നാദാപുരം തൂണേരിയില്‍ സിപിഎം പ്രവര്ത്തകന് ഷിബിന്‍ വധക്കേസില്‍ പ്രതികളെ വെറുതെവിട്ട സാഹചര്യത്തില്‍ നാദാപുരത്തും തൂണേരിയിലും മറ്റു പരിസരപ്രദേശങ്ങളിലുമായി പോലീസ് പിക്കറ്റ് പോസ്റ്റുകള്‍ ഏര്‍പ്പെടുത്തി. സ്ഥലത്തെ സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് ആര്‍ആര്‍എഫ്, എംഎസ് പി എന്നീ വിഭാഗങ്ങളിലെ കൂടുതല്‍ പോലീസിനെ നാദാപുരത്ത് വിന്യസിച്ചിട്ടുണ്ട്. നിലവിലുള്ള പോലീസ് കണ്ട്രോള് യൂണിറ്റുകള്‍ക്കു പുറമെ നാല് മൊബൈല്‍ യൂണിറ്റുകളും നാല് ബൈക്ക് പട്രോളിങ്ങ് യൂണിറ്റുകളും സ്ഥലത്ത് ഉണ്ടാകും. പോലീസിന്റെ സര്വായുധസജ്ജമായ വജ്ര-207 വാഹനവും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ രംഗത്തുണ്ടാകും. നാദാപുരം മേഖല പൂര്‍ണ്ണമായും പോലീസ് നിയന്ത്രണത്തിലാണെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും എസ് പി കാര്‍ത്തിക് അറിയിച്ചു. നേരത്തെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സിപിഎം-ലീഗ് പ്രവര്‍ത്തകരുടെ പേരു വിവരങ്ങളും മറ്റും പോലീസ് അന്വേഷിക്കുന്നുണ്ട്.
