കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ മലാപ്പറമ്പ് സ്കൂള്‍ സര്‍ക്കാറിന് വിട്ടുകൊടുക്കില്ലെന്ന് മാനേജര്‍. വിപണി വില നല്കിയാലും മലാപ്പറമ്പ് സ്കൂള്‍ സര്‍ക്കാറിനു വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് സ്കൂള്‍ മാനേജര്‍. സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചാല്‍ നിയമപരമായി നേരിടുമെന്നും പി.കെ പത്മരാജന് വ്യക്തമാക്കി.
കോടതി ഉത്തരവു പ്രകാരം അടച്ചുപൂട്ടിയ മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സ്കൂള്‍ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് എന്തുവന്നാലും സ്കൂള്‍ സര്‍ക്കാറിനു വിട്ടുനല്‍കില്ല എന്ന നിലപാടുമായി മാനേജര്‍ രംഗത്തുവന്നിരിക്കുന്നത്.
വിപണി വില നല്കിയാല് സ്കൂള്‍ വിട്ടുനല്‍കാമെന്നുമായിരുന്നു നേരത്തെ മാനേജര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം നിലപാടില്‍ നിന്നും മാറി ജില്ലാ ഭരണകൂടം കണക്കാക്കിയ വില സ്വീകാര്യമല്ലെന്നാണ് പറയുന്നത്.
കലക്ട്രേറ്റിലെ എഞ്ചിനീയേഴ്സ് ഹാളില്‍ പ്രത്യേകം തയ്യാറാക്കിയ ക്ലാസ് മുറികളിലാണ് മലാപ്പറമ്പ് സ്കൂളിലെ കുട്ടികള്‍ ഇപ്പോള്‍ പഠനം നടത്തുന്നത്. 2016 ജനുവരി 18ലെ അടച്ചുപൂട്ടല്‍ ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ച് മാനേജര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണു സ്കൂള്‍ പൂട്ടാന്‍ കോടതി സര്‍ക്കാറിനു നിര്‍ദേശം നല്‍കിയത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് സ്കൂള്‍ അടച്ചുപൂട്ടണമെന്ന് ഉത്തരവ് നടപ്പിലാക്കാന്‍ കഴിയാതെയിരുന്നത്. സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഉറപ്പുനല്കിയതോടെ സ്കൂള്‍ സംരക്ഷണ സമിതി പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.