നാദാപുരം ഷിബിന്‍ വധക്കേസില്‍ ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണ് കോടതി നിലകൊണ്ടതെന്ന് ഷിബിന്റെ പിതാവ്. മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട കോടതി നടപടിയില്‍ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും പിതാവ് ഭാസ്കരന്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഭാസ്കരന് പറഞ്ഞു. കേസില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 17 പ്രതികളെ വെറുതെവിട്ട കോടതി നടപടിയ്ക്ക് പിന്നാലെയാണ് ഷിബിന്റെ പിതാവിന്റെ പ്രതികരണമെത്തിയത്. പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് ചൂണ്ടിക്കാട്ടി മാറാട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്.
2015 ജനുവരി 22ന് രാത്രി ഷിബിനെ വെട്ടിക്കൊലപ്പെടുത്തുകയും കൂടെയുള്ള ആറുപേരെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്.
തെയ്യമ്പാടി മീത്തലെ പുനച്ചിക്കണ്ടി ഇസ്മയില്‍ (28), സഹോദരന് മുനീര്‍ (30), താഴെകുനിയില്‍ കാളിയാറമ്പത്ത് അസ്ലം (20), വാരാങ്കി താഴെകുനി സിദ്ദീഖ് (30), കൊച്ചന്റവിട ജസീം (20), കടയംകോട്ടുമ്മല്‍ സമദ് (അബ്ദുസ്സമദ് 25), മനിയന്റവിട മുഹമ്മദ് അനീസ് (19), കളമുള്ളതാഴെകുനി ഷുഹൈബ് (20), മഠത്തില്‍ ഷുഹൈബ് (20), മൊട്ടേമ്മല്‍ നാസര്‍ (36), നാദാപുരം ചക്കോടത്തില്‍ മുസ്തഫ (മുത്തു25), എടാടില്‍ ഹസ്സന് (24), വില്യാപ്പള്ളി കണിയാണ്ടിപാലം രാമത്ത് യൂനസ് (36), നാദാപുരം കള്ളേരിന്റവിട ഷഫീഖ് (26), പന്തീരാങ്കാവ് പെരുമണ്ണ വെള്ളായിത്തോട് മഞ്ചപ്പാറേമ്മല്‍ ഇബ്രാഹിംകുട്ടി (54), വെണ്ണിയോട് കോട്ടത്തറ വൈശ്യന് വീട്ടില്‍ സൂപ്പി മുസ്ലിയാര് (52), വാണിമേല്‍ പൂവുള്ളതില്‍ അഹമ്മദ് ഹാജി (അമ്മദ്55) എന്നിവരാണ് പ്രതികള്‍.
ഒമ്പതാം പ്രതിക്കെതിരായ വിചാരണയാണ് കോഴിക്കോട് ജുവനൈല്‍ കോടതിയില്‍ നടക്കുക. ഒന്നുമുതല്‍ 11വരെയുള്ള പ്രതികള്‍ കൊലപാതക സംഘത്തിലുള്ളവരും 12 മുതല്‍ 17വരെ പ്രതികള്‍ കൊലയാളികളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചവരുമാണെന്നാണ് കേസ്. 66 സാക്ഷിമൊഴികളും 151 രേഖകളും 55 തൊണ്ടി മുതലുകളുമാണ് കേസിലുള്ളത്. രാഷ്ട്രീയ വിരോധത്താല്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ഷിബിനെ വധിക്കുകയും മറ്റ് ആറുപേരെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.