കോര്‍പ്പറേഷനില്‍ കാര്യം സാധിക്കനായി ആരും ഒരു രൂപ പോലും കൊടുക്കരുതെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്. ആരെങ്കിലും പണം ആവശ്യപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ തീര്‍ച്ചയായും തന്നെ നേരിട്ട് ബോധ്യപ്പെടുത്താമെന്നും മേയര്‍ പറഞ്ഞു.
ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും, ജനങ്ങളോട് മുഖം തിരിഞ്ഞുള്ള സമീപനം ആരും സ്വീകരിക്കരുതെന്നും ഉദ്യോഗസ്ഥരോട് മേയര്‍ പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമപ്രകാരം ശരിയായ ഏതുകാര്യവും താന്‍ തന്നെ മുന്‍കൈയ്യെടുത്ത് നടത്തിതരുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. അതുപോലെ തന്നെ നിയമപരമല്ലാത്ത ഏതപേക്ഷയും ആദ്യപടിയില്‍ തന്നെ തള്ളിക്കളയാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാണത്തിനായി ഏതെങ്കിലും പ്ലാന്‍ വരച്ചു കൊണ്ടുവന്ന് അനുമതി വാങ്ങുന്നത് ഇനി നടക്കില്ല.ഉദ്യോഗസ്ഥതലത്തിലെ മാത്രമല്ല ഏതു തലത്തിലുള്ള അഴിമതിയും തടയുമെന്നും മേയര്‍ വ്യക്തമാക്കി. ജനങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാലിന്യ പ്രശ്നം പരിഹരിക്കാനാവും. വെസ്റ്റ്ഹില്‍ പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണ പ്ലാന്റ് തുറന്നുപ്രവര്‍ത്തിക്കുന്നതോടെ പ്ലാസ്റ്റിക്ക് മാലിന്യപ്രശ്നം ഒരു പരിധിവരെ പരിഹരിക്കാനാവും. കോര്പ്പറേഷന് ഓഫീസിനോടു ചേര്‍ന്നുള്ള ലഭ്യമായ ഒഴിഞ്ഞ സ്ഥലത്ത് പുതിയ കൗണ്‍സില്‍ ഹാള്‍ അടക്കം പണിയാന്‍ പദ്ധതിയുണ്ടെന്നും മേയര്‍ അറിയിച്ചു.