വാളകം സ്കൂൾ അധ്യാപകാക്രമണ കേസിൽ അധ്യാപകൻ കൃഷ്ണകുമാറിനെ സ്കൂൾ മാനേജർ കൂടിയായ ആർ ബാലകൃഷ്ണപിള്ള സസ്പെന്റ് ചെയ്യണമെന്ന ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. കൃഷ്ണകുമാറിന്റേത് വ്യാജ ബിരുദമാണെന്ന മാനേജുമെന്റിന്റെ വാദം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഡിഇഒ മാനേജുമെന്റിന് നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് മാനേജുമെന്റ് സസ്പെന്ഷന് പിന്‍വലിച്ചു. സസ്പെന്‍ഷനിലായിരുന്ന 15 ദിവസവും സര്‍വീസ് കാലയളവായി പരിഗണിക്കാന്‍ ഡി.ഇ.ഒ നിര്‍ദേശിച്ചു.
ഒറീസയിലെ ഉത്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കൃഷ്ണകുമാര്‍ നേടിയ ബിഎഡ് കേരളത്തില്‍ അംഗീകരിക്കില്ലെന്നാണ് സസ്പെന്ഷന് ഓര്‍ഡറില്‍ മാനെജ്മെന്റ് ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനം തെറ്റാണെന്ന് ഡി.ഇ.ഒ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മാനേജ്മെന്റ് തീരുമാനം പിന്‍വലിച്ചത്.
2011 സെപ്തംബര്‍ 27നാണ് അധ്യാപകനായ കൃഷ്ണകുമാര്‍ കൊട്ടാരക്കരക്ക് സമീപം വാളകത്ത് വച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ആര് ബാലകൃഷ്ണപിള്ളയുടെ ഗുണ്ടകളാണ് ആക്രമിച്ചതെന്ന് കൃഷ്ണകുമാറിന്റെ ഭാര്യയും അതേ സ്കൂളിലെ അധ്യാപികയുമായ കെ ആര് ഗീത അന്ന് തന്നെ ആരോപണമുയര്‍ത്തിയിരുന്നു. തുടര്‍ന്ന് ഗീതയെ സ്കൂളില്‍ നിന്നും മാനെജ്മെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവരെ പ്രധാന അധ്യാപികയായി തിരികെ എടുക്കണമെന്ന് കഴിഞ്ഞ മേയ് 12ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും അത് പാലിക്കാനും മാനെജ്മെന്റ് തയ്യാറായിട്ടില്ല. പിന്നാലെയാണ് കൃഷ്ണകുമാറിനെതിരെയും നടപടി ഉണ്ടായത്.
അധ്യാപകനായ കൃഷ്ണകുമാറിനെ ജൂണ്‍ രണ്ടിനാണ് സസ്പെന്‍ഡ് ചെയ്തത്. 2011ല്‍ കേരള കോണ്‍ഗ്രസ് ബി പ്രവര്ത്തകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിഇഒ കൃഷ്ണകുമാറിന്റെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് അന്വേഷണം നടത്തുകയും സര്‍ട്ടിഫിക്കറ്റിന് അംഗീകാരമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയായിരുന്നു കൃഷ്ണകുമാറിനെ സസ്പെന്റ് ചെയ്യാന്‍ ആര് ബാലകൃഷ്ണ പിള്ള തീരുമാനിച്ചത്. പിള്ള പ്രതികാര നടപടി തുടരുകയാണെന്ന് കാണിച്ച് കൃഷ്ണകുമാര്‍ ആരോപണം ഉന്നയിച്ചിരുന്നു. അദ്ധ്യാപകദമ്പതികളായ കൃഷ്ണകുമാറിനെയും ഗീതയെയും സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന് വിദ്യാഭ്യാസമന്ത്രിക്ക് കത്തയച്ചിരുന്നു.