കോഴിക്കോട് കൊടുവള്ളിയില്‍ പണമിടപാട് തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് വേഷമിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെക്കൂടി പോലീസ് അറസ്റ്റുചെയ്തു. ഒളിവിലായിരുന്ന മണ്ണില്‍കടവ് സ്വദേശി റഹീമാണ് പിടിയിലായത്. ഓമശ്ശേരി മാക്കില്‍ അബ്ദുല്‍ അസീസിനെ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് തട്ടിക്കൊണ്ടു പോയത്. 2014 ഫിബ്രവരി 10-നായിരുന്നു സംഭവം. മഞ്ചേരിയിലെ ക്വാര്‍ട്ടേഴ്സ്, കൊടുവള്ളി മോഡേണ്‍ ബസാറിലെ ആളൊഴിഞ്ഞ വീട്, നെല്ലാങ്കണ്ടിയിലെ പുഴയോരം എന്നിവിടങ്ങളില്‍ കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ഇവരുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട അബ്ദുല്‍അസീസ് കൊടുവള്ളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൊടുവള്ളി സി.ഐ. എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. റഹീമിനെ വെള്ളിയാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.
