പെരുന്നാള്‍ സമയത്ത് നാട്ടിലേക്ക് വരാനിരിക്കുന്ന പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍. നോമ്പ് കാലമായതിനാല്‍ നാട്ടിലേക്ക് വരാനിരിക്കെ വിമാനക്കമ്പനികള്‍ ടിക്കറ്റ് വില കുത്തനെ കൂട്ടി. നിലവിലെ നിരക്കിന്റെ നാലിരട്ടിയോളം വരെ വര്‍ധനയാണ് എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കില്‍ ഉണ്ടായിരിക്കുന്നത്.
ടിക്കറ്റ് നിരക്ക് കൂട്ടുന്നതില്‍ എയര്‍ ഇന്ത്യയും സ്വകാര്യവിമാനക്കമ്പനികളും മത്സരിക്കുകയാണ്. 20,000 മുതല്‍ 32,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ദുബായില്‍ നിന്ന് കോഴിക്കോടേക്ക് നിലവില്‍ 12,000 രൂപയാണ് എയര്‍ ഇന്ത്യയുടെ നിരക്കെങ്കില്‍ ചെറിയ പെരുന്നാളിനോട് അടുത്ത ദിവസങ്ങളില്‍ നിരക്ക് 32,000 രൂപ വരെയാണ്. ദുബായില്‍ നിന്ന് കൊച്ചിക്കുള്ള യാത്രാ നിരക്ക് 13,000 രൂപയില്‍ നിന്ന് 31,000 രൂപയായും കൂട്ടിയിട്ടുണ്ട്. ഇക്കോണമി ക്ലാസിലും വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇരുപതിനായിരം രൂപ വരെയാണ് ഇക്കോണമി ക്ലാസിലെ വര്‍ധന. കുവൈത്ത്, ദോഹ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്കുകളിലും കാര്യമായ വര്‍ധനയുണ്ട്. വരുംദിവസങ്ങളില്‍ ടിക്കറ്റിന് ആവശ്യക്കാര്‍ കൂടുമെന്നതിനാല്‍ നിരക്കില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്.
എയര്‍ ഇന്ത്യയെ കൂടാതെ ഇത്തിഹാദ്, ജെറ്റ് എയര്‍വെയ്സ്, എമിറേറ്റ്സ് തുടങ്ങിയ വിമാനക്കമ്പനികളും നിരക്ക് കൂട്ടിയിട്ടുണ്ട്. പെരുന്നാളിനൊപ്പം ഗള്‍ഫില്‍ സ്കൂള്‍ അവധിയാകുമെന്നതിനാല്‍ കുടുംബസമേതം നാട്ടിലെത്താനൊരുങ്ങുന്നവര്ക്ക് വന്‍പ്രഹരമാണ് വിമാനകമ്പനികള്‍ ഏല്പ്പിചിചിരിക്കുന്നത്.