മഴക്കാലമാരംഭിച്ചതോടെ വറ്റിവരണ്ടു കിടന്ന തുഷാരഗിരി പ്രകൃതിഭംഗി വീണ്ടെടുത്തിരിക്കുകയാണ്. വെള്ളച്ചാട്ടങ്ങളെല്ലാം കണ്ണിന് കുളിര്മയേകുന്ന ദൃശ്യങ്ങളായി. അതോടെ തുഷാരഗിരി വനമേഖലയിലെ കോട നിറഞ്ഞ മഴക്കാഴ്ചകളും പ്രകൃതി മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും കാണാന്‍ സഞ്ചാരികളും വന്ന് തുടങ്ങി. ഒപ്പം തുഷാരഗിരി വനമേഖലയില്‍ നിന്നുമാരംഭിക്കുന്ന ചാലിപ്പുഴയിലും വെള്ളരി വനമേഖലയില്‍ നിന്നും ആരംഭിക്കുന്ന ഇരുവഞ്ഞിപ്പുഴയിലും നീരൊഴുക്ക് വര്‍ധിച്ചതോടെ പുഴകള്‍ കീഴടക്കാന്‍ ചെറുതോണികളുമായി കയാക്കിങ് കായികതാരങ്ങളും എത്തിത്തുടങ്ങി.
കര്‍ണാടക, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 12 അംഗ കയാക്കിങ് കായികതാരങ്ങള്‍ പുഴകളില്‍ വൈറ്റ് വാട്ടര്‍ കയാക്കിങ് പരിശീലനം ആരംഭിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള മദ്രാസ് ഫണ്ടൂള്സിലെ വൈറ്റ്വാട്ടര്‍ കയാക്കിങ് പരിശീലകന് പുണെ സ്വദേശി മാണിക്ക് തന്നേജയുടെ നേതൃത്വത്തിലാണ് കയാക്കിങ് പരിശീലനം ആരംഭിച്ചിട്ടുള്ളത്. കോഴിക്കോട് സ്വദേശികളായ രണ്ടു പേരും ആലപ്പുഴയില്‍ നിന്ന് ഒരാളും പരിശീലന സംഘത്തിലുണ്ട്. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നാലാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ഇന്റര്‍നാഷനല്‍ വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ് ജൂലൈ അവസാന വാരം ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കും.
ഇന്ത്യന്‍ കയാക്കര്‍മാരെ കൂടാതെ യുഎസ്, ചൈന, ഇറ്റലി, യുകെ, ജര്‍മനി, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സാഹസിക തുഴച്ചലിന് ഇത്തവണ എത്തുന്നുണ്ട്. തുഷാരഗിരി ഇക്കോ ടൂറിസം വനമേഖലയില്‍ വിപുലമായ ഒരുക്കങ്ങളാണ് വനം വകുപ്പു നടത്തിക്കൊണ്ടിരിക്കുന്നത്. ടൂറിസ്റ്റുകളെ വരവേല്‍ക്കാന്‍ പരിസ്ഥിതിക്ക് അനുയോജ്യമായ സ്വാഗത കമാനം, വെള്ളച്ചാട്ട പ്രദേശത്തേക്ക് നടപ്പാലം, ടൂറിസ്റ്റുകള്‍ക്കു കോണ്‍ക്രീറ്റില്‍ തീര്‍ത്ത ഇരിപ്പിടങ്ങള്‍, സുരക്ഷാ വേലികള്‍ തുടങ്ങിയവയെല്ലാം നിര്‍മിച്ചുകഴിഞ്ഞു. ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടര്‍, ക്ലോക്ക് റൂം,ശുചിമുറി തുടങ്ങിയവയുടെ നിര്‍മാണം നടന്നുവരുന്നു. വനം വകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ മഴയാത്രയും ആരംഭിക്കും.