ട്രൈബ്യൂണല്‍ ഉത്തരവുണ്ടായത്. ലൈറ്റ്, ഹെവി വ്യത്യാസമില്ലാതെ പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള എല്ലാ ഡീസല്‍ വാഹനങ്ങളും സംസ്ഥാനത്തെ ആറ് പ്രധാന നഗരങ്ങളില്‍ നിരോധിച്ചുകൊണ്ടുള്ളതായിരുന്നു ഈ ഉത്തരവ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളിലാണ് പഴയ ഡീസല്‍ വാഹനങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധമേര്‍പ്പെടുത്തിയത്.